സാധ്യതകള്‍ തുറന്ന് ഗേറ്റ്

സാങ്കേതികരംഗത്ത് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വഴിതുറക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന് (ഗേറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി) ബാംഗ്ളൂര്‍, ബോംബെ ഐ.ഐ.ടി, ഡല്‍ഹി ഐ.ഐ.ടി, ഗുവാഹതി ഐ.ഐ.ടി, കാണ്‍പുര്‍ ഐ.ഐ.ടി, ഖരഗ്പുര്‍ ഐ.ഐ.ടി, മദ്രാസ് ഐ.ഐ.ടി, റൂര്‍ക്കി ഐ.ഐ.ടി എന്നിവ സംയുക്തമായാണ് ഗേറ്റ് നടത്തുക. ഗേറ്റ് 2016ന്‍െറ ചുമതല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ളൂരിനാണ്.
 മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ സ്കോളര്‍ഷിപ്പോടെ എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍കിടെക്ചര്‍, സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടാനും പൊതു-സ്വകാര്യ കമ്പനികളില്‍ ജോലി നേടാനും ഗേറ്റ് യോഗ്യത പരിഗണിക്കും.

ജനുവരി 30നും ഫെബ്രുവരി ഏഴിനും ഇടയിലുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷ നടക്കുക. സെപ്റ്റംബര്‍ ഒന്നു മുതലാണ്  അപേക്ഷിക്കേണ്ടത്.

യോഗ്യത: എന്‍ജിനീയറിങ്, ടെക്നോളജി ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ആര്‍കിടെക്ചറില്‍ അഞ്ചുവര്‍ഷത്തെ ബിരുദം. സയന്‍സ് വിഷയങ്ങളില്‍ നാലു വര്‍ഷത്തെ ബിരുദം. മാത്സ്, സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്  വിഷയത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും ഇന്‍റഗ്രേറ്റഡ് ബി.എസ്സി, അല്ളെങ്കില്‍ എം.എസ്സിയുള്ളവര്‍ക്കും അപേക്ഷിക്കാം.

പരീക്ഷാ രീതി: 23 പേപ്പറുകളിലെ ചോദ്യങ്ങളാണുണ്ടാവുക. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക. മള്‍ട്ടിപ്പ്ള്‍ ചോയ്സ് ക്വസ്റ്റ്യനുകള്‍ കൂടാതെ കണക്കിലെ ചോദ്യങ്ങളുമുണ്ടാകും.
മാറ്റങ്ങള്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷകളില്‍നിന്ന് ചില മാറ്റങ്ങള്‍ ഇത്തവണയുണ്ട്. ഓണ്‍ലൈനില്‍തന്നെ ഇത്തവണ കാല്‍ക്കുലേറ്റര്‍ ലഭ്യമാകും. മറ്റ് കാല്‍ക്കുലേറ്ററുകള്‍ അനുവദിക്കില്ല. ഗേറ്റ് 2016 എന്ന വെബ്സൈറ്റില്‍ കാല്‍ക്കുലേറ്റര്‍ ലഭിക്കും. ഇതില്‍ പരിശീലിക്കാവുന്നതാണ്. പെട്രോളിയം എന്‍ജിനീയറിങ് എന്ന പേപ്പര്‍കൂടി ഇത്തവണ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷക്കുശേഷം ഉത്തരസൂചിക ലഭിക്കും. ഉത്തരസൂചികയിലെ സാധ്യതകള്‍ കാണിക്കാവുന്നതാണ്. ഇതിന് പണമടക്കേണ്ടിവരും.
www.gate.iisc.ernet.inല്‍ സിലബസ് ലഭ്യമാകും.
പരീക്ഷാകേന്ദ്രം: പരീക്ഷ എഴുതാന്‍ രണ്ടു കേന്ദ്രം തെരഞ്ഞെടുക്കാം. ഒരു ഐ.ഐ.ടിക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
അപേക്ഷിക്കേണ്ട വിധം: 1500 രൂപയാണ് ഫീസ്. സ്ത്രീകളും സംവരണ വിഭാഗവും 750 രൂപ അടച്ചാല്‍ മതി. ഓണ്‍ലൈനായോ ഇ^ചെലാന്‍ വഴിയോ ഫീസ് അടക്കാം.
appsgate.iisc.ernet.inല്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ ഒന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.