ഇന്ത്യയിൽ എൻട്രി ലെവൽ ജോലികളുടെ 37ശതമാനം എ.ഐ ഏറ്റെടുത്തു, ഇനി സോഫ്റ്റ് സ്കില്ലുകൾക്ക് കൂടുതൽ പ്രാധാന്യം: റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ എൻട്രി ലെവൽ (ഫ്രഷർ) ജോലികളിൽ ഏകദേശം 37 ശതമാനം ജോലികളും ഇതിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഇത് ആഗോള ശരാശരിയായ 33 ശതമാനത്തേക്കാൾ കൂടുതലാണെന്ന് കോഗ്നിസന്റ്-പിയേഴ്സൺ സംയുക്ത പഠനമായ ‘ദ എ.ഐ വർ​ക്ക്ഫോഴ്സ് പൾസ്’ വ്യക്തമാക്കുന്നു.

യു.എസ്, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലെ 750 എച്ച്.ആർ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, 18 ശതമാനം എച്ച്.ആർ മാനേജർമാർ അവരുടെ സ്ഥാപനങ്ങളിൽ ഫ്രഷർമാർ ചെയ്യുന്ന ജോലികളുടെ പകുതിയിലേറെയും എ.ഐ നിർവഹിക്കുന്നതായി അഭിപ്രായപ്പെട്ടു.

എന്നാൽ എ.ഐ ജോലികൾ ഇല്ലാതാക്കുകയല്ല, മറിച്ച് ജോലികളുടെ സ്വഭാവം മാറ്റുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആവർത്തന സ്വഭാവമുള്ള ജോലികൾ എ.ഐ ഏറ്റെടുക്കുമ്പോൾ, ജീവനക്കാർ കൂടുതൽ തന്ത്രപ്രധാനവും മൂല്യമേറിയതുമായ ജോലികളിലേക്ക് മാറുകയാണെന്ന് 80 ശതമാനം ഇന്ത്യൻ കമ്പനികളും അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻട്രി ലെവൽ ജോലികൾ പൂർണമായും മാറുമെന്നാണ് 96 ശതമാനം എച്ച്.ആർ നേതാക്കളുടെയും വിലയിരുത്തൽ. ഭാവിയിൽ ജീവനക്കാർ എ.ഐ സിസ്റ്റങ്ങളെ മേൽനോട്ടം വഹിക്കുക, എ.ഐ സൃഷ്ടിക്കുന്ന ഫലങ്ങൾ പരിശോധിക്കുക, മനുഷ്യ വിധിനിർണയം ആവശ്യമായ മേഖലകളിൽ ഇടപെടുക തുടങ്ങിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.

സാങ്കേതിക മേഖലക്ക് പുറത്തുള്ള മാർക്കറ്റിങ്, സെയിൽസ്, നിയമം, ഓപറേഷൻസ് തുടങ്ങിയ മേഖലകളിലും എ.ഐ പരിജ്ഞാനം അനിവാര്യമാകുമെന്ന് 98 ശതമാനം എച്ച്.ആർ വിദഗ്ധരും അഭിപ്രായപ്പെട്ടു. അതേസമയം, പ്രശ്നപരിഹാരശേഷി, ആശയവിനിമയം, സഹകരണം, മനുഷ്യ വിധിനിർണയം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എ.ഐ പരിശീലനത്തിനുള്ള ആവശ്യം വർധിച്ചുവരുന്നുണ്ടെങ്കിലും, അതിനനുസരിച്ച് പരിശീലന പരിപാടികൾ മുന്നേറുന്നില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ശരിയായ കഴിവുകളുള്ള ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിൽ 61 ശതമാനം ഇന്ത്യൻ കമ്പനികളും ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നതായും പഠനം കണ്ടെത്തി. 

യുവ പ്രഫഷനലുകളെ നിയമിക്കുമ്പോൾ തൊഴിലുടമകൾ അന്വേഷിക്കുന്ന കാര്യങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും കോഗ്നിസന്റ്-പിയേഴ്‌സൺ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കമ്പനികൾ പ്രത്യേക ബിരുദങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നത് നിർത്തി വിവിധ വിഷയങ്ങളിലുള്ള അറിവിനും അനുയോജ്യമായ വൈദഗ്ധ്യത്തിനും കൂടുതൽ പ്രാധാന്യം നൽകും. വൈവിധ്യമാർന്ന അകാദമിക് പശ്ചാത്തലങ്ങളുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ലിബറൽ ആർട്‌സ്, ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും ഏകദേശം 67ശതമാനം എച്ച്.ആർ പ്രഫഷണലുകൾ പറയുന്നു.

ഇന്ത്യ വലിയൊരു പരിവർത്തനത്തിന്റെ തുടക്കത്തിലാണെന്നും, എൻട്രി ലെവൽ ജോലികളുടെ സ്വഭാവം പുനർരൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുകയാണെന്നും. യുവ പ്രഫഷണലുകൾ എ.ഐയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിക്കേണ്ടതുണ്ടെന്നും കോഗ്നിസന്റ് ഇന്ത്യയുടെ ഗ്ലോബൽ ഓപറേഷൻസ് പ്രസിഡന്റും ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് വാര്യർ പറയുന്നു. എ.ഐയോടൊപ്പം ഫലപ്രദമായി പ്രവർത്തിക്കാൻ പഠിക്കാനും, പൊരുത്തപ്പെടാനും, വീണ്ടും വൈദഗ്ധ്യം നേടാനും കഴിയുന്നവരുടേതായിരിക്കും ഭാവിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

Tags:    
News Summary - India beats global average as AI takes over 37percent of entry level jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.