ഗൾഫിലെ അലൈഡ് ഹെൽത്ത് തൊഴിലവസരങ്ങൾ; മരുഭൂമിയിലെ മരീചികയോ, അതോ പുതിയ വാഗ്ദാനങ്ങളോ?

കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം എഴുതുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒരു അധ്യായമാണ് 'പ്രവാസം'. പ്രത്യേകിച്ചും ഗൾഫ് നാടുകളിലേക്കുള്ള മലയാളിയുടെ കുടിയേറ്റം. പത്തേമാരികളിൽ ജീവൻ പണയം വെച്ച് കടൽ കടന്ന ആദ്യ തലമുറയുടെ വിയർപ്പുതുള്ളികളിൽ നിന്നാണ് ഇന്നത്തെ ആധുനിക കേരളം ഉയർന്നുവന്നത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. നിർമാണ മേഖലയിലെ കഠിനാധ്വാനത്തിൽ തുടങ്ങി, പിന്നീട് ഐ.ടി, എഞ്ചിനീയറിങ്​, ബിസിനസ്​ തുടങ്ങിയ സമസ്ത മേഖലകളിലും മലയാളികൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.

എന്നാൽ, കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളായി മലയാളികൾ ഏറ്റവും കൂടുതൽ തിളങ്ങിനിന്ന, കേരളത്തിലെ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് കൈത്താങ്ങായ ഒരു പ്രത്യേക മേഖലയുണ്ട്: ആതുരസേവനം അഥവാ ഹെൽത്ത്‌കെയർ സെക്ടർ. ഡോക്ടർമാരും നഴ്‌സുമാരും മാത്രമല്ല, ഗൾഫിലെ ആശുപത്രികളുടെ സിരകളിൽ രക്തമായി ഓടിക്കൊണ്ടിരുന്നത് 'അലൈഡ് ഹെൽത്ത്' (Allied Health) എന്ന് വിളിക്കപ്പെടുന്ന പാരാമെഡിക്കൽ പ്രൊഫഷനലുകൾ കൂടിയായിരുന്നു.

പക്ഷേ, കാലം മാറിയപ്പോൾ കാറ്റിന്റെ ഗതിയും മാറി. ഇന്ന് കേരളത്തിലെ നാട്ടിൻപുറങ്ങളിലും ചായക്കടകളിലും കോളജ് കാമ്പസുകളിലും ഒരുപോലെ കേൾക്കുന്ന ഒരു സംസാരമുണ്ട്: ‘ഗൾഫിൽ ഇപ്പോൾ പഴയതുപോലെ തൊഴിലവസരങ്ങളില്ല’, ‘അലൈഡ് ഹെൽത്ത് കോഴ്‌സുകൾ പഠിച്ചാൽ ഗൾഫിൽ പച്ചപിടിക്കാൻ പാടാണ്’, ‘കൊടുക്കുന്ന സർട്ടിഫിക്കറ്റിന് അവിടെ ഒരു വിലയുമില്ല’ എന്നൊക്കെ. ഇതിൽ എത്രത്തോളം സത്യമുണ്ട്? ഗൾഫിലെ ആരോഗ്യമേഖല ശരിക്കും മരീചികയായി മാറിയോ? അതോ നമ്മൾ കാണാത്ത പുതിയ വാഗ്ദാനങ്ങൾ അവിടെ ഒളിഞ്ഞുകിടപ്പുണ്ടോ? പ്രത്യേകിച്ച്, ഡിമാൻഡ് ഏറെയുള്ള BOT, BASLP, BPO പോലെയുള്ള സ്പെഷലൈസ്ഡ് കോഴ്സുകളുടെ ഇന്നത്തെ അവസ്ഥ എന്താണ്? യാഥാർഥ്യത്തിന്റെ പരുക്കൻ പ്രതലത്തിൽ നിന്നുകൊണ്ട് തന്നെ, എന്നാൽ പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറന്നിട്ടുകൊണ്ട്, ഈ വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യാം.

അദൃശ്യരായ കാവൽ മാലാഖമാർ: എന്താണ് അലൈഡ് ഹെൽത്ത് സയൻസസ്?

വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നതിന് മുമ്പ്​, എന്താണ് അലൈഡ് ഹെൽത്ത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പലരുടെയും ധാരണ മെഡിക്കൽ ഫീൽഡ് എന്നാൽ എം.ബി.ബി.എസ് ഡോക്ടർമാരും, അവരെ സഹായിക്കുന്ന നഴ്‌സുമാരും, മരുന്ന് നൽകുന്ന ഫാർമസിസ്റ്റുകളും മാത്രമാണെന്നാണ്. എന്നാൽ, ഒരു രോഗി ആശുപത്രിയുടെ പടി കടന്ന് വരുമ്പോൾ മുതൽ, അവരുടെ രോഗനിർണയം നടത്തി, കൃത്യമായ ചികിത്സ നൽകി, പൂർണ ആരോഗ്യവാനായി അവരെ തിരികെ അയക്കുന്നത് വരെയുള്ള സങ്കീർണമായ പ്രക്രിയയിൽ നിശബ്ദമായി, എന്നാൽ, അതിശക്തമായി പ്രവർത്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരാണ് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ.

മെഡിക്കൽ ലബോറട്ടറി ടെക്നോളജി (MLT): ഒരു മനുഷ്യന്റെ രക്തം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ മൈക്രോസ്കോപ്പിലൂടെയും അത്യാധുനിക മെഷീനുകളിലൂടെയും പരിശോധിച്ച് രോഗത്തിന്റെ വേരുകൾ കണ്ടെത്തുന്നവർ. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ, ആർ.ടി-പി.സി.ആർ (RT-PCR) ലാബുകളിൽ രാപ്പകലില്ലാതെ ജോലി ചെയ്ത ഇവരുടെ വില ലോകം തിരിച്ചറിഞ്ഞതാണ്.

റേഡിയോളജി ആൻഡ്​ ഇമേജിങ്​ ടെക്നോളജി: മനുഷ്യശരീരത്തിനുള്ളിലെ ഇരുളടഞ്ഞ രഹസ്യങ്ങളെ എക്സ്-റേ (X-Ray), എം.ആർ.ഐ (MRI), സി.ടി സ്കാൻ (CT Scan), അൾട്രാസൗണ്ട് എന്നീ കിരണങ്ങളിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നവർ.

ഫിസിയോതെറാപ്പി (Physiotherapy): അപകടങ്ങളിൽ പരിക്കേറ്റവർക്കും, സ്ട്രോക്ക് വന്ന് തളർന്നുപോയവർക്കും വ്യായാമങ്ങളിലൂടെയും ഇലക്ട്രോ തെറാപ്പിയിലൂടെയും ചലനശേഷി തിരികെ നൽകി ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നവർ.

റെസ്പിറേറ്ററി തെറാപ്പി (Respiratory Therapy): ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക്, പ്രത്യേകിച്ച് ഐ.സി.യുവിലും വെന്റിലേറ്ററിലുമുള്ളവർക്ക്, ജീവവായു പകർന്നുനൽകുന്ന ശ്വാസകോശ വിദഗ്ദ്ധർ.

ഒപ്റ്റോമെട്രി (Optometry): കാഴ്ചയുടെ ലോകം മങ്ങുമ്പോൾ, കൃത്യമായ പരിശോധനകളിലൂടെ കണ്ണുകൾക്ക് പുതിയ വെളിച്ചം നൽകുന്നവർ.

ഓപറേഷൻ തിയേറ്റർ ആൻഡ്​ അനസ്തേഷ്യ ടെക്നോളജി: ശസ്ത്രക്രിയ മുറിയിലെ നിർണായക നിമിഷങ്ങളിൽ അനസ്തറ്റിസ്റ്റിനെയും സർജനെയും സഹായിക്കുന്നവർ. ഇതുകൂടാതെ കാർഡിയോ വാസ്കുലർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങി അനവധി ശാഖകൾ ഈ വലിയ കുടക്കീഴിലുണ്ട്. സത്യത്തിൽ, ആധുനിക ആരോഗ്യമേഖലയുടെ നട്ടെല്ല് തന്നെ ഇവരാണ്.

ഒരു കാലത്തെ 'സുവർണകാലം' (The Nostalgic Golden Era)

പത്തോ ഇരുപതോ വർഷങ്ങൾക്ക് മുൻപുള്ള കേരളത്തിന്റെ അവസ്ഥ ഒന്ന് ഓർത്തുനോക്കൂ. ഗൾഫിലേക്കുള്ള യാത്ര അന്ന് ഒരുപാട് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. കേരളത്തിൽനിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ ഒരു ഡിപ്ലോമയോ അല്ലെങ്കിൽ ഒരു ബി.എസ്‌.സി ഡിഗ്രിയോ കഴിഞ്ഞാൽ, ഗൾഫിലേക്ക് പോവുക എന്നത് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. നാട്ടിലെ ഏതെങ്കിലും ചെറിയ ക്ലിനിക്കിൽ ഒന്നോ രണ്ടോ വർഷം ജോലി ചെയ്ത പരിചയം മാത്രം മതിയായിരുന്നു അന്ന് വിമാനം കയറാൻ.

ദുബൈയിലോ റിയാദിലോ ദോഹയിലോ വിമാനമിറങ്ങിയാൽ വലിയ കടമ്പകളൊന്നും ഇല്ലാതെ തന്നെ ജോലി ലഭിച്ചിരുന്നു. അന്ന് കടുത്ത ലൈസൻസിങ്​ പരീക്ഷകളോ, ഇന്നത്തെ പോലെ കർശനമായ നിയമങ്ങളോ ഉണ്ടായിരുന്നില്ല. ചെറിയ പോളിക്ലിനിക്കുകൾ മുതൽ വലിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ വരെ മലയാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന കാലം.

ഇതിനുപിന്നിൽ കൃത്യമായ ഒരു സാമ്പത്തിക-സാമൂഹിക കാരണമുണ്ടായിരുന്നു. എണ്ണപ്പണത്തിന്റെ പിൻബലത്തിൽ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന കാലമായിരുന്നു അത്. സ്വന്തം ജനതക്ക്​ മികച്ച ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അവർ മരുഭൂമിയിൽ വലിയ ആശുപത്രികൾ കെട്ടിപ്പടുത്തു. എന്നാൽ, അവിടുത്തെ തദ്ദേശീയരായ പൗരന്മാർ (അറബികൾ) ആരോഗ്യമേഖലയിലേക്ക്, പ്രത്യേകിച്ച് പാരാമെഡിക്കൽ ജോലികളിലേക്ക് കടന്നുവരുന്നത് അക്കാലത്ത് വിരളമായിരുന്നു. അതിനാൽ ഈ ആശുപത്രികൾ പ്രവർത്തിപ്പിക്കാൻ വിദേശികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും ഫിലിപ്പിനോകളെയും അവർക്ക് അത്യന്താപേക്ഷിതമായിരുന്നു.

മലയാളികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവവായുവായിരുന്നു. നാട്ടിൽ കേവലം രണ്ടായിരമോ മൂവായിരമോ രൂപ മാസശമ്പളം ലഭിച്ചിരുന്ന ഒരു എക്സ്-റേ ടെക്നീഷ്യന് ഗൾഫിൽ പോയാൽ മുപ്പതിനായിരമോ നാൽപതിനായിരമോ രൂപ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. ആ പണം നാട്ടിലെ എത്രയോ കുടുംബങ്ങളുടെ കണ്ണീരൊപ്പി. ചോർന്നൊലിക്കുന്ന കൂരകൾ കോൺക്രീറ്റ് വീടുകളായി മാറി, പെങ്ങന്മാരുടെ വിവാഹം നടന്നു, ബാങ്ക് കടങ്ങൾ തീർന്നു. ഗൾഫിലെ അലൈഡ് ഹെൽത്ത് ജോലികൾ ഒരുപാട് പേരുടെ ജീവിതത്തിൽ വസന്തം കൊണ്ടുവന്നു.

ഇന്നത്തെ അവസ്ഥ: മാറുന്ന കാറ്റും പരുക്കൻ യാഥാർഥ്യങ്ങളും

എന്നാൽ ഓർമകളിൽ ജീവിക്കാൻ കഴിയില്ലല്ലോ. ഇന്ന് നമ്മൾ നിൽക്കുന്നത് പൂർണമായും മാറിയ ഒരു ലോകത്താണ്. ഗൾഫിൽ തൊഴിലവസരങ്ങൾ "പൂർണമായും ഇല്ലാതായി" എന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ല, പക്ഷേ അത് ‘വലിയ രീതിയിൽ ചുരുങ്ങുകയും അതിന്റെ സ്വഭാവം അടിമുടി മാറുകയും ചെയ്തു’ എന്നതാണ് പച്ചയായ സത്യം. പണ്ട് പാസ്പോർട്ടും ടിക്കറ്റുമെടുത്ത് വിമാനം കയറിയത് പോലെ ഇന്ന് ഇവിടെയെത്തി ജോലി വാങ്ങാൻ കഴിയില്ല. ഈ വലിയ മാറ്റത്തിന് പിന്നിൽ അഞ്ചോ ആറോ ശക്തമായ കാരണങ്ങളുണ്ട്. അവ ഓരോന്നായി, പരിശോധിക്കാം.

1. സ്വദേശിവൽക്കരണം: ഉണരുന്ന അറബ് യുവത്വം (Localization Policies)


ഇന്ന് ഗൾഫിൽ ജോലി അന്വേഷിക്കുന്ന ഒരു വിദേശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും യാഥാർഥ്യവും ഇതാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ ഭാവി എണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിന്റെ ഭാഗമായി തങ്ങളുടെ ജനതയെ സ്വയം പര്യാപ്തരാക്കാൻ അവർ തീരുമാനിച്ചു. സൗദി അറേബ്യയിലെ 'നിതാഖാത്ത്' (Nitaqat), യു.എ.ഇയിലെ 'എമിറേറ്റൈസേഷൻ' അഥവാ നാഫിസ് (Nafis), ഒമാനിലെ 'ഒമാനൈസേഷൻ' (Omanization) തുടങ്ങിയ പദ്ധതികൾ ഇന്ന് കേവലം കടലാസിലൊതുങ്ങുന്ന നയങ്ങളല്ല, കർശനമായി നടപ്പാക്കപ്പെടുന്ന നിയമങ്ങളാണ്.

മുമ്പ്​ രക്തം എടുക്കാനോ, എക്സ്-റേ എടുക്കാനോ അവിടുത്തെ പൗരന്മാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ, ഇന്ന് ഗവൺമെന്റുകൾ സ്വന്തം പൗരന്മാർക്ക് ഈ മേഖലകളിൽ പഠിക്കാൻ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളും, വിദേശ യൂനിവേഴ്സിറ്റികളിൽ പോയി പഠിക്കാൻ വലിയ സ്കോളർഷിപ്പുകളും നൽകുന്നു. തങ്ങളുടെ രാജ്യത്തെ ആശുപത്രികളിൽ തങ്ങളുടെ പൗരന്മാർ തന്നെ സേവനം അനുഷ്ഠിക്കണം എന്നതാണ് അവരുടെ ലക്ഷ്യം.

ഇതിന്റെ ഫലമായി സർക്കാർ ആശുപത്രികളിലെ എൻട്രി-ലെവൽ (Entry-level) ജോലികൾ ഇന്ന് പൂർണമായും സ്വദേശികൾക്ക് മാത്രമായി മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്. ഒമാൻ പോലെയുള്ള രാജ്യങ്ങളിൽ ഫാർമസി, ലാബ്, എക്സ്-റേ പോലെയുള്ള പല അലൈഡ് ഹെൽത്ത് തസ്തികകളിൽ നിന്നും വിദേശികളെ പൂർണമായും ഒഴിവാക്കിക്കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലും നിശ്ചിത ശതമാനം (ഉദാഹരണത്തിന് 10% മുതൽ 30% വരെ) സ്വദേശികളെ നിർബന്ധമായും നിയമിക്കണം എന്നത് അലംഘനീയമായ നിയമമാണ്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് വലിയ പിഴയാണ് ഗവൺമെന്റ് ചുമത്തുന്നത്. സ്വാഭാവികമായും, വിദേശികൾക്കുള്ള അവസരങ്ങളുടെ വാതിലുകൾ പതുക്കെ അടയുകയാണ് ഇവിടെ.

2. കടമ്പകളേറിയ ലൈസൻസിങ്​ പരീക്ഷകളും ഡേറ്റാ ഫ്ലോയും (The Fortress of Licensing Exams)

പണ്ട് ഗൾഫിൽ ജോലി ചെയ്യാൻ പ്രത്യേക പരീക്ഷകൾ ഒന്നും ആവശ്യമില്ലായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി അതല്ല. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ സ്വന്തം ജനതക്ക്​ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, അവിടെ ജോലി ചെയ്യണമെങ്കിൽ അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ നടത്തുന്ന അതീവ കർശനമായ പരീക്ഷകൾ പാസാകണം.

യു.എ.ഇ (UAE): ദുബായിൽ ജോലി ചെയ്യാൻ DHA (Dubai Health Authority) പരീക്ഷ, അബൂദബിയിൽ HAAD അല്ലെങ്കിൽ DOH (Department of Health) പരീക്ഷ, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ MOH (Ministry of Health) പരീക്ഷ എന്നിവ കടമ്പകളാണ്.

സൗദി അറേബ്യ: സൗദി പ്രൊമെട്രിക് (Saudi Prometric - SCFHS).

ഖത്തർ, ഒമാൻ: ഖത്തർ പ്രൊമെട്രിക് (QCHP), ഒമാൻ പ്രൊമെട്രിക് (OMSB).

ഈ പരീക്ഷകൾ പാസാകുക എന്നത് എളുപ്പമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചോദ്യങ്ങളും കർശനമായ സിലബസുമാണ് ഇതിനുള്ളത്. മാത്രമല്ല, ഈ പരീക്ഷകൾ എഴുതുന്നതിന് മുൻപായി 'ഡേറ്റാ ഫ്ലോ' (Dataflow) അഥവാ പ്രൈമറി സോഴ്സ് വെരിഫിക്കേഷൻ (PSV) എന്ന നീണ്ട പ്രക്രിയയിലൂടെ നിങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അരിച്ചുപെറുക്കി പരിശോധിക്കപ്പെടുന്നു. നിങ്ങൾ പഠിച്ച കോളജിലേക്കും, ജോലി ചെയ്ത ആശുപത്രിയിലേക്കും അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടോ ഇമെയിൽ വഴിയോ ബന്ധപ്പെട്ട് സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചോ, പണം കൊടുത്തു വാങ്ങിയ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചോ ഗൾഫിൽ കയറിക്കൂടാം എന്ന മോഹം വിലപ്പോവില്ല.

കൂടാതെ, ഇത്തരം പരീക്ഷകൾ എഴുതാൻ ചുരുങ്ങിയത് രണ്ടു വർഷത്തെ മികച്ച പ്രവൃത്തി പരിചയം നിർബന്ധമാണ്. ഡാറ്റാ ഫ്ലോക്കും പരീക്ഷകൾക്കുമായി ചുരുങ്ങിയത് 50,000 രൂപയിലധികം ചിലവാക്കേണ്ടി വരും എന്നതും സാധാരണക്കാരായ ഉദ്യോഗാർഥികളെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക ബാധ്യതയാണ്.

3. അതിരൂക്ഷമായ ആഗോള മത്സരം

കേരളത്തിൽ ഇപ്പോൾ എവിടെ നോക്കിയാലും അലൈഡ് ഹെൽത്ത് സയൻസ് പഠിപ്പിക്കുന്ന കോളജുകളാണ്. ആയിരക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. എന്നാൽ, ഗൾഫിൽ നമ്മൾ മത്സരിക്കുന്നത് മലയാളികളോട് മാത്രമല്ല എന്ന വലിയ യാഥാർഥ്യം ഉൾക്കൊള്ളണം.

ഫിലിപ്പീൻസ്, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, കൂടാതെ നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഗൾഫിലേക്ക് തൊഴിൽ തേടി ഒഴുകുകയാണ്. ഇതിൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് വളരെ മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയുള്ളതിനാൽ അറബ് മാനേജ്‌മെന്റുകൾക്കും രോഗികൾക്കും അവരോട് പ്രത്യേക താൽപര്യമുണ്ട്. മറുഭാഗത്ത് പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പലപ്പോഴും വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയാറായി വരുന്നു.

4. ജീവിതച്ചെലവിന്റെ കുതിപ്പും ശമ്പളത്തിലെ കിതപ്പും

തൊഴിലവസരങ്ങൾ കുറയുകയും ഉദ്യോഗാർഥികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക ശാസ്ത്രത്തിലെ 'ഡിമാൻഡ് ആൻഡ് സപ്ലൈ' തിയറി പ്രകാരം സംഭവിക്കുന്നത് ശമ്പളത്തിലെ ഇടിവാണ്. പത്ത് വർഷം മുൻപ് ദുബൈയിൽ ഒരു ലാബ് ടെക്നീഷ്യന് ലഭിച്ചിരുന്ന അതേ ശമ്പളമോ, ചിലപ്പോൾ അതിനേക്കാൾ കുറഞ്ഞ ശമ്പളമോ ആണ് ഇന്നും പല സ്വകാര്യ ക്ലിനിക്കുകളും വാഗ്ദാനം ചെയ്യുന്നത്. ഉദാഹരണത്തിന്, 3000 അല്ലെങ്കിൽ 4000 ദിർഹം എന്നത് പല പോളിക്ലിനിക്കുകളിലെയും ഒരു ശരാശരി തുടക്ക ശമ്പളമാണ്.

എന്നാൽ ജീവിതച്ചെലവോ? അത് ആകാശത്തോളമെത്തി. യു.എ.ഇയിലും സൗദിയിലുമൊക്കെ മൂല്യവർധിത നികുതി അഥവാ വാറ്റ് നിലവിൽ വന്നു. താമസിക്കാനുള്ള മുറിവാടക, ഭക്ഷണം, യാത്രാക്കൂലി, മെഡിക്കൽ ഇൻഷുറൻസ് എന്നിവയെല്ലാം ഇരട്ടിയായി. ദുബൈ പോലെയുള്ള മഹാനഗരങ്ങളിൽ ഒരു ഷെയറിങ് മുറിയിലെ ചെറിയൊരു ബെഡ് സ്പേസിന് തന്നെ വലിയൊരു തുക നൽകേണ്ട അവസ്ഥയാണ്. ഒരു ലക്ഷം രൂപ ശമ്പളം എന്ന് കേൾക്കുമ്പോൾ നാട്ടിൽ വലിയ തുകയായി തോന്നാമെങ്കിലും, ദുബൈയിലെ ചിലവുകൾ വെച്ച് നോക്കുമ്പോൾ അതൊരു ശരാശരി തുക പോലുമല്ല.

5. വിസിറ്റ് വിസ എന്ന വലിയ 'ചതിക്കുഴി'

ഇതൊന്നും വകവെക്കാതെ, ‘ഗൾഫ്’ എന്ന മാസ്മരികതയിൽ മയങ്ങി, പലരും ഏജന്റുമാർ മുഖേനയോ സുഹൃത്തുക്കൾ മുഖേനയോ വിസിറ്റ് വിസയിൽ ദുബൈയിലോ ഷാർജയിലോ എത്തി ജോലി അന്വേഷിക്കുന്ന ട്രെൻഡ് ഇപ്പോഴും വ്യാപകമാണ്.

സത്യം പറഞ്ഞാൽ, ഇന്നത്തെ കാലത്ത് അലൈഡ് ഹെൽത്ത് രംഗത്ത് വിസിറ്റ് വിസയിൽ ജോലി അന്വേഷിക്കുന്നത് ആത്മഹത്യാപരമാണ്.

ചുട്ടുപൊള്ളുന്ന 45 ഡിഗ്രി വെയിലത്ത്, വിയർപ്പൊഴുക്കി, മെട്രോ സ്റ്റേഷനുകളിൽ നിന്ന് കിലോമീറ്ററുകൾ നടന്ന് ചെറിയ ക്ലിനിക്കുകളിലും ആശുപത്രികളിലും തങ്ങളുടെ സിവി (CV) നൽകുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരെ ദുബായിൽ കാണാം. അവിടെയെത്തുമ്പോഴാണ് ലൈസൻസിംഗ് പരീക്ഷകളെക്കുറിച്ചും ഡാറ്റാ ഫ്ലോയെക്കുറിച്ചുമൊക്കെ പലരും അറിയുന്നത് തന്നെ. ഒടുവിൽ വിസയുടെ കാലാവധി തീരാറാകുമ്പോൾ, നാട്ടിലേക്ക് വെറും കൈയോടെ മടങ്ങാൻ കഴിയാത്തതുകൊണ്ട് മാത്രം, ചിലർ കിട്ടിയ ചെറിയ ശമ്പളത്തിന് എവിടെയെങ്കിലും കയറിപ്പറ്റാൻ നിർബന്ധിതരാകുന്നു.

പ്രതീക്ഷയുടെ പുത്തൻ പ്രകാശങ്ങൾ: കുതിച്ചുയരുന്ന 'സുവർണ ത്രികോണം' (BOT, BASLP, BPO)

ഇത്രയും വായിച്ചപ്പോൾ ഗൾഫിൽ ഇനി അലൈഡ് ഹെൽത്ത് പഠിച്ചവർക്ക് യാതൊരു ഭാവിയുമില്ല എന്ന് ചിന്തിച്ച് നിരാശപ്പെടാൻ വരട്ടെ. അവിടെയാണ് ഈ ലേഖനത്തിന്റെ കാതൽ. ജനറൽ കോഴ്സുകൾക്ക് (MLT, ജനറൽ റേഡിയോളജി തുടങ്ങിയവ) ഡിമാൻഡ് കുറയുകയും കടുത്ത മത്സരം നേരിടുകയും ചെയ്യുമ്പോഴും, ഗൾഫിലെ വിപണിയിൽ വൻ ഡിമാൻഡുള്ള ചില ഹൈലി സ്പെഷലൈസ്ഡ് കോഴ്സുകളുണ്ട്. പഠിച്ചെടുക്കാൻ അധികം ആളുകളില്ലാതെ, ഗൾഫിലെ സ്വകാര്യ/സർക്കാർ ആശുപത്രികളും വലിയ റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളും ഉയർന്ന ശമ്പളം നൽകി ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മൂന്ന് പ്രധാന കോഴ്സുകളാണിവ. അലൈഡ് ഹെൽത്തിലെ 'സുവർണ ത്രികോണം' എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം: BOT, BASLP, BPO.

ഗൾഫിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ ചുരുങ്ങുന്നു എന്ന് പൊതുവെ പറയുമ്പോഴും, ഈ മൂന്ന് വിഭാഗങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് ഇന്നും അവിടെ വിരിക്കുന്നത് ചുവപ്പു പരവതാനികളാണ്. അവ ഓരോന്നായി നമുക്ക് വളരെ വിശദമായി നോക്കാം:

1. ബാച്ചിലർ ഓഫ് ഓക്കുപ്പേഷനൽ തെറാപ്പി

എന്താണ് ഓക്കുപ്പേഷനൽ തെറാപ്പി? പലർക്കും ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണൽ തെറാപ്പിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയില്ല. ഫിസിയോതെറാപ്പി ഒരു വ്യക്തിയുടെ ശരീരത്തിന്റെ ചലനശേഷിക്ക്, അതായത് പേശികൾക്കും സന്ധികൾക്കും മുൻഗണന നൽകുമ്പോൾ, ഓക്കുപ്പേഷനൽ തെറാപ്പി തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. ശാരീരികമോ മാനസികമോ നാഡീസംബന്ധമായോ (Neurological) ഉള്ള ബുദ്ധിമുട്ടുകൾ കാരണം തങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസപ്പെടുന്നവരെ ജീവിതത്തിലേക്ക് പൂർണമായും തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ശാസ്ത്ര ശാഖയാണിത്. സ്വയം ഭക്ഷണം കഴിക്കുക, ഷർട്ടിന്റെ ബട്ടൺ ഇടുക, വസ്ത്രം ധരിക്കുക, പെൻസിൽ പിടിച്ച് എഴുതുക, സ്വന്തം ജോലി ചെയ്യുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ (Activities of Daily Living - ADL) സ്വയം ചെയ്യാൻ ഒരു രോഗിയെ പ്രാപ്തനാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഗൾഫിലെ യാഥാർഥ്യവും വലിയ സാധ്യതകളും: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടക്കുന്ന, ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നാണ് BOT. ഇതിന് പ്രധാന കാരണം പീഡിയാട്രിക് റീഹാബിലിറ്റേഷൻ മേഖലയിലുണ്ടായ വലിയ കുതിപ്പാണ്. ഇന്നത്തെ മാറുന്ന ജീവിതസാഹചര്യങ്ങളിലും ജനിതക കാരണങ്ങളാലും, ഗൾഫ് രാജ്യങ്ങളിൽ ഓട്ടിസം (Autism), എ.ഡി.എച്ച്.ഡി (ADHD - Attention Deficit Hyperactivity Disorder), ഡൗൺ സിൻഡ്രോം (Down Syndrome), സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ ഇത്തരം കുട്ടികളെ പുറത്തുകാണിക്കാതെ വീടിനുള്ളിൽ തന്നെ ഒളിപ്പിച്ചു വെക്കുന്ന പ്രവണത സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വലിയ പദ്ധതികളാണുള്ളത്. ഇത്തരം കുട്ടികളുടെ മോട്ടോർ സ്കില്ലുകൾ, ഏകാഗ്രത, സാമൂഹിക ഇടപെടലുകൾ എന്നിവ വികസിപ്പിച്ചെടുക്കാൻ ഓക്കുപ്പേഷനൽ തെറാപ്പിസ്റ്റുകൾ കൂടിയേ തീരൂ.

സൗദിയിലും യു.എ.ഇയിലും ഇന്ന് നൂറുകണക്കിന് സ്പെഷൽ എഡ്യൂക്കേഷൻ സെന്ററുകളും ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകളും പുതിയതായി തുറക്കുന്നുണ്ട്. എന്നാൽ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം വിപണിയിലെ ആവശ്യകതക്ക്​ ഒട്ടും അനുസരിച്ചല്ല. പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികൾ വളരെ കുറവായതിനാൽ, ലൈസൻസുള്ള ഒരു ഓക്കുപ്പേഷനൽ തെറാപ്പിസ്റ്റിന് മറ്റ് പല ജനറൽ പാരാമെഡിക്കൽ ജോലികളേക്കാളും ഇരട്ടി ശമ്പളം വിലപേശി വാങ്ങാൻ ഇന്ന് ഗൾഫിൽ അനായാസം സാധിക്കുന്നുണ്ട്. ഇതൊരു വെറും ജോലിയല്ല, ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന അങ്ങേയറ്റം പുണ്യമായ ഒരു സേവനം കൂടിയാണ്.

2. ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച്-ലാംഗ്വേജ് പതോളജി (BASLP)

എന്താണിത്? കേൾവി ശക്തി (Audiology), സംസാരശേഷി (Speech), ഭാഷാ വൈകല്യങ്ങൾ (Language disorders), വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ (Swallowing disorders/Dysphagia) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി ചികിത്സിക്കുന്ന ഹൈലി സ്പെഷലൈസ്ഡ് ആയ ശാഖയാണിത്. ഇന്ത്യയിൽ തന്നെ വളരെ കുറഞ്ഞ സർവകലാശാലകളിൽ, കുറഞ്ഞ സീറ്റുകൾ മാത്രമുള്ള കോഴ്സാണിത്.

ഗൾഫിലെ യാഥാർത്ഥ്യവും സുവർണാവസരങ്ങളും: ഒരു കാലത്ത് ഗൾഫിൽ ഈ മേഖലയെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. സ്പീച്ച് തെറാപ്പിസ്റ്റുകളെ കിട്ടാനില്ലാത്ത അവസ്ഥയാണ് പല ഗൾഫ് രാജ്യങ്ങളിലും, പ്രത്യേകിച്ച് ദുബൈ, അബൂദബി, റിയാദ് തുടങ്ങിയ വൻ നഗരങ്ങളിൽ. ഇതിനും പ്രധാന കാരണം കുട്ടികളിലെ വൈകല്യങ്ങൾ തന്നെയാണ്. അണുകുടുംബ വ്യവസ്ഥിതിയും, മൊബൈൽ ഫോണിന്റെയും സ്ക്രീനുകളുടെയും അമിത ഉപയോഗവും കാരണം കുട്ടികളിൽ സംസാരശേഷി വൈകി വരുന്ന അവസ്ഥ (Speech delay) ഇന്ന് ഗൾഫിൽ വളരെ കൂടുതലാണ്. ഇതുകൂടാതെ കുട്ടികളിലെ വിക്കൽ (Stuttering), ഉച്ചാരണ വൈകല്യങ്ങൾ, ജനിക്കുമ്പോൾ തന്നെ കേൾവിശക്തി ഇല്ലാത്തതിനാൽ കോക്ലിയർ ഇംപ്ലാന്റ് സർജറി കഴിഞ്ഞ കുട്ടികൾ എന്നിവർക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സ്പീച്ച് ആൻഡ് ഹിയറിങ് പ്രൊഫഷനലുകളുടെ നിരന്തരമായ സേവനം അത്യന്താപേക്ഷിതമാണ്.

ഇത് കുട്ടികളുടെ മാത്രം കാര്യമല്ല; സ്ട്രോക്ക് വന്ന് സംസാരശേഷി പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ട പ്രായമായവർക്കും സ്പീച്ച് തെറാപ്പി അത്യാവശ്യമാണ്. പല പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളും ഇന്ന് സ്വന്തമായി സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നുണ്ട്. എം.എൽ.ടിയോ ജനറൽ റേഡിയോളജിയോ പഠിച്ചവർ ഗൾഫിൽ നേരിടുന്ന കടുത്ത മത്സരത്തിന്റെ ഒരു ശതമാനം പോലും ബി.എ.എസ്​.എൽ.പി കഴിഞ്ഞവർക്ക് നേരിടേണ്ടി വരുന്നില്ല. മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും കുട്ടികളോട് ഇടപഴകാനുള്ള കഴിവുമുള്ള ബി.എ.എസ്​.എൽ.പി ബിരുദധാരിക്ക് ഗൾഫിലെ സ്വകാര്യ ക്ലിനിക്കുകളിൽ തുടക്കത്തിൽ തന്നെ ഉയർന്ന പാക്കേജുകൾ ലഭിക്കും. ഇതിനൊപ്പം അടിസ്ഥാന അറബിക് ഭാഷ കൂടി അറിയാമെങ്കിൽ അവർക്ക് ഗൾഫിൽ ശോഭിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

3. ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (BPO)

എന്താണിത്? കേരളത്തിലെ സാധാരണക്കാരിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത ഒരു കോഴ്സാണിത്. തികച്ചും മെഡിക്കൽ സയൻസും ഒപ്പം എഞ്ചിനീയറിങ്​/ഡിസൈനിങ്​ സ്കില്ലും ഒത്തുചേരുന്ന അതിമനോഹരമായ ഒരു പഠനശാഖ. വാഹനാപകടങ്ങളിലോ, മാറാരോഗങ്ങൾ കാരണമോ, ജന്മനായോ ശരീരഭാഗങ്ങൾ (പ്രത്യേകിച്ച് കൈകാലുകൾ) നഷ്ടപ്പെട്ടവർക്ക് കൃത്രിമ അവയവങ്ങൾ കൃത്യമായി അളവെടുത്ത് നിർമിച്ച് വെച്ചുപിടിപ്പിക്കുന്നതിനും, ശരീരത്തിന് താങ്ങാകുന്ന പ്രത്യേക തരം ഉപകരണങ്ങൾ (Orthotics - braces, splints, special footwear, spinal corsets) ഡിസൈൻ ചെയ്ത് നിർമിച്ച് നൽകുന്നതിനുമുള്ള ശാസ്ത്രീയമായ കോഴ്സാണിത്.

ഗൾഫിലെ യാഥാർഥ്യവും ഡിമാൻഡും: ഇതൊരു 'നിഷ്' (Niche) ഫീൽഡാണ്. അതായത്, എല്ലാ സാധാരണ പോളിക്ലിനിക്കുകളിലും ഈ തൊഴിലവസരം ഉണ്ടാകില്ല. എന്നാൽ, ഗൾഫിലെ വലിയ റീഹാബിലിറ്റേഷൻ ആശുപത്രികളിലും, സ്പോർട്സ് മെഡിസിൻ സെന്ററുകളിലും, ഓർത്തോപീഡിക് സ്പെഷാലിറ്റി ആശുപത്രികളിലും ഇവർ ഒഴിച്ചുകൂടാനാവാത്തവരാണ്. ഗൾഫ് രാജ്യങ്ങളിലെ വലിയൊരു യാഥാർഥ്യം അവിടുത്തെ ഉയർന്ന പ്രമേഹ നിരക്കാണ്. പ്രമേഹം മൂർച്ഛിച്ച് കാലുകളിലോ മറ്റോ അണുബാധ വന്ന് കാൽപ്പാദമോ കാലുകളോ മുറിച്ചുമാറ്റേണ്ടി വരുന്ന കേസുകൾ സർവസാധാരണമാണ്.

അതുപോലെ തന്നെ അതിവേഗത്തിൽ വാഹനമോടിക്കുന്നത് കാരണമുണ്ടാകുന്ന ഗുരുതരമായ റോഡപകടങ്ങളിൽ പരിക്കേൽക്കുന്ന ചെറുപ്പക്കാരും ധാരാളമാണ്. ഇവർക്കെല്ലാം ഇരുളടഞ്ഞ തങ്ങളുടെ ജീവിതത്തിൽ നിന്ന് വീണ്ടും പ്രകാശത്തിലേക്ക് നടക്കാൻ, സ്വന്തം കാലിൽ നിൽക്കാൻ പ്രോസ്തെറ്റിക് പ്രൊഫഷനലുകളുടെ സഹായം കൂടിയേ തീരൂ. ഈ കോഴ്സ് ഇന്ത്യയിൽ തന്നെ വളരെ ചുരുക്കം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഉള്ളൂ എന്നതിനാൽ പഠിച്ചിറങ്ങുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. അതിനാൽ തന്നെ തൊഴിൽ വിപണിയിൽ ഇവർ തമ്മിൽ യാതൊരു മത്സരവുമില്ല. മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയവും ലൈസൻസുമുണ്ടെങ്കിൽ ഉയർന്ന ശമ്പളത്തിൽ സുരക്ഷിതമായ ഒരു കരിയർ പടുത്തുയർത്താൻ BPO കഴിഞ്ഞവർക്ക് ഗൾഫിൽ സാധിക്കും. ഒരു മനുഷ്യന് നഷ്ടപ്പെട്ട കാലുകൾക്ക് പകരം പുതിയ കാലുകൾ നൽകി അവരെ നടത്തുക എന്നത് വാക്കുകൾക്കതീതമായ ഒരു സംതൃപ്തി നൽകുന്ന സേവനമാണ്.

ഇതിൽ നിന്നുള്ള വലിയ പാഠം: നിങ്ങൾ അലൈഡ് ഹെൽത്ത് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എല്ലാവരും പോകുന്ന ജനറൽ കോഴ്സുകളുടെ പിന്നാലെ പോകാതെ, വിപണിയിൽ ഡിമാൻഡ് കൂടുതലും സപ്ലൈ കുറവുമുള്ള മേൽപ്പറഞ്ഞ മാജിക് കോഴ്സുകൾ (BOT, BASLP, BPO) തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. ഈ കോഴ്സുകൾ ഗൾഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള നിങ്ങളുടെ 'സുവർണ താക്കോൽ' ആയി മാറും.

അതിജീവനത്തിന്റെ മന്ത്രങ്ങൾ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു സർവൈവൽ ഗൈഡ്

നിങ്ങൾ അലൈഡ് ഹെൽത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിയാണെങ്കിലോ, അല്ലെങ്കിൽ പഠനം കഴിഞ്ഞ് വിദേശത്ത് ജോലിക്കായി തയാറെടുക്കുന്ന ആളാണെങ്കിലോ ഇനി പറയുന്ന കാര്യങ്ങൾ ഒരു മന്ത്രം പോലെ മനസ്സിൽ സൂക്ഷിക്കുക.

വ്യാജ പരസ്യങ്ങളിൽ വീഴാതിരിക്കുക: ‘പഠനത്തോടൊപ്പം 100 ശതമാനം ഗൾഫ് പ്ലേസ്മെന്റ്’, ‘പഠിച്ചിറങ്ങിയാൽ ഉടൻ ലക്ഷങ്ങൾ ശമ്പളം’ എന്നൊക്കെ വലിയ ഫ്ലെക്സ് ബോർഡുകൾ വെച്ച് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇന്ന് കേരളത്തിൽ കൂൺ പോലെ മുളച്ചുപൊന്തിയിട്ടുണ്ട്. ഈ പരസ്യങ്ങളിലെ പൊള്ളത്തരം തിരിച്ചറിയുക. ഗൾഫിലെ ഒരു ആശുപത്രിയും നാട്ടിലെ ഒരു സമാന്തര കോളജുമായി നേരിട്ട് പ്ലേസ്മെന്റ് കരാർ വെക്കാറില്ല. അവർക്ക് വേണ്ടത് സ്കില്ലും ലൈസൻസുമുള്ള പ്രൊഫഷനലുകളെയാണ്.

മികച്ച സ്ഥാപനങ്ങളിൽ മാത്രം പഠിക്കുക:

സർക്കാരിന്റെയോ അംഗീകൃത യൂനിവേഴ്സിറ്റികളുടെയോ നേരിട്ടുള്ള അംഗീകാരമുള്ള, വ്യക്തമായ ക്ലിനിക്കൽ ട്രെയിനിങ് (നൽകുന്ന കോളേജുകളിൽ മാത്രം പഠിക്കുക. സ്വന്തമായി ആശുപത്രി ഇല്ലാത്ത, ദിവസവും രോഗികളെ നേരിട്ട് കണ്ട് പ്രാക്ടീസ് ചെയ്യാൻ സൗകര്യമില്ലാത്ത കോളജുകളിൽ പഠിച്ചാൽ നിങ്ങളുടെ കരിയർ അതോടെ നശിക്കും.

അനുഭവപരിചയം:

ഡിഗ്രി കഴിഞ്ഞാൽ ഉടനെ ദുബൈയിലേക്ക് വിമാനം കയറാൻ തിടുക്കം കൂട്ടരുത്. ഇന്ത്യയിലെ മികച്ച, കഴിയുമെങ്കിൽ NABH അല്ലെങ്കിൽ JCI പോലെയുള്ള ഗുണനിലവാര അംഗീകാരമുള്ള വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്ത് മികച്ച എക്സ്പീരിയൻസ് ഉണ്ടാക്കിയെടുക്കുക. ഗൾഫിലെ എച്ച്.ആർ മാനേജർമാർ നിങ്ങളുടെ റെസ്യൂമെ ശ്രദ്ധിക്കണമെങ്കിൽ മികച്ച സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യമാണ്.

ലൈസൻസിങ്​ പരീക്ഷകൾ നാട്ടിൽ വെച്ച് തന്നെ പൂർത്തിയാക്കുക:

ദുബൈയിലെ DHA, അബൂദബിയിലെ HAAD, സൗദിയിലെ പ്രൊമെട്രിക് പരീക്ഷകൾ എന്നിവയെല്ലാം ഇന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ ഉൾപ്പെടെ) ഇരുന്നുതന്നെ കമ്പ്യൂട്ടർ വഴി എഴുതാൻ സാധിക്കും. അങ്ങേയറ്റം സങ്കീർണമായ ഡേറ്റാ ഫ്ലോ (Dataflow) പ്രക്രിയയും ഓൺലൈനായി ചെയ്യാം. അത് പൂർത്തിയാക്കി പരീക്ഷ പാസായതിന് ശേഷം മാത്രം ഗൾഫിലേക്ക് പോകാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ വിസിറ്റ് വിസയിൽ പോയാൽ പോലും നിങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ നേരിടാം.

ഭാഷാ പരിജ്ഞാനം:

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ, പ്രത്യേകിച്ച് രോഗികളുമായി നേരിട്ട് ഇടപഴകുന്ന ജോലികളിൽ (ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷനൽ തെറാപ്പി തുടങ്ങിയവ), അടിസ്ഥാന അറബിക് ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ വലിയൊരു മുൻതൂക്കം നൽകും. അത് നിങ്ങളുടെ ജോലിയെ എളുപ്പമാക്കുകയും രോഗികളുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യും. അതുപോലെ തന്നെ മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാവാത്തതാണ്.

തുടർ പഠനവും സ്പെഷ്യലൈസേഷനും (The Art of Up-skilling):

ജനറൽ ബി.എസ്‌.സി കഴിഞ്ഞാൽ അതിൽ തന്നെ ഒതുങ്ങി നിൽക്കാതെ മാസ്റ്റേഴ്സ് ചെയ്യുകയോ മറ്റ് സ്പെഷലൈസ്ഡ് സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്യുകയോ ചെയ്യുക. ഉദാഹരണത്തിന്, വെറുമൊരു എം.ആർ.ഐ ടെക്നീഷ്യൻ ആകുന്നതിനേക്കാൾ ആധുനികമായ പെറ്റ് സ്കാൻ (PET Scan) കൈകാര്യം ചെയ്യാൻ അറിയാവുന്ന സ്പെഷലിസ്റ്റ് ആയാൽ നിങ്ങൾക്ക് ഗൾഫിൽ വലിയ ഡിമാൻഡ് ആയിരിക്കും. അതുപോലെ ജനറൽ ലബോറട്ടറി ടെക്നീഷ്യന് പകരം മോളിക്യുലാർ ബയോളജി (Molecular Biology), ജനറ്റിക്സ് (Genetics) തുടങ്ങിയവയിൽ പ്രാവീണ്യം നേടിയാൽ മികച്ച പാക്കേജുകൾ നിങ്ങളെ തേടിയെത്തും. കാലത്തിനൊത്ത മാറ്റം ഉൾക്കൊള്ളുക എന്നത് അതിജീവനത്തിന് പ്രധാനമാണ്.

ഗൾഫിന് അപ്പുറമുള്ള ലോകം: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഹിമപാതങ്ങൾ

അലൈഡ് ഹെൽത്ത് പ്രൊഫഷനലുകളെ സംബന്ധിച്ചിടത്തോളം ഇന്ന് മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ ഗൾഫ് രാജ്യങ്ങൾ മാത്രമല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള ജോലിക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഗൾഫിൽ നിയമങ്ങൾ കർശനമാവുകയും ശമ്പളം കുറയുകയും, ഒരിക്കലും പൗരത്വം (Citizenship) കിട്ടില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയും ചെയ്തതോടെ, മിടുക്കരായ പല ഉദ്യോഗാർത്ഥികളും തങ്ങളുടെ ശ്രദ്ധ യൂറോപ്പിലേക്കും നോർത്ത് അമേരിക്കയിലേക്കും മാറ്റിയിട്ടുണ്ട്.

യൂറോപ്പ്, യു.കെ, അയർലൻഡ് എന്നിവിടങ്ങളിൽ ഇന്ന് നഴ്സുമാർക്ക് മാത്രമല്ല, റേഡിയോഗ്രാഫർമാർക്കും, ഫിസിയോതെറാപ്പിസ്റ്റുകൾക്കും, ലബോറട്ടറി സയന്റിസ്റ്റുകൾക്കും, ഓക്കുപ്പേഷനൽ തെറാപ്പിസ്റ്റുകൾക്കും വലിയ ഡിമാൻഡ് ഉണ്ട്. യു.കെയിലെ ഗവൺമെന്റ് ഹെൽത്ത് കെയർ സിസ്റ്റമായ എൻ.എച്ച്.എസ് ഓരോ വർഷവും ആയിരക്കണക്കിന് ഒഴിവുകളിലേക്കാണ് ഇന്ത്യയിൽ നിന്നും മറ്റും നേരിട്ട് നിയമനം നടത്തുന്നത്. ഒ.ഇ.ടി, അല്ലെങ്കിൽ ഐ.ഇ.എൽ.ടി.എസ്​ പോലെയുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ പാസാകുകയും അവരുടെ എച്ച്​.സി.പി.സി രജിസ്ട്രേഷൻ നേടുകയും ചെയ്യണം എന്ന് മാത്രം. ഇവിടെ മെച്ചപ്പെട്ട ശമ്പളത്തോടൊപ്പം, നിശ്ചിത വർഷങ്ങൾക്ക് ശേഷം സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനന്‍റ്​ റെസിഡന്‍സി) ലഭിക്കാനും, കുടുംബത്തെ കൂടെ കൊണ്ടുപോകാനും, കുട്ടികൾക്ക് മികച്ച സൗജന്യ വിദ്യാഭ്യാസം നൽകാനും, ഉയർന്ന ജീവിത നിലവാരം ആസ്വദിക്കാനും സാധിക്കും.

ആസ്ട്രേലിയ, ന്യൂസിലാൻഡ്:

മികച്ച ശമ്പളവും സ്വസ്ഥമായ തൊഴിൽ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന മറ്റ് രണ്ട് രാജ്യങ്ങളാണിവ. ലൈസൻസിങ്​ പ്രക്രിയ കുറച്ച് സങ്കീർണവും ചിലവേറിയതുമാണെങ്കിലും, അവിടെ എത്തിയാൽ ഭാവി സുരക്ഷിതമാണ്. സ്പീച്ച് തെറാപ്പിസ്റ്റുകൾക്കും ഓക്കുപ്പേഷനൽ തെറാപ്പിസ്റ്റുകൾക്കും ഇവിടെയും വൻ ഡിമാൻഡ് ഉണ്ട്.

കാനഡ, അമേരിക്ക:

ക്രെഡൻഷ്യലിങ്​ പ്രക്രിയ വളരെ നീണ്ടതും കഠിനവുമാണെങ്കിലും, ഒരുപാട് അലൈഡ് ഹെൽത്ത് പ്രൊഫഷനലുകൾ, പ്രത്യേകിച്ച് ഫിസിയോതെറാപ്പിസ്റ്റുകളും റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളും, വിജയകരമായി ഈ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഉയർന്ന ശമ്പളവും പ്രൊഫഷനൽ വളർച്ചയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ചുരുക്കത്തിൽ, ഒരുകാലത്ത് കേരളത്തിൽനിന്ന് ഗൾഫിലേക്ക് മാത്രം ഒഴുകിയിരുന്ന മെഡിക്കൽ പ്രൊഫഷനലുകളുടെ ട്രെൻഡ് ഇപ്പോൾ മഞ്ഞുമൂടിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. കഴിവുള്ള പലരും ഇന്ന് ഗൾഫിനെ താൽക്കാലിക ഇടത്താവളമായി മാത്രം കണ്ട്, അവിടെ നിന്നുള്ള മികച്ച എക്സ്പീരിയൻസും ഫണ്ടും വെച്ച് യൂറോപ്പിലേക്കോ കാനഡയിലേക്കോ ചേക്കേറുന്ന കാഴ്ചയാണ്.

യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞുള്ള മുന്നേറ്റം

നമ്മൾ തുടക്കത്തിൽ ചോദിച്ച ചോദ്യത്തിലേക്ക് തന്നെ തിരികെ വരാം: ഗൾഫിൽ അലൈഡ് ഹെൽത്ത് രംഗത്ത് തൊഴിലവസരങ്ങൾ ഇല്ലാതാവുകയാണോ? അതെ, പരമ്പരാഗതമായ ജനറൽ കോഴ്സുകൾ പഠിച്ച, സ്കില്ലുകൾ വർധിപ്പിക്കാൻ ശ്രമിക്കാത്ത, ശരാശരി നിലവാരം മാത്രമുള്ള ഉദ്യോഗാർഥികൾക്കുള്ള അവസരങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സ്വദേശിവൽക്കരണവും ആഗോള മത്സരവും പുതിയ നിയമങ്ങളും ചേർന്ന് ഗൾഫിനെ പഴയ പോലൊരു 'എളുപ്പവഴി' അല്ലാതാക്കി മാറ്റിയിരിക്കുന്നു.

എന്നാൽ, ഇതൊരിക്കലും ഒരു അവസാനമല്ല. അവസരങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച് അവസരങ്ങളുടെ സ്വഭാവവും ഗുണനിലവാരവും പൂർണമായും മാറി. കുറഞ്ഞ യോഗ്യതകൾ വെച്ച് ആർക്കും കയറിച്ചെല്ലാവുന്ന ഇടമല്ല ഇന്നത്. എന്നാൽ, സ്വന്തം കഴിവുകൾ നിരന്തരം മെച്ചപ്പെടുത്തുന്നവർക്കും, പുതിയ ടെക്നോളജികൾ പഠിച്ചെടുക്കുന്നവർക്കും, ഏറ്റവും പ്രധാനമായി BOT, BASLP, BPO തുടങ്ങിയ അതിനൂതനവും ഡിമാൻഡ് കൂടിയതുമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർക്കും ഇന്നും ഗൾഫ് സുവർണ ഭൂമി തന്നെയാണ്. അവർക്ക് മുന്നിൽ വാതിലുകൾ എന്നും തുറന്നുകിടക്കും.

പഴയ കാലത്തെ ഗൾഫ് കഥകൾ കേട്ട്, ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും വാങ്ങി വിമാനം കയറിയാൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന ചിന്ത ഇനിയെങ്കിലും നമ്മൾ മാറ്റിവെക്കേണ്ടതുണ്ട്. സ്വപ്നങ്ങൾ കാണാം, പക്ഷെ ആ സ്വപ്നങ്ങൾക്ക് യാഥാർഥ്യത്തിന്റെ അടിത്തറയുണ്ടാകണം. അലൈഡ് ഹെൽത്ത് എന്നത് അങ്ങേയറ്റം മാന്യമായ, മനുഷ്യ സമൂഹത്തിന് എക്കാലവും ആവശ്യമുള്ള, ആതുരസേവനത്തിന്റെ മഹത്വം പേറുന്ന ഒരു പ്രൊഫഷനാണ്. അത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, വ്യക്തമായ ലക്ഷ്യത്തോടെ, ആത്മാർഥമായി തന്നെ മികച്ച കോളജുകളിൽ നിന്ന് അത് പഠിക്കുക. സ്വന്തം സ്കില്ലുകൾ മിനുക്കിയെടുക്കുക.

Tags:    
News Summary - Allied health job opportunities in the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.