മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്‍ലിം വനിതാ ഐ.എ.എസ് ഓഫിസറായി റിക്ഷാ ഡ്രൈവറുടെ മകൾ അദീബ അനം

മുംബൈ: ഉയർന്ന കർഷക ആത്മഹത്യാ നിരക്കിന് കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ വരണ്ടതും വരൾച്ചബാധിതവുമായ യവത്മാൽ ജില്ലക്ക് ഇപ്പോൾ ആഘോഷിക്കാൻ ഒരു കാരണമുണ്ട്. അവിടെയുള്ള ഒരു റിക്ഷാ ഡ്രൈവറുടെ മകൾ 2024 ലെ യു.പി.എസ്‌.സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 142ാം റാങ്ക് നേടി അസാധാരണമായ നേട്ടം കൈവരിച്ചിരിക്കുന്നു. അദീബ അനം എന്നാണ് ഈ മിടുക്കിയുടെ പേര്. ഇതോടെ, തന്റെ സംസ്ഥാനത്തുനിന്ന് അഭിമാനകരമായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുന്ന ആദ്യത്തെ മുസ്‍ലിം വനിതയായി അദീബ മാറി.

ഒരു സാധാരണ കുടുംബത്തിൽ വളർന്ന അദീബയുടെ കഥ ദൃഢനിശ്ചയത്തി​ന്‍റെതും ലക്ഷ്യബോധത്തിന്‍റേതുമാണ്. സാഹചര്യങ്ങൾ കാരണം പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നതിനാൽ പിതാവ് അഷ്ഫാഖ് ഷെയ്ഖിന് ആഗ്രഹിച്ച വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. തന്റെ മകൾക്കും അതേ വിധി നേരിടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. പഠനത്തിൽ മിടുക്കിയായ അദീബക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പ്രോത്സാഹനവും അദ്ദേഹം നൽകി.

വളരെ താഴ്ന്ന സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നാണ് താൻ വരുന്നതെന്ന് അദീബ പറയുന്നു. ‘ഒരു ഓട്ടോ ഡ്രൈവർ ആയതിനാൽ എന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത് പിതാവിന് ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ആ കുറവ് തന്റെ കുട്ടികളെ ബാധിക്കാൻ അനുവദിച്ചില്ല. യാത്ര കഠിനമായിരുന്നു. പക്ഷേ, മാതാപിതാക്കളുടെ പിന്തുണ തടസ്സങ്ങൾ നീക്കിക്കൊണ്ടിരുന്നു. പെൺകുട്ടികൾ ഉന്നത പഠനം നടത്തുന്നതിനെ സമൂഹം എതിർത്തിരുന്നു. അതൊന്നും ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആയിരുന്നു പിതാവ് എന്നോട് പറഞ്ഞത്. മാതാപിതാക്കൾ ഒരിക്കലും സമൂഹത്തിന്റെ സമ്മർദ്ദം എന്നെ സ്പർശിക്കാൻ പോലും അനുവദിച്ചില്ല’- അവർ പറഞ്ഞു.

എസ്.എസ്.സിയിൽ 94ശതമാനവും എച്ച്.എസ്.സിയിൽ (സയൻസ്) 92.46ശതമാനവും നേടിയ ഈ മിടുക്കി ജില്ലാ പരിഷത്ത് ഉറുദു സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ഡോക്ടറാകണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നെങ്കിലും, മാതൃസഹോദരനായ ജാൻ നിസാമുദ്ദീൻ അവളെ സിവിൽ സർവീസിലേക്ക് നയിച്ചു. സമൂഹത്തിൽ വിശാലമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിച്ച അദ്ദേഹം അവളെ വൈകാരികമായും സാമ്പത്തികമായും പിന്തുണച്ച് ആ യാത്രയിൽ ഒരു നെടുംതൂണായി മാറി.

പൂണെയിലെ അബേദ ഇനാംദാർ കോളജിൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദിബ, നെറ്റ് പരീക്ഷ പാസായെങ്കിലും അക്കാദമിക് മേഖലയിലേക്ക് പോകാതെ യു.പി.എസ്‌.സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. പ്രത്യേകിച്ച് കോവിഡ് സമയത്ത്, അവളുടെ ആദ്യകാല ശ്രമങ്ങൾ പോരാട്ടങ്ങളാൽ നിറഞ്ഞതായിരുന്നു. ആദ്യ ശ്രമങ്ങളിൽ അന്തിമ പട്ടികയിൽ ഇടം ലഭിച്ചില്ല. പിൻമാറാൻ വിസമ്മതിച്ച അവൾ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‍ലാമിയയിലെ റെസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിൽ ചേർന്നു.

ഒടുവിൽ ജയം തേടി​യെത്തി. സയൻസ് പശ്ചാത്തലമുണ്ടായിട്ടും ഉറുദു സാഹിത്യം ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്ത് അവൾ ത​ന്‍റെ അക്കാദമിക് വൈദഗ്ധ്യവും ആഴത്തിലുള്ള സാംസ്കാരിക വേരുകളും പ്രകടിപ്പിച്ചു. ഇന്ന് അദീബയുടെ വിജയം അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രതീക്ഷയുടെ ദീപസ്തംഭമാണ്. പിന്നിൽ നിൽക്കാൻ പറയുന്ന ഓരോ പെൺകുട്ടിക്കും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും അവൾ തെളിയിക്കുന്നു.

Tags:    
News Summary - Adibah Anam, rickshaw driver’s daughter, becomes Maharashtra’s first Muslim woman IAS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.