തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിഭായ് നാഷനൽ ഫിസിക്കൽ എജുക്കേഷൻ (സായി-എൽ.എൻ.സി.പി.ഇ) കോളജിൽ നാലുവർഷ ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (ബി.പി.എഡ്), മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) കോഴ്സുകളിൽ പ്രവേശനം നേടാം. ഓൺലൈനായി ജൂൺ 22 വൈകീട്ട് ആറു മണിവരെ അപേക്ഷിക്കാം. നാലുവർഷ ബി.പി.എഡ് കോഴ്സിന് 70 സീറ്റുകളുണ്ട് (ഇതിൽ 28 പെൺകുട്ടികൾക്കാണ്), രണ്ടുവർഷ എം.പി.ഇ.എസിന് 25 സീറ്റുകളും. ഓരോ കോഴ്സിനും 1000 രൂപ വീതമാണ് ഫീസ്.
പഠിച്ചിറങ്ങുന്നവർക്ക് ഹൈസ്കൂൾതലംവരെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർമാരാകാം. ഫിറ്റ്നസ് സെന്ററുകളിലും ഹെൽത്ത് ക്ലബുകളിലും മറ്റും ട്രെയിനർ/ഇൻസ്ട്രക്ടർ/കോച്ച് തുടങ്ങിയ ജോലി സാധ്യതകളുണ്ട്. പ്രവേശന യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ 45 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പ്രായം 23 വയസ്സിന് താഴെയാവണം. എസ്.ടി/എസ്.ടി/എസ്.ഇ.ബി.സി തുടങ്ങിയ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ മാർക്കിളവുണ്ട്. പട്ടികവിഭാഗക്കാർക്ക് പ്രായം 25 വയസ്സുവരെയാകാം.
എം.പി.ഇ.എസ് പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ ബി.പി.ഇ.എസ്/ബി.പി.ഇ/ബി.പി.എഡ്/ബി.എസ് സി (പി.ഇ) ബിരുദമുള്ളവർക്കാണ് അവസരം. മികച്ച കായികതാരങ്ങൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും മാർക്കിളവ് ലഭിക്കും. പ്രായം 28 വയസ്സിന് താഴെയാവണം.
തിരുവനന്തപുരം, ഗ്വാളിയർ, ഗുവാഹതി എന്നിവിടങ്ങളിലാണ് സെലക്ഷൻ ടെസ്റ്റ്. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. വിവരങ്ങൾക്കും അപേക്ഷക്കും www.lncpe.ac.in സന്ദർശിക്കുക. ഫോൺ: 0471-2418712, 2412189
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.