തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി സി.ബി.എസ്.ഇ നടപ്പാക്കുന്ന ‘സ്റ്റെം’ വിദ്യാഭ്യാസ സമീപനത്തിന്റെ ഭാഗമായി അധ്യാപകർക്ക് നിർബന്ധിത പരിശീലനം നടപ്പാക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നിവയെ ഏകീകൃത പഠന ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കുന്ന ഇന്റർ ഡിസിപ്ലിനറി സമീപനമാണ് സ്റ്റെം. ഇതിന്റെ ഭാഗമായാണ് സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ സ്കൂളുകളിലെയും അധ്യാപകരും വർഷത്തിൽ 50 മണിക്കൂർ നിർബന്ധിത പരിശീലനത്തിന് (കണ്ടിനസ് പ്രഫഷനൽ ഡെവലപ്മെന്റ്) വിധേയമാകണമെന്ന് സി.ബി.എസ്.ഇ വിജ്ഞാപനമിറക്കിയത്.
ഇതിൽ 25 മണിക്കൂർ സി.ബി.എസ്.ഇ/ സർക്കാർ റീജനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയും 25 മണിക്കൂർ സ്കൂൾ കോംപ്ലക്സ് കേന്ദ്രീകരിച്ചുമായിരിക്കണം. 12 മണിക്കൂർ മൂല്യങ്ങളും ധാർമികതയും സംബന്ധിച്ചും 24 മണിക്കൂർ അറിവും പ്രയോഗവും 14 മണിക്കൂർ പ്രഫഷനൽ വളർച്ചയും വികസനവും എന്നീ വിഷയങ്ങളിലായിരിക്കണം പരിശീലനം. ക്ലാസ് മുറി പരിശീലനത്തിൽ അനുഭവപരവും അന്വേഷണാധിഷ്ഠിതവും അന്തർവൈജ്ഞാനികവുമായ സമീപനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് അധ്യാപകരെ ശാക്തീകരിക്കുകയാണ് പരിശീലനം ഊന്നൽ നൽകുന്നതെന്നും സി.ബി.എസ്.ഇ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.