ഭോപാൽ: അഭിമാനത്തിന്റെ പ്രതീകമായാണ് പലരും കാക്കി നിറത്തിലുള്ള പൊലീസ് യൂനിഫോമിനെ കാണുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് മധ്യപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ ബാഹുല്യമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. 7500 കോൺസ്റ്റബിൾമാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പിഎച്ച്.ഡിക്കാരടക്കം 9.76 ലക്ഷം പേരാണ് അപേക്ഷിച്ചത്. അതായത് 13000 പേരാണ് ഒരു ഒഴിവിലേക്ക് മത്സരിക്കുന്നത് എന്നർഥം.
10ാം ക്ലാസ് പാസാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. അപേക്ഷ അയച്ചവരിൽ പിഎച്ച്.ഡിക്കാരും എൻജിനീയറിങ് എൻജിനീയർമാരും ഡിപ്ലോമക്കാരുമുണ്ട്. സെപ്റ്റംബർ 15മുതൽ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. സെപ്റ്റംബർ 29 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷകരുടെ എണ്ണത്തിലുള്ള ബാഹുല്യം കണക്കിലെടുത്ത് അപേക്ഷാ തീയതി ഒക്ടോബർ ആറുവരെ നീട്ടിയിട്ടുണ്ട്.
ഒക്ടോബർ 30നാണ് പരീക്ഷ തുടങ്ങുക. മധ്യപ്രദേശ് പൊലീസാണ് ശാരീരിക പരിശോധന നടത്തുക. അടുത്ത വർഷം ജൂണോടെ നിയമനനടപടികളും തുടങ്ങും. ഓൺലൈൻ പരീക്ഷയാണ് നടത്തുക. മധ്യപ്രദേശ്, ഭോപാൽ, ഇൻഡോർ, ജബൽപൂർ, ഖന്ദ്‍വ, നീമുച്, രേവ, രത്‍ലം, സാഗർ, സത്ന, സിദ്ധി, ഉെജ്ജയ്ൻ തുടങ്ങി 11 ഇടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കുക.
9.76 ലക്ഷം അപേക്ഷകരിൽ 42 പിഎച്ച്.ഡിക്കാരാണുള്ളത്. 12000 എൻജിനീയർമാരും. 19,500 -62,000 ആണ് ശമ്പളനിരക്ക്.
വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവാക്കൾ തൊഴിൽ രഹിതരാണെന്നാണ് അപേക്ഷകരുടെ കണക്ക് സൂചിപ്പിക്കുന്നത്. കാക്കിയണിയാനുള്ള ആഗ്രഹമുള്ള ജീവിതം ഭദ്രമാക്കാനുള്ള ആഗ്രഹമാണ് ഇവരിൽ പലരുടെയും ഉള്ളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.