സഞ്ജിത മൊഹപത്ര
മുംബൈ: പ്രതിബന്ധങ്ങളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തരണം ചെയ്താണ് സഞ്ജിത മൊഹാപാത്ര ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി എന്ന വിലാസത്തിൽ നിന്ന് ഐ.എ.എസ് ഓഫീസറായി മാറുന്നത്. ഒഡീഷയിലെ റൂർക്കേലയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് സഞ്ജിത ജനിക്കുന്നത്. ആദ്യ പെൺകുഞ്ഞിന് ശേഷം ഒരു ആൺകുഞ്ഞിനായി കൊതിച്ച കുടുംബത്തെ അവളുടെ ജനനം നിരാശപ്പെടുത്തി.
കുടുംബം സഞ്ജിതയെ ഏറെക്കുറെ ഉപേക്ഷിച്ചു. എന്നാൽ മൂത്ത സഹോദരിയുടെ നിർബന്ധപ്രകാരമാണ് മാതാപിതാക്കൾ സഞ്ജിതയെ സംരക്ഷിക്കുന്നത്. കുടുംബത്തിന്‍റെ മോശം സാമ്പത്തിക സ്ഥിതി കാരണം സഞ്ജിതയുടെ കുട്ടിക്കാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാമൂഹിക സംഘടനകളെയും അധ്യാപകരെയും സ്കോളർഷിപ്പുകളെയും ആശ്രയിക്കേണ്ടിവന്നു.
മെക്കാനിക്കൽ എഞ്ചിനീയറങ്ങിൽ ബിരുദം നേടിയ ശേഷം, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്‍റ് മാനേജറായി സഞ്ജിത നിയമിതയായി. ഈ കാലയളവിൽ ഗ്രാമത്തിൽ വീട് നിർമിക്കാൻ അവൾ മാതാപിതാക്കളെ സഹായിച്ചു. ഇപ്പോൾ തന്‍റെ നേട്ടങ്ങളിൽ മാതാപിതാക്കൾ അഭിമാനിക്കുന്നുവെന്ന് സഞ്ജിത പറയുന്നു. ചെറുപ്പം മുതലേ ഐ.എ.എസ് ഓഫിസറാകാൻ സഞ്ജിത മോഹപത്ര ആഗ്രഹിച്ചിരുന്നു. 2019ൽ അഞ്ചാമത്തെ ശ്രമത്തിൽ സഞ്ജിത യു.പി.എസ്.സി പരീക്ഷ പാസായി. യു.പി.എസ്.സി തയാറെടുപ്പിന് കുടുംബം നല്ല പിന്തുണയാണ് നൽകിയതെന്ന് സഞ്ജിത പറയുന്നു. 2019ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ പത്ത് റാങ്കിൽ സഞ്ജിത ഇടം നേടി.
ഇപ്പോൾ മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ പരിഷത്തിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാനും ജില്ലാ പരിഷത്ത് സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും താൻ ആഗ്രഹിക്കുന്നുവെന്ന് സഞ്ജിത മോഹപത്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.