ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെ

‘ആദ്യം കോഡിങ് ഇല്ലാതാകും, പിന്നീട് സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങും’; എ.ഐയെക്കുറിച്ച് ആന്ത്രോപിക് സി.ഇ.ഒയുടെ മുന്നറിയിപ്പ്

സാൻ ഫ്രാൻസിസ്കോ: കൃത്രിമബുദ്ധിയുടെ അതിവേഗ വളർച്ച സോഫ്റ്റ്‌വെയർ മേഖലയെ അടിസ്ഥാനപരമായി മാറ്റിമറിക്കുമെന്ന മുന്നറിയിപ്പുമായി എ.ഐ കമ്പനിയായ ആ​ന്ത്രോപികിന്റെ സി.ഇ.ഒ ഡാരിയോ അമോഡെ. ‘അടുത്തുതന്നെ ആദ്യം കോഡിങ് ഇല്ലാതാകും, പിന്നീട് സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയും വലിയ മാറ്റത്തിന് വിധേയമാകും’ -അദ്ദേഹം പറഞ്ഞു. സംരംഭകനായ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോഡ് എഴുതുക എന്നത് സോഫ്റ്റ്‌വെയർ വികസനത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും എ.ഐ കൂടുതൽ കഴിവ് നേടിയാൽ കോഡ് എഴുതുന്ന ജോലികൾ അവ ഏറ്റെടുക്കുമെന്നും ഡാരിയോ അമോഡെ പറഞ്ഞു. എന്നാൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, മികച്ച ഉൽപ്പന്നങ്ങൾ രൂപകൽപന ചെയ്യുക, എ.ഐ സംവിധാനങ്ങളെ നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നീ മനുഷ്യരുടെ കഴിവുകൾക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ഇടപെടലുകളിൽ ശ്ര​ദ്ധ കേന്ദ്രീകരിച്ചുള്ള തൊഴിലുകളുടെ പ്രധാന്യവും അദ്ദേഹം എടുത്തുകാണിച്ചു. എ.ഐ ലോകത്ത് വിമർശനാത്മക ചിന്ത ഏറ്റവും മൂല്യവത്തായ കഴിവുകളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ.ഐ മനുഷ്യരെ ബുദ്ധിശൂന്യരാക്കുമോ എന്ന ചോദ്യത്തിന് അതിന്റെ ഉപയോഗരീതിയാണ് നിർണായകമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘എ.ഐ അശ്രദ്ധമായി ഉപയോഗിച്ചാൽ ആളുകൾക്ക് ചില കഴിവുകൾ നഷ്ടപ്പെടാം. എന്നാൽ പഠനത്തിനും ചിന്താശേഷി വികസിപ്പിക്കുന്നതിനുമുള്ള സഹായിയായി ഉപയോഗിച്ചാൽ അത് വലിയ നേട്ടമാകും’ - അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർഥികൾ ഹോംവർക്കുകളും അസൈൻമെന്റുകളും എ.ഐ ഉപയോഗിച്ച് ചെയ്യുന്നത് പഠനപ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നും ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകി. സ്വയം പഠിക്കുന്നതിന് പകരം എ.ഐയെ ആശ്രയിക്കുന്നത് അടിസ്ഥാനപരമായ അറിവും പ്രശ്നപരിഹാരശേഷിയും കുറക്കാൻ ഇടയാക്കും. എ.ഐ കോഡിങ്ങിന്റെ അമിത ഉപയോഗം ചില ഡെവലപ്പർമാരിൽ ‘ഡി-സ്കില്ലിങ്’ ഉണ്ടാക്കുന്നതായി ആന്ത്രോപിക്കിന്റെ ആഭ്യന്തര പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

Tags:    
News Summary - Coding Going Away First,Then Software Engineering Anthropic CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.