എ.ഐ ഉപയോഗിച്ച് ഒരാൾക്ക് 10 പേരുടെ ജോലി ചെയ്യാം; തൊഴിൽമേഖലയിൽ വലിയ മാറ്റം വരുമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. കംപ്യൂട്ടറിൽ ചെയ്യുന്ന ജോലികളിൽ എ.ഐയുടെ സഹായത്തോടെ ഒരാൾക്ക് 10 പേരുടെ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

"കംപ്യൂട്ടറിൽ ചെയ്യുന്ന ഏത് ജോലിയിലും ഈ സാധ്യത ഇപ്പോഴുണ്ട്. എ.ഐ ഉപയോഗിക്കുന്ന മിടുക്കനായ ഒരാൾക്ക് 10 പേരുടെ ജോലി ചെയ്യാൻ കഴിയും. ഈ അപകടസാധ്യത കൂടുതൽ യാഥാർഥ്യമാവുകയാണ്,” ശ്രീധർ വെമ്പു എക്‌സിൽ കുറിച്ചു.

എന്നാൽ എ.ഐയുടെ വരവ് കംപ്യൂട്ടർ അധിഷ്ഠിത ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 90 ശതമാനം ആളുകൾക്കും തൊഴിൽ നഷ്ടപ്പെടുമെന്നല്ല അർഥമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരെയും ഡിജിറ്റൽ മാർക്കറ്റർമാരെയും നിയമിക്കാൻ കഴിയാത്ത വ്യവസായങ്ങൾക്ക് എ.ഐയുടെ സഹായത്തോടെ ഭാവിയിൽ ഇവരെ നിയമിക്കാൻ സാധിച്ചേക്കുമെന്നും വെമ്പു പറഞ്ഞു.

എ.ഐയുടെ സ്വാധീനം സമ്പദ്‌വ്യവസ്ഥയിലാകെ ഒരു പുനഃക്രമീകരണത്തിന് കാരണമാകുമെന്നാണ് വെമ്പുവിന്റെ വിലയിരുത്തൽ. എന്നാൽ ഈ മാറ്റം എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇതിലൂടെ കടന്നുപോകുമ്പോൾ വേദനാജനകമായിരിക്കും. ഇത് വരുമെന്ന് അംഗീകരിച്ച് അതിനായി തയ്യാറെടുക്കുക മാത്രമാണ് ചെയ്യാനാകുക,” അദ്ദേഹം പറഞ്ഞു.

എ.ഐയുടെ സഹായത്തോടെ സമീപഭാവിയിൽ ഉൽപ്പാദനക്ഷമതയിൽ 10 മടങ്ങ് മുതൽ 100 മടങ്ങ് വരെ വർധനയുണ്ടാകുമെന്നും വെമ്പു നേരത്തെ പ്രവചിച്ചിരുന്നു. എ.ഐയുടെയും ഓട്ടോമേഷന്റെയും വളർച്ചക്കിടെ സോഹോയിലും ആഭ്യന്തര തലത്തിൽ മാറ്റങ്ങൾ നടക്കുകയാണ്. സെർവർ മെമ്മറിയുടെയും എ.ഐയുടെയും ചെലവ് ഉയർന്നത് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് വെമ്പു നേരത്തെ പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായി ഈ വർഷത്തെ ശമ്പള വർധന നൽകാനാകില്ലെന്ന് ജീവനക്കാരെ അറിയിച്ചതായും കമ്പനി അപ്രൈസൽ നടപടികൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാനാണ് സോഹോ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐയുടെ വളർച്ച തൊഴിൽരംഗത്തെ മാറ്റുമെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരിൽ വെമ്പു മാത്രമല്ല. ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളും എ.ഐ കാലഘട്ടത്തിനനുസരിച്ച് സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ ജോലിരീതികളിൽ മാറ്റം കൊണ്ടുവരുന്നുണ്ട്. ഗെയിമിങ് മേഖലയിലെ എപിക് ഗെയിംസ് ഉൾപ്പെടെയുള്ള കമ്പനികളും ജീവനക്കാരോട് എ.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Tags:    
News Summary - One Person Can Do the Work of 10 People Using AI; Major Changes Ahead in the Job Market, Says Zoho Founder Sridhar Vembu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.