രാവിലെ 6 മണിക്ക് ഇമെയിൽ ‘ഇന്ന് നിങ്ങളുടെ ജോലിയുടെ അവസാന ദിവസം’; എ.ഐ നിക്ഷേപത്തിനിടെ ഒറാക്കിളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനിടെ ടെക് ഭീമൻ ഒറാക്കിളിൽ വീണ്ടും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ. സെപ്റ്റംബർ 14ന് രാവിലെ ആറുമണിക്ക് ജീവനക്കാരെ ഇമെയിലിലൂടെ ജോലി നഷ്ടമായ വിവരം അറിക്കുകയായിരുന്നു. ഇമെയിൽ ലഭിച്ച ദിവസം തന്നെ അവസാന ജോലി ദിവസമാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ പിരിച്ചുവിടലിൽ എത്ര ജീവനക്കാരെ ബാധിച്ചുവെന്ന കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ‘ഇന്ന് നിങ്ങളുടെ ജോലിയിലെ അവസാന ദിവസം’ എന്നായിരുന്നു ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്. ‘ഒറാക്കിൾ ലീഡർഷിപ്പ്’ എന്ന പേരിലായിരുന്നു ഇമെയിൽ. സംഘടനാ മാറ്റത്തിന്റെ ഭാഗമായി ജീവനക്കാരുടെ തസ്തികകൾ ഒഴിവാക്കിയതായി ഇമെയിലിൽ പറഞ്ഞിരുന്നു.

ചില ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുന്നതിന് മുമ്പുതന്നെ കമ്പനി സംവിധാനങ്ങളിലേക്കുള്ള പ്രവേശനവും നഷ്ടമായിരുന്നു. ഒറാക്കിളിന്റെ കമ്പ്യൂട്ടറുകൾ, ഇമെയിൽ, വോയ്‌സ്‌മെയിൽ, ഫയലുകൾ എന്നിവയിലേക്കുള്ള ആക്‌സസ് ഉടൻ തന്നെ നിർജ്ജീവമാക്കി. ചിലരുടെ ലോഗിൻ പുലർച്ചെ നാലുമണിയോടെ പ്രവർത്തനരഹിതമായെന്നും തുടർന്ന് ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളിൽനിന്ന് പുറത്താക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പിരിച്ചുവിടലുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി സ്വകാര്യ ഇമെയിൽ വിലാസം നൽകാനും കമ്പനി ആവശ്യപ്പെട്ടു.

എന്നാൽ നിലവിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇന്ത്യയിലെ എത്ര ജീവനക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. പുതിയ പിരിച്ചുവിടലിന് തൊട്ടുമുമ്പുതന്നെ ഒറാക്കിൾ വലിയ തോതിൽ ജീവനക്കാരെ കുറച്ചിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ 21,000 ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്. ഒരു വർഷം മുമ്പ് 1,62,000 ആയിരുന്നു ജീവനക്കാരുടെ എണ്ണം. കൂട്ടപ്പിരിച്ചുവിടലോടെ ഇത് 1,41,000 ആയി കുറഞ്ഞു. ഇതിനുപിന്നാലെയാണ് വീണ്ടും ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.

അതേസമയം, എ.ഐ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ഒറാക്കിൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. എ.​ഐ ക്ലൗഡ് സേവനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് ഡാറ്റാ സെന്ററുകളിലും കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളിലും കമ്പനി വൻ നിക്ഷേപം നടത്തുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഒറാക്കിളിന്റെ മൂലധനചെലവ് ഏകദേശം 28.5 ബില്യൺ ഡോളറായി ഉയർന്നിരുന്നു. 2027 സാമ്പത്തിക വർഷത്തിൽ എ.ഐ അടിസ്ഥാനസൗകര്യങ്ങൾക്കായി 95 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനുള്ള പദ്ധതിയും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്.

Tags:    
News Summary - Oracle Layoffs 6 AM Email Says Today Is Your Last Working Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.