കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 731

കേന്ദ്രസർക്കാറിന് കീഴിലെ വിവിധ വകുപ്പുകൾ/മന്ത്രാലയങ്ങൾ/ഓഫിസുകളിലേക്കും മറ്റും ഗ്രേഡ് ‘സി, ഡി’ സ്റ്റെനോഗ്രാഫർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ ഓൺലൈനിൽ മേയ് 15 രാത്രി 11 മണിവരെ അപേക്ഷ സ്വീകരിക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ/ആഗസ്റ്റിലുണ്ടാവും. ഗ്രൂപ് ബി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ആകെ ഒഴിവുകൾ 731. പട്ടികജാതി/വർഗം, ഒ.ബി.സി-എൻ.സി.എൽ, ഇ.ഡബ്ല്യു.എസ്, വിമുക്ത ഭടന്മാർ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത: ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 2026 ആഗസ്റ്റ് ഒന്നിന് മുമ്പ് പാസായിരിക്കണം.

പ്രായപരിധി ഗ്രേഡ് സി സ്റ്റെനോഗ്രാഫർ തസ്തികക്ക് 18-30 വയസ്സ്. ഗ്രേഡ് ഡി സ്റ്റെനോഗ്രാഫർ തസ്തികക്ക് 18-27 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും 35 വയസ്സുവരെയും കേന്ദ്രസർക്കാർ ജീവനക്കാർക്ക് 40 വയസ്സുവരെയുമാകാം.

അപേക്ഷാ ഫീസ്-100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. ഫീസ് മേയ് 16 വരെ അടക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷൻ: രണ്ടുമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്ൾ മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാവും. പരമാവധി മാർക്ക് 200. ഉത്തരം തെറ്റിയാൽ കാൽ മാർക്ക് വീതം കുറക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോട്ടയം, കണ്ണൂർ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

Tags:    
News Summary - Stenographer in Central Service; 731 vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.