ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷന്റെ (സി.ബി.എസ്.ഇ) ഓൺ-സ്ക്രീൻ മാർക്കിങ് പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ദേശീയ ശ്രദ്ധ നേടിയ 19കാരനായ നിസർഗ അധികാരിക്ക് ഐ.ഐ.ടി കാൺപൂരിലെ സൈബർ സുരക്ഷാ ഗവേഷണ കേന്ദ്രമായ C3iHubൽ ജോലി. OSINT (ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ്) ആൻഡ് ത്രെറ്റ് ഇന്റലിജൻസ് എൻജിനീയറായാണ് നിയമനം. എൻജിനിയറിങ് ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പാണ് നിസർഗക്ക് ഈ അവസരം ലഭിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശിയായ നിസർഗ, സി.ബി.എസ്.ഇയുടെ ഒ.എസ്.എം സംവിധാനത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരുന്നു. അടിസ്ഥാന സാങ്കേതിക അറിവ് മാത്രമുള്ള ഒരാൾക്കുപോലും ഒ.ടി.പി പരിശോധന മറികടക്കാനും പരീക്ഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനും മാർക്കുകളിൽ മാറ്റം വരുത്താനുമാകുമെന്നായിരുന്നു കണ്ടെത്തൽ. ഈ കണ്ടെത്തലുകൾ നിസർഗ ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചശേഷം ബ്ലോഗിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവിടുകയായിരുന്നു. നിസർഗയുടെ സാങ്കേതിക കഴിവുകളും സൈബർ സുരക്ഷാ രംഗത്തെ ഇടപെടലുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഐ.ഐ.ടി കാൺപൂർ C3iHubലേക്ക് ക്ഷണിച്ചത്.
എ.ഐയുടെ കടന്നുവരവോടെ വൻകിട കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുകളിലേക്ക് നീങ്ങുന്നതിനിടെയാണ് നിസർഗയുടെ നിയമനം ശ്രദ്ധേയമാകുന്നത്. പരമ്പരാഗത ബിരുദ യോഗ്യതകൾക്കപ്പുറം, സാങ്കേതിക മികവും നവീന ചിന്താശേഷിയും ഉത്തരവാദിത്തപരമായ പ്രവർത്തനവും മികച്ച കരിയർ അവസരങ്ങളിലേക്ക് വഴിതുറക്കുമെന്നതിന് ഉദാഹരണം കൂടിയാണ് നിസർഗയുടെ നേട്ടം. അതുകൊണ്ടുതന്നെ, തൊഴിൽ നഷ്ടങ്ങൾക്കിടയിൽ തൊഴിലുറപ്പിക്കാനുള്ള ഒരു മേഖല കൂടിയായി സൈബർ സുരക്ഷ മാറുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം വർധിക്കുന്നതോടെ സൈബർ സുരക്ഷ പഠനത്തിനും തൊഴിൽ സാധ്യതകൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഓൺലൈൻ ബാങ്കിങ്, ഇ-കൊമേഴ്‌സ്, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളും സൈബർ ആക്രമണങ്ങളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വളരെയധികം വിദഗ്ധരെ ഈ മേഖലയിൽ ആവശ്യമായി വരും.
കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, ഡാറ്റ, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയെ ഹാക്കിങ്, വൈറസ് ആക്രമണം, ഡാറ്റ മോഷണം തുടങ്ങിയ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും രീതികളും പഠിക്കുന്നതാണ് സൈബർ സുരക്ഷ. വിദ്യാർഥികൾക്ക് ബി.ടെക്, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകൾക്കൊപ്പം സൈബർ സുരക്ഷയിൽ സ്പെഷലൈസേഷനും തിരഞ്ഞെടുക്കാം.
എത്തിക്കൽ ഹാക്കർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, പെനെട്രേഷൻ ടെസ്റ്റർ (പെൻ ടെസ്റ്റർ), ഡിജിറ്റൽ ഫോറൻസിക് വിദഗ്ധൻ, സെക്യൂരിറ്റി കൺസൽട്ടന്റ്, ത്രെറ്റ് ഇന്റലിജൻസ് അനലിസ്റ്റ്, സെക്യൂരിറ്റി എൻജിനീയർ, സെക്യൂരിറ്റി ആർകിടെക്ട് തുടങ്ങിയ നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയിലുള്ളത്. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഐ.ടി കമ്പനികൾ, പ്രതിരോധ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവിടങ്ങളിലൊക്കെ സൈബർ സുരക്ഷാ വിദഗ്ധർക്ക് വലിയ ഡിമാൻഡുണ്ട്. സാങ്കേതിക അറിവിനൊപ്പം പ്രശ്നപരിഹാര കഴിവ്, പ്രോഗ്രാമിങ് പരിജ്ഞാനം, നെറ്റ്‌വർക്കിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയിലെ അറിവും ഈ മേഖലയിലെ വിജയത്തിന് സഹായകരമാകും. ഇന്ത്യയിൽതന്നെ വിവിധ
ഐ.ഐ.ടികൾ, എൻ.ഐ.ടി, വിവിധ സർവകലാശാലകൾ തുടങ്ങിയ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകൾ നടത്തിവരുന്നുണ്ട്. വൻകിട കമ്പനികളിൽ തുടക്കക്കാർക്ക് മൂന്നുലക്ഷം മുതലാണ് വാർഷിക ശമ്പളം. എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ച് ശമ്പളത്തിലും വർധനയുണ്ടാകും. ഒരു സെക്യൂരിറ്റി ആർകിടെക്ടിന് മാസം ഒന്നര മുതൽ രണ്ടു ലക്ഷം വരെ ശമ്പളമായി ലഭിക്കും. സൈബർ സുരക്ഷ വിദഗ്ധന് ലക്ഷത്തിന് മുകളിലാണ് മാസ ശമ്പളം.
സൈബർ ഭീഷണികൾ കൂടുതൽ സങ്കീർണമാവുകയും സ്ഥാപനങ്ങൾ ഡിജിറ്റൽ സുരക്ഷക്ക് കൂടുതൽ മുൻഗണന നൽകുകയും ചെയ്യുന്നതോടെ, എല്ലാ വ്യവസായങ്ങളിലും വൈദഗ്ധ്യമുള്ള സൈബർ സുരക്ഷാ പ്രഫഷനലുകളെ ആവശ്യമായിവരും. പ്രായോഗിക കഴിവുകളും തുടർച്ചയായ പഠനവുമാണ് ഈ മേഖലക്ക് ഏറ്റവും ആവശ്യം. സാങ്കേതികവിദ്യയിൽ താൽപര്യമുള്ളവർക്ക് കരിയർ പടുത്തുയർത്താൻ ആവശ്യമായ ഒരു മേഖലയായി ഇതിനെ മാറ്റാം. സൈബർ ഭീഷണിക്ക് ഇനി വരുന്ന കാലത്ത് ഒരു പഞ്ഞവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഡിജിറ്റൽ യുഗത്തിൽ ഭാവി കെട്ടിപ്പടുക്കാൻ ഏറ്റവും അനുയോജ്യമായ കരിയറുകളിലൊന്നായി ‘സൈബർ സുരക്ഷ’യെ കണക്കാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.