ഡോ. വസീം ഉർ റഹ്മാൻ പിതാവിനൊപ്പം

മൂന്നുവട്ടവും തോറ്റു; ആത്മവിശ്വാസവും കഠിനാധ്വാനവും ​കൈമുതലാക്കി ഈ ഡോക്ടർ നേടിയെടുത്തത് അഭിമാന വിജയം

പട്ന: ആത്മവിശ്വാസവും നിരന്തരമായ കഠിനാധ്വാനവും മാത്രമായിരുന്നു ഡോ. വസീം ഉർ റഹ്മാന് സിവിൽ സർവിസ് പരീക്ഷക്കു മുമ്പേ കൈയിൽ ഉണ്ടായിരുന്നത്. മെഡിക്കൽ പ്രാക്ടീസിൽ നിന്ന് മാറിനിൽക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ വിശാലമായ ഒരു പ്ലാറ്റ്‌ഫോമിൽ സേവനമനുഷ്ഠിക്കണമെന്ന് എപ്പോഴും അദ്ദേഹം സ്വപ്നം കണ്ടു. മൂന്നുവട്ടവും തോറ്റിട്ടും നാലാമത്തെ ശ്രമത്തിലാണ് ഡോ. വസീം ഉർ റഹ്മാൻ സിവിൽ സർവിസ് നേടിയത്. ഈ വർഷം യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്‌.സി) പരീക്ഷയിൽ വിജയിച്ച 26 മുസ്‍ലിം സ്ഥാനാർഥികളിൽ ഒരാളാണ് ഈ ഡോക്ടർ. 281ആം അഖിലേന്ത്യാ റാങ്കാണ് വസീം ഉർ റഹ്മാൻ നേടിയത്. നരവംശശാസ്ത്രമായിരുന്നു ഐച്ഛികമായെടുത്തത്.

ബിഹാറിലെ ലിച്ചികളുടെ നഗരം എന്നറിയപ്പെടുന്ന മുസാഫർപൂർ ജില്ലയിലെ കത്ര ബ്ലോക്കിലെ ഹത്തൂരി പഞ്ചായത്തിലെ തിഖി എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള വസീമിന്റെ യാത്ര സിവിൽ സർവിസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു. 25 വയസ്സുള്ള ആ യുവാവിന് കുടുംബം നിർലോഭമായ പിന്തുണ കൊടുത്തു. പിതാവ് സാവൂദ് അസം റഹ്മാനി ബിഹാർ സർക്കാരിൽ ബ്ലോക്ക് കൃഷി ഓഫിസറായി വിരമിച്ചു.

അമ്മ ഒരു സർക്കാർ സ്കൂളിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ്. ഹസ്രത്ത് അലി അക്കാദമിയിലും പിന്നീട് ഡി.എ.വി പബ്ലിക് സ്കൂളിലുമായി മുസാഫർപൂരിൽ എട്ടാം ക്ലാസ് വരെ വസീം തന്റെ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടി. യഥാക്രമം 90, 91ശതമാനം സ്കോറുകൾ നേടിയാണ് പത്ത്, 12 ക്ലാസുകൾ പാസായത്. ‘എം.ഡി, എം.എസ് എന്നിവ ഉപേക്ഷിച്ച് സിവിൽ സർവീസ് തയാറെടുപ്പിനായി സ്വയം സമർപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തുടക്കത്തിൽ പിതാവിന് ആശങ്കകളുണ്ടായിരുന്നെങ്കിലും മകന്റെ ദൃഢനിശ്ചയത്തിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. ‘അവൻ ശാന്തനായ ഒരു മനുഷ്യനാണ്. അവന്റെ വിജയത്തിന് ഞങ്ങൾ അല്ലാഹുവിനോട് നന്ദി പറയുന്നു, അവന്റെ തുടർന്നുള്ള വിജയത്തിനായി പ്രാർത്ഥിക്കുന്നു’, അദ്ദേഹം പറഞ്ഞു. ‘ഓരോ തിരിച്ചടിയും എനിക്ക് മാനസികവും വൈകാരികവുമായ സ്ഥിരത കൈവരിക്കാൻ എന്നെ പഠിപ്പിച്ചു. ഈ പരീക്ഷയുടെ അനിശ്ചിതത്വങ്ങളെ സ്വീകരിക്കാൻ പഠിച്ചു. എന്റെ അറിവിന്റെ അടിത്തറ വിശാലമാക്കാനും എന്റെ എഴുത്ത് പരിഷ്കരിക്കാനും, സ്ഥിരോത്സാഹത്തോടെ മുന്നോട്ട് വരാനും ഓരോ തവണയും കൂടുതൽ ശക്തമായി തിരിച്ചുവരാനുമുള്ള മാനസിക ശക്തി വികസിപ്പിക്കാനും ഞാൻ ശ്രമിച്ചു’, അദ്ദേഹം പറഞ്ഞു. വിഷയം എനിക്ക് പൂർണമായും പുതിയതായതിനാൽ, മനുഷ്യ പരിണാമം, ജനിതകശാസ്ത്രം തുടങ്ങിയ പരിചിതമായ മേഖലകളിൽ നിന്നാണ് ഞാൻ ആരംഭിച്ചത്, അത് എന്റെ മെഡിക്കൽ പശ്ചാത്തലവുമായി പൊരുത്തപ്പെടുന്നതായിരുന്നു. ക്രമേണ, ഞാൻ സാമൂഹിക-സാംസ്കാരിക നര വംശശാസ്ത്രത്തിലേക്ക് മാറി. ചില ആശയങ്ങൾ അപരിചിതമായിരുന്നെങ്കിലും സ്ഥിരമായ പരിശ്രമം കൊണ്ട്, എനിക്ക് അവ മനസ്സിലാക്കാനും സമഗ്രമായ കുറിപ്പുകൾ തയാറാക്കാനും കഴിഞ്ഞു’, അദ്ദേഹം വിശദീകരിച്ചു.

സ്വയം പഠിക്കാൻ തീരുമാനിച്ച വസീം, പ്രത്യേക വിഷയങ്ങൾക്ക് ഒന്നിലധികം പേരുടെ സഹായം തേടി. അച്ചടക്കമുള്ള ദിനചര്യയും ഘടനാപരമായ ടൈംടേബിളും തന്റെ കാര്യക്ഷമത വളരെയധികം വർധിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിശ്വസനീയമായ ഓൺലൈൻ ഉറവിടങ്ങളും അദ്ദേഹം വ്യാപകമായി ഉപയോഗിച്ചു. അഭിമുഖം നടക്കവേ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒരു പ്രത്യേക പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് അഭിമുഖം നടത്തിയ പാനൽ ചെയർമാൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ വായിച്ചിട്ടില്ലെന്ന് വിനയപൂർവം സമ്മതിച്ചു, തുടർന്ന് അദ്ദേഹം അത് വായിക്കാൻ എന്നെ ഉപദേശിച്ചതായി വസീം പറയുന്നു. ഇത്തവണ, മെഡിക്കൽ പ്രൊഫഷൻ വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബോർഡ് ചോദ്യം ചെയ്തി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

‘തന്റെ വിജയത്തിന്റെ പ്രധാന പങ്ക് കുടുംബത്തിന്റെ പിന്തുണയാണെന്ന് വസീം പറയുന്നു. ‘ഈ യാത്രയിലെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എന്നെ പിന്തുണച്ച കുടുംബം ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. പൂർണമായും അവർ എന്നിൽ അർപ്പിച്ച വിശ്വാത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു’. അദ്ദേഹം പറഞ്ഞു. അടുത്തിടെ, ഞാൻ ഡേവിഡ് റോബ്‌സണിന്റെ ‘ദി ഇന്റലിജൻസ് ട്രാപ്പ്’, ഡാനിയേൽ കാനെമാന്റെ ‘തിങ്കിംഗ്, ഫാസ്റ്റ് ആൻഡ് സ്ലോ’ എന്നിവ വായിച്ചു. വായന ലോകത്തെക്കുറിച്ചുള്ള ഒരാളുടെ ഗ്രാഹ്യം വിശാലമാക്കുകയും വിവിധ വശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഏതൊരു മേഖലയിലും വിജയിക്കാൻ ഈ ശീലം അത്യാവശ്യമാണ്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ‘സോഷ്യൽ മീഡിയയുടെ ഉപയോഗം കുറക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ഇത് പലപ്പോഴും ശ്രദ്ധ തിരിക്കുന്നതായി പ്രവർത്തിക്കുകയും വിലപ്പെട്ട സമയം പാഴാക്കുകയും ചെയ്യുന്നു’ എന്നാണ് ഡോക്ടർ വസീം ഉർ റഹ്മാന്റെ മറുപടി.

Tags:    
News Summary - This doctor achieved this proud victory through self-confidence and hard work.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.