നീറ്റ് പിജി 2026: ടോപ്പർമാരുടെ ഇഷ്ടം മാറുന്നതെന്തുകൊണ്ട്? റേഡിയോളജിയെ പിന്തള്ളി ജനറൽ മെഡിസിൻ മുന്നിൽ
നീറ്റ് പിജി കൗൺസിലിങ്ങിൽ ടോപ്പർമാരുടെ മുൻഗണനയിൽ പ്രകടമായ മാറ്റം. വർഷങ്ങളായി ഒന്നാമതുണ്ടായിരുന്ന റേഡിയോളജിയെ മറികടന്ന് ജനറൽ മെഡിസിൻ ഒന്നാമതെത്തി. 2026ലെ ആദ്യ റൗണ്ട് അലോട്ട്മെന്റിൽ ആദ്യ 100 റാങ്കുകാരിൽ 51 പേരും തെരഞ്ഞെടുത്തത് ജനറൽ മെഡിസിനാണ്. 28 പേർ റേഡിയോ ഡയഗ്നോസിസ് തെരഞ്ഞെടുത്തപ്പോൾ നാല് പേർക്ക് അലോട്ട്മെന്റ് ലഭിച്ചില്ല. ഇത് പെട്ടെന്നുണ്ടായ മാറ്റമല്ല. മറിച്ച് 2025ൽ 46 പേർ മെഡിസിനും 40 പേർ റേഡിയോളജിക്കും പോയപ്പോൾ 2024ൽ 48ന് 45 എന്ന നിലയിലായിരുന്നു. ഇത്തവണ വിടവ് കൂടുതൽ വലുതായി.
മെഡിസിനെ ഒരു ചവിട്ടുപടിയായി കാണുന്നതാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം. എംഡി ജനറൽ മെഡിസിൻ ഒരു അവസാനമല്ല, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റികളിലേക്കുള്ള വാതിലായാണ് കണക്കാക്കപ്പെടുന്നത്. സർ ഗംഗാ റാം ആശുപത്രിയിലെ ഡോ. അവിരൾ മാത്തൂർ ഇതിനെ ട്രാൻസിറ്റ് സ്റ്റേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ചെറിയ നഗരങ്ങളിൽ പോലും ഫിസിഷ്യന്മാർക്ക് ഡയബറ്റോളജിസ്റ്റായും കാർഡിയോളജിസ്റ്റായും പരിഗണന ലഭിക്കുന്നതും മെഡിസിനെ ആകർഷകമാക്കുന്നു.
റേഡിയോളജി മേഖല നേരിടുന്ന വെല്ലുവിളികളും ഈ മാറ്റത്തിന് കാരണമാണ്. മെഡിക്കൽ ഇമേജിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വളരുന്നത് തൊഴിൽ സാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്. ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള വലിയ മുതൽമുടക്കും റേഡിയേഷൻ എക്സ്പോഷറിന്റെ റിസ്കും മറ്റ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സീറ്റുകളുടെ ലഭ്യതയും നിർണായകമാണ്. ഇന്ത്യയിൽ റേഡിയോളജിക്ക് 1,200 സീറ്റുള്ളപ്പോൾ മെഡിസിന് 4,000ത്തിലധികം സീറ്റുണ്ട്. ഇഷ്ടമുള്ള കോളേജിൽ മെഡിസിൻ ലഭിക്കുമ്പോൾ വിദ്യാർത്ഥികൾ അത് തെരഞ്ഞെടുക്കുന്നു. രോഗിയെ നേരിട്ട് പരിചരിക്കുന്നതിലെ സംതൃപ്തിയും ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതോടെ ഫിസിഷ്യന്മാർക്ക് വർധിക്കുന്ന പ്രാധാന്യവും ഈ ട്രെൻഡിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.