ജില്ലയിൽ എൽ.ഡി.സി നിയമനം ഇഴയുന്നു; റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിൽ

കോഴിക്കോട്: കഷ്ടപ്പെട്ട് പഠിച്ച് മികച്ച റാങ്ക് നേടിയിട്ടും കോഴിക്കോട് ജില്ലയിലെ എൽ.ഡി.സി ഉദ്യോഗാർഥികൾക്ക് നിയമനം അകലെ. വിവിധ സർക്കാർ ഓഫിസുകളിൽ എൽ.ഡി.സി തസ്തികകളിൽ നിരവധി ഒഴിവുകൾ നിലവിലുണ്ടെങ്കിലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. സ്ഥിരം ഒഴിവുകളിൽ പി.എസ്.സി വഴി നിയമനം നടത്തുന്നതിന് പകരം കരാർ അടിസ്ഥാനത്തിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽകാലിക നിയമനങ്ങളും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭീഷണിയാകുന്നുണ്ട്.

റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, താൽക്കാലിക ജീവനക്കാരെ നിലനിർത്താനും പിൻവാതിൽ നിയമനങ്ങൾ സുഗമമാക്കാനും വകുപ്പുകൾ ശ്രമിക്കുന്നതാണ് അഡ്വൈസ് മെമ്മോകൾ വൈകാൻ കാരണമെന്നും ആരോപണമുയർന്നിട്ടുണ്ട്. കമ്പനി/ബോർഡ് തസ്തികകളിൽ വൻതോതിൽ താൽക്കാലികക്കാരെ നിലനിർത്തുകയും സ്ഥിരം തസ്തികകൾ വെട്ടിക്കുറക്കുന്നതും വിവിധ സർക്കാർ വകുപ്പുകളിലെ എൽ.ഡി.സി ലിസ്റ്റിനെയും ബാധിക്കുന്നുണ്ട്. 2025 ആഗസ്റ്റ് ഒന്നിനാണ് എൽ.ഡി.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 2026 മേയ് വരെ 107 പേർക്കാണ് ഇതുവരെ നിയമന ശിപാർശ ലഭിച്ചത്. 2028 ആഗസ്റ്റിൽ അല്ലെങ്കിൽ പുതിയ ലിസ്റ്റ് വരുന്നതുവരെയാണ് നിലവിലെ റാങ്ക്‍ലിസ്റ്റിന്റെ കാലാവധി.

കഴിഞ്ഞ എൽ.ഡി.സി ലിസ്റ്റുകളിൽ നിന്ന് ആദ്യ ഒരു വർഷം വലിയ തോതിലുള്ള നിയമന ശിപാർശകൾ നൽകിയിരുന്നു. നിയമനത്തിലെ മെല്ലെപ്പോക്ക് കണക്കിലെടുക്കുമ്പോൾ ലിസ്റ്റിൽ 500നുള്ളിൽ ഇടംപിടിച്ചവർ പോലും ജോലി കിട്ടുമോ എന്ന ആശങ്കയിലാണ്. നിയമനം ഇഴഞ്ഞുനീങ്ങുന്നത് വഴി ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും അതോടെ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ പ്രായപരിധി കഴിഞ്ഞ് അവസരം നഷ്ടമാവുകയും ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സാധാരണയായി ഏറ്റവും കൂടുതൽ എൽ.ഡി.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഭേദപ്പെട്ട രീതിയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ലിസ്റ്റുകളെ അപേക്ഷിച്ച് നിയമന വേഗത പകുതിയായി കുറഞ്ഞിട്ടുമുണ്ട്.

2022ലെ എൽ.ഡി.സി റാങ്ക് പട്ടികയിൽനിന്ന് ആദ്യ ഒമ്പത് മാസത്തിനകം ഭൂരിഭാഗം ജില്ലകളിലും 300 മുതൽ 500 വരെ അഡ്വൈസുകൾ നടന്നിരുന്നു. മൂന്നുവർഷം കൊണ്ട് 1032 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റ് വന്ന് 10 മാസം കഴിഞ്ഞിട്ടും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ജില്ലകളിൽ പോലും നിയമന ശിപാർശ നൂറിനു താഴെയായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അത്രയും ഒഴിവുകൾ ഇത്തവണ ഉണ്ടാകില്ല എന്ന ഭീഷണിയും നിലനിൽക്കുന്നു. വിവരാവകാശ അപേക്ഷ പ്രകാരം റവന്യൂ വകുപ്പിൽ 14 ഒഴിവുകളുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ, അതെല്ലാം ഒഴിവുകളായി പി.എസ്.സി റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടുമ്പോൾ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുമില്ല.

മറ്റുള്ള ജില്ലകളിൽ ഈ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സ്ഥലത്തും ഒഴിവുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി ഓഫിസുകളിലും ആസ്ഥാനത്തും അന്വേഷിക്കുമ്പോൾ അതെല്ലാം ഇന്റർ ഡിസ്ട്രിക്ട് ട്രാൻസ്ഫർ വിഭാഗത്തിൽ പെട്ടതാണെന്ന വിവരമാണ് ലഭിക്കാറുള്ളതെന്നും ഉദ്യോഗാർഥികൾ പറയുന്നു. പെൻഷൻ പ്രായം ഉയർത്താൻ പോവുകയാണെന്ന റിപ്പോർട്ടുകളും ഉദ്യോഗാർഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം എം.എൽ.എമാരെ ധരിപ്പിച്ചിട്ടുമുണ്ട്.

Tags:    
News Summary - LDC appointment in the district is dragging on; those on the rank list are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.