ടെക്സാസ്: ലോകത്തിന്റെ മുൻനിര ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, യുട്യൂബ്, ക്രൂയിസ് എന്നിവിടങ്ങളിൽ ജോലി. വർഷം 4.2 കോടി രൂപ (4.5 ലക്ഷം ഡോളർ) ശമ്പളം. എന്നാൽ, 14 വർഷമായി തുടരുന്ന ജോലി ഉപേക്ഷിക്കാനായിരുന്നു 35കാരനായ സലാഹുദ്ദീൻ അബ്ദുൽ കാഫിയുടെ തീരുമാനം. ടെക് മേഖലയിലെ ജോലിയോടുള്ള മടുപ്പും ജീവിതത്തിന് തന്നെ അർഥമില്ലെന്ന തോന്നലുമാണ് സലാഹുദ്ദീനെ ആ തീരുമാനത്തിലെത്തിച്ചത്.
ജോലിവിട്ടതോടെ സലാഹുദ്ദീൻ സാൻഫ്രാൻസിസ്കോയും വിട്ടു. തുടർന്ന് ഒരു നോൺ പ്രോഫിറ്റ് റിലീജ്യസ് സംഘടനയിൽ പ്രവർത്തിച്ചു. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കായി അത്താഴവിരുന്ന് ഒരുക്കുകയും പാചകം ചെയ്യുകയും ചെയ്തു. ബാർബിക്യുവായിരുന്നു സലാഹുദ്ദീന്റെ സ്പെഷൽ വിഭവം. സുഹൃത്തുക്കളിൽനിന്ന് വൻ അഭിപ്രായം കേട്ടതോടെ എന്തുകൊണ്ട് ടെക്സാസിൽ അതിനായി ഒരു റസ്റ്ററന്റ് തുറന്നുകൂടാ എന്ന ആശയം സലാഹുദ്ദീന്റെ മനസ്സിൽ ഉദിച്ചു. ടെക്സാസിൽ ബാർബിക്യൂവിന് മാത്രമായി ഒരു റസ്റ്ററന്റ് ഇല്ലായിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസവും.
തുടർന്ന് രണ്ടുവർഷം മുമ്പ് 2024 ഡിസംബറിൽ റസ്റ്ററന്റ് തുറന്നു. ഉദ്ഘാടന ദിവസംതന്നെ വിഭവങ്ങൾ തയാറാക്കിയതിന് പിന്നാലെ അത് മുഴുവൻ വിറ്റുതീർന്നു. അത് ആത്മവിശ്വാസം വളർത്തി -സലാഹുദ്ദീൻ പറയുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ ടെക്സാസിലെ മുൻനിര റസ്റ്ററന്റുകളിലൊന്നായി ഈ സംരംഭം മാറി. ആദ്യവർഷം 21.7 കോടി രൂപ വരുമാനം നേടി. ഈ വർഷം 37.8 കോടി രൂപ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും സലാഹുദ്ദീൻ പറയുന്നു.
ബിസിനസിൽനിന്ന് വൻ വരുമാനം നേടുന്നുണ്ടെങ്കിലും ഇതുവരെ ബിസിനസിൽ നിന്ന് ഒരു ഡോളർ പോലും ശമ്പളമായി എടുത്തിട്ടില്ലെന്ന് സലാഹുദ്ദീൻ അബ്ദുൽ കാഫി പറയുന്നു. നിക്ഷേപം തിരിച്ചുപിടിക്കാനും ബിസിനസ് വികസിപ്പിക്കാനുമായി ലാഭം മുഴുവൻ വീണ്ടും സ്ഥാപനത്തിലേക്ക് നിക്ഷേപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസ പ്രവർത്തന ചെലവ് ഏകദേശം 2.15 ലക്ഷം ഡോളറിലധികമാണെന്നും, ഭക്ഷ്യവസ്തുക്കൾ, ജീവനക്കാരുടെ ശമ്പളം, വാടക, മാർക്കറ്റിങ് എന്നിവയാണ് പ്രധാന ചെലവുകളെന്നും അദ്ദേഹം പറഞ്ഞു.
ടെക് ജോലിയിൽ ലാഭം മാത്രമായിരുന്നു ലക്ഷ്യം. ഉയർന്ന ശമ്പളം എന്നതിനേക്കാൾ ഉപരി മറ്റൊന്നും അവിടെനിന്ന് ലഭിച്ചിരുന്നില്ല. ആളുകളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും അതിനാലാണ് റസ്റ്ററന്റിലേക്ക് കടന്നതെന്നും സലാഹുദ്ദീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.