സ്ത്രീയായതിനാൽ പ്രവേശനം നിരസിച്ച സി.വി. രാമനോട് ഏറ്റുമുട്ടി പുതിയ വഴി തുറന്നു; കമല സൊഹോനി ഇന്ത്യയിലെ ആദ്യ പിഎച്ച്.ഡിക്കാരിയായത് ഇങ്ങനെയൊക്കെയാണ്

ആ പെൺകുട്ടിക്ക് രസതന്ത്രം കുട്ടിക്കാലം മുതൽക്കേ വലിയ അഭിനിവേശമായിരുന്നു. 1911ൽ ശാസ്ത്രജ്ഞൻമാരുടെ കൂട്ടത്തിലേക്കാണ് ആ പെൺകുട്ടിയും പിറന്നുവീണത്. ഇന്ദോർ ആയിരുന്നു കമല സൊഹോനിയുടെ ജൻമനാട്.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്‌സി) പരിശീലനം നേടിയ ആദ്യകാല ഇന്ത്യൻ രസതന്ത്രജ്ഞരിൽ ഉൾപ്പെട്ടവരായിരുന്നു കമലയുടെ പിതാവ് നാരായണറാവു ഭഗവതും അമ്മാവൻ മാധവറാവു ഭഗവതും. കുടുംബത്തിന്റെ സിരകളിലൂടെ ഒഴുകിയത് രസതന്ത്രമായിരുന്നു. പുരുഷാധിപത്യത്തിന് കൂടുതൽ വേരോട്ടമുള്ള കാലമായിരുന്നു അത്.

അച്ഛന്റെ വീട്ടിലെ ചെറിയ ലാബിൽ നിന്ന് തുടങ്ങിയതാണ് കമലയുടെ കെമിസ്ട്രിയോടുള്ള പ്രണയം.അവിടെയുള്ള ഗ്ലാസ് ബീക്കറുകളിൽ സംഭവിക്കുന്ന രസതന്ത്ര പരീക്ഷണങ്ങളെ അവർക്ക് മാജിക് ആയി അനുഭവപ്പെട്ടു. എന്നാൽ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടമായതിനാൽ, സ്ത്രീകൾക്ക് പരിമിതികളുണ്ടായിരുന്നു. എത്രത്തോളം കഴിവുകൾ ഉണ്ടായിട്ടും കാര്യമില്ല. സ്‍ത്രീകൾക്കു മുന്നിൽ അവസരങ്ങളുടെ വാതിലുകൾ അടഞ്ഞുതന്നെ കിടന്നു.

ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് 1933ൽ ഒന്നാമതായാണ് കമല കെമിസ്ട്രിയിൽ ബിരുദം നേടിയത്. ആ പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പഠനം.

അക്കാലത്ത് ഇന്ത്യയിൽ ശാസ്ത്ര പഠനത്തിന് പുകൾപെറ്റ സ്ഥാപനമായിരുന്നു അത്. കമല പ്രതീക്ഷളോടെ അപേക്ഷ അയച്ച് കാത്തിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അപേക്ഷ നിരസിക്ക​പ്പെട്ടു. മറ്റാരുമല്ല, നോബേൽ പുരസ്കാര ജേതാവും വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞനുമായ സി.വി. രാമനായിരുന്നു കമലക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നൽകാൻ തയാറാകാതിരുന്നത്.

തന്റെ അപേക്ഷ നിരസിച്ചതു കണ്ട കമല ഞെട്ടിപ്പോയി. തന്നെ പ്രത്യേകമായി പരിഗണിച്ച് അവസരം നൽകണമെന്നല്ല, അർഹതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നാണ് അവൾ ആവശ്യപ്പെട്ടിരുന്നത്. കൊളോണിയൽ ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് കമല അധികമൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് വസ്തവം. എന്തായാലും പ്രതിഷേധിക്കാൻ തന്നെ കമല തീരുമാനിച്ചു. സി.വി. രാമന്റെ നിലപാടിനെ കമല പൊതുമധ്യത്തിൽ ചോദ്യം ചെയ്തു. അദ്ദേഹത്തെ മുഖാമുഖം നേരിട്ടു കൊണ്ടുതന്നെ. തന്റെ അപേക്ഷ പരിഗണിക്കുന്നത് വരെ വിട്ടുകൊടുക്കാനും തയാറായില്ല.

ബുദ്ധിശക്തിക്കും ക്ഷിപ്രകോപത്തിനും ഒരുപോലെ പേരുകേട്ടയാളായിരുന്നു സി.വി. രാമൻ. 22വയസുള്ള ഒരു പെൺകുട്ടി തന്നെ വെല്ലുവിളിക്കുന്നത് സി.വി. രാമന് ആലോചിക്കാൻ പോലും പറ്റിയില്ല. വാദപ്രതിവാദങ്ങൾക്കൊടുവിൽ കമലക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നൽകാൻ സി.വി. രാമൻ തയാറായി. എന്നാൽ ഒരു കണ്ടീഷനുണ്ടായിരുന്നു. മികച്ച ശാസ്ത്രജ്ഞയാണെന്ന് കമല തെളിയിക്കണം. വളരെ അപമാനകരമായ സാഹചര്യങ്ങളാണ് കമല നേരിട്ടത്. പകൽ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ലബോറട്ടറിയിൽ പ്രവേശനം അനുവദിച്ചില്ല. പകരം രാത്രികാലങ്ങളിൽ മറ്റുള്ളവരുടെ മേൽനോട്ടത്തിലായിരുന്നു അവിടേക്ക് കടത്തിവിട്ടത്. ഒരെതിർപ്പും കൂടാതെ കമല എല്ലാ ഉപാധികളും അംഗീകരിച്ചു. താൻ അർഹതയുള്ളവളാണെന്ന് തെളിയിക്കേണ്ടത് ആ പെൺകുട്ടിയുടെ ആവശ്യമായിരുന്നു. ഒരു വർഷം കൊണ്ടുതന്നെ മികവ് തെളിയിക്കാൻ കമലക്ക് സാധിച്ചു. ഡിസ്റ്റിങ്ഷനോട് കൂടിയാണ് കമല പഠനം പൂർത്തിയാക്കിയത്. അതോടെ സ്ത്രീകളെ എടുക്കില്ലെന്ന നിലപാട് ഐ.ഐ.എസ്‍സിക്ക് തിരുത്തേണ്ടി വന്നു. അന്നുമുതലാണ് ഐ.ഐ.എസ്‌സിയിൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചുതുടങ്ങിയത്.

ഐ.ഐ.എസ്‌സിയിലെ പഠനത്തിന് ശേഷം 1937ൽ കമല കാംബ്രിഡ്ജിലേക്ക് പോയി.

സ്കോളർഷിപ്പോടെയായിരുന്നു പഠനം. നൊബേൽ ജേതാവ് ഡെറിക് റിച്ചറുടെ കീഴിലായിരുന്നു ഗവേഷണം. 1939ൽ തീസീസ് സമർപ്പിച്ച കമല ബയോകെമിസ്ട്രിയിൽ പിഎച്ച്.ഡിയും പൂർത്തിയാക്കി. ശാസ്ത്ര വിഷയത്തിൽ പിഎച്ച്.ഡി കരസ്ഥമാക്കിയ ആദ്യ വനിതയായും മാറി.

സസ്യകലകളിൽ സൈറ്റോക്രോം സി പോലുള്ള എൻസൈമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നായിരുന്നു പഠനം നടത്തിയത്. കോശങ്ങൾ എങ്ങനെ ശ്വസിക്കുകയും ഊർജം ഉൽപാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്നതിൽ നിർണായകമായിരുന്നു ഈ പഠനം.

പിഎച്ച്.ഡി കഴിഞ്ഞ് പലരും അക്കാദമിക തലങ്ങളിലെ ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോൾ, കമല സാധാരണക്കാർക്കായി തന്റെ നേട്ടം വിനിയോഗിക്കാനാണ് തീരുമാനിച്ചത്. 1940കളിൽ അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. കൂനൂരിലെ ന്യൂട്രീഷൻ റിസർച്ച് ലബോറട്ടറിയിലും പിന്നീട് മുംബൈയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ഗവേഷണ സ്ഥാനങ്ങൾ അവർ ഏറ്റെടുത്തു.

കമലയുടെ ഏറ്റവും വലിയ പരീക്ഷണം ലബോറട്ടറിയിൽ നിന്നല്ല, ഈന്തപ്പനകളിൽ നിന്നുള്ള മധുരമുള്ള നീരയിൽ നിന്നായിരുന്നു. വിറ്റാമിൻ സി, ഇരുമ്പ്, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് നീര എന്ന് അവരുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വിലകുറഞ്ഞ മികച്ച സപ്ലിമെന്റാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പോഷകാഹാര നയങ്ങളെ അവരുടെ ഗവേഷണം സ്വാധീനിക്കുകയും ഉച്ചഭക്ഷണ പരിപാടിയുടെ ആദ്യകാല പതിപ്പുകൾക്ക് പ്രചോദനമാവുകയും ചെയ്തു. ശാസ്ത്രം പ്രശസ്തിക്കു വേണ്ടിയല്ല, മറിച്ച് ജനങ്ങൾക്കുവേണ്ടിയായിരുന്നു കമല ഉപയോഗിച്ചത്. നിശ്ശബ്ദമായ ഒരു വിപ്ലവമായിരുന്നു അവർ ഉണ്ടാക്കിയത്. അക്കാലത്തെ പുരുഷ ശാസ്ത്രജ്ഞരിൽ നിന്ന് വ്യത്യസ്തമായി കമലയുടെ കഥ പാഠപുസ്തകങ്ങളിൽ വളരെ അപൂർവമായി മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്ത്രീകൾക്ക് ഐ.ഐ.എസ്‌സിയുടെ വാതിലുകൾ തുറന്നുകൊടുത്തത് കമലയാണ്. സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള ഗവേഷണ പദ്ധതികൾക്കുള്ള ധനസഹായത്തിന് അവർ പോരാടി. വിദ്യാഭ്യാസത്തിൽ ലിംഗസമത്വം വേണമെന്ന് വാദിച്ചു. പിൽക്കാലത്ത് അവർ മുംബൈയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്ടറായി. താൻ ആദ്യത്തേയാളാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അവർ പറയുകയുണ്ടായി. എന്നാൽ അവസാനത്തെ ആളാകരുതെന്ന് ഉറപ്പിക്കുകയും ചെയ്തു. 1998 ൽ കമല അന്തരിച്ചു.

Tags:    
News Summary - The student who stared Sir CV Raman down, became first Indian woman PhD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.