പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടലും ചർച്ചയാകുന്നതിനിടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ അടുത്ത മൂന്ന് വർഷം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. അടുത്ത വർഷങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയായി ടൂറിസം, ഹോസ്പിറ്റാലിറ്റി മാറുമെന്ന് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്കിൽ കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
2028ഓടെ 30 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ സൃഷ്ടിക്കപ്പെടുക. ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ വളർച്ച, ഹോട്ടൽ, റസ്റ്ററന്റ് മേഖലയിലെ വികസനം, പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയാണ് തൊഴിൽ വർധനക്ക് പ്രധാന കാരണം.
2024ൽ 1.18 കോടി തൊഴിലാളികളുണ്ടായിരുന്ന മേഖലയിൽ 2028ഓടെ തൊഴിലാളികളുടെ എണ്ണം 1.48 കോടിയായി ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. പുതിയ തൊഴിലവസരങ്ങളിൽ ഏകദേശം 93 ശതമാനവും ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫേകൾ, റിസോർട്ടുകൾ, ഭക്ഷ്യസേവന സ്ഥാപനങ്ങൾ എന്നിവയിലായിരിക്കും.
പുതിയ തൊഴിലവസരങ്ങളിൽ 11ലക്ഷം വിദഗ്ധരെ (സ്കിൽഡ് ജോലികൾ) ആവശ്യമായ ജോലികളാകും. 11 ലക്ഷം പേർക്ക് അർധനൈപുണ്യ (സെമി സ്കിൽഡ്) ജോലികളും, എട്ട് ലക്ഷം പേർക്ക് എൻട്രി ലെവൽ ജോലികളുമാണ് ലഭിക്കുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അസിസ്റ്റന്റ് ഷെഫ്, ബാങ്ക്വറ്റ് മാനേജർ, ബാരിസ്റ്റ എക്സിക്യൂട്ടീവുകൾ, ഡിജിറ്റൽ മാർക്കറ്റിങ്, റവന്യൂ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിലാളികളുടെ ആവശ്യകത വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവയാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും തൊഴിലവസരങ്ങൾ ഗണ്യമായി വർധിക്കും. 2022 -28 കാലയളവിൽ ഈ മേഖലയുടെ ശരാശരി വാർഷിക മൊത്തം മൂല്യവർധന 5.9 ശതമാനമാകുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.