പകൽ മുഴുവൻ നഗരങ്ങളിൽ സ്വിഗ്ഗി ഡെലിവറി ബോയ് ആയി തിരക്കിട്ട ജോലിയിൽ ആയിരിക്കും സൂരജ് യാദവ്. തിരക്കുകൾ ഒഴിഞ്ഞ് രാത്രി സമയത്ത് പഠിക്കുകയും ചെയ്യും. വലിയ ഒരു സ്വപ്നം നെഞ്ചേറ്റി നടക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. പരക്കം പാച്ചിലിനൊടുവിൽ ആ സ്വപ്നം കൈയെത്തിപ്പിടിക്കുക തന്നെ ചെയ്തു ഈ മിടുക്കൻ. ഡെലിവറി ബോയ് യുടെ യൂനിഫോം അഴിച്ചുമാറ്റി ഡെപ്യൂട്ടി കലക്ടറുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് സൂരജ്.
ഝാർഖണ്ഡിലെ കുഞ്ഞുഗ്രാമത്തിലാണ് സൂരജ് ജനിച്ചത്. ദാരിദ്ര്യം മാത്രമായിരുന്നു കൂട്ടിന്. കൽപ്പണിക്കാരനായിരുന്നു അച്ഛൻ. കുടുംബത്തിന് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ പോലും അദ്ദേഹം വളരെ കഷ്ടപ്പെട്ടു. ഈ സാഹചര്യങ്ങൾക്കിടയിലും സൂരജ് വലിയ സ്വപ്നങ്ങൾ കണ്ടു. സർക്കാർ ജോലി ലഭിച്ചാൽ തന്റെ കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാനാകുമെന്ന് സൂരജിന് മനസിലായി. അതിനായുള്ള ശ്രമങ്ങളായി പിന്നീട്.
റാഞ്ചിയിൽ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനായി പോയപ്പോൾ പണമില്ലാത്തവർക്കുള്ളതല്ല അതെന്ന് സൂരജിന് എളുപ്പം മനസിലായി. തുടർന്നാണ് ഡെലിവറി ബോയ് ആയി ജോലി തുടങ്ങിയത്. അതിനായി ആദ്യം കൂട്ടുകാരുടെ സഹായത്തോടെ സെക്കന്റ്ഹാന്റ് ബൈക്ക് വാങ്ങി. ബൈക്ക് ടാക്സി ഡ്രൈവറായും ജോലി നോക്കി.
രാവും പകലും അധ്വാനിച്ച കാലമായിരുന്നു അത്. ശരീരം ഇടക്ക് അൽപം വിശ്രമം ആവശ്യപ്പെടാൻ തുടങ്ങി. എന്നിട്ടും മുറുകെ പിടിച്ച സ്വപ്നത്തെ കുറിച്ചോർക്കുമ്പോൾ അതൊന്നും കണക്കിലെടുക്കാതെ സൂരജ് ജോലിയും പഠനവുമായി മുന്നോട്ട് പോയി. സൂരജിന്റെ അഭാവത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം സഹോദരി ഏറ്റെടുത്തു. സുഹൃത്തുക്കളും ഒരുപാട് സഹായിച്ചു.
എട്ടുവർഷം നീണ്ട പരിശ്രമത്തിന് ഒടുവിൽ ഫലം കണ്ടു. ഝാർഖണ്ഡ് പി.എസ്.സി പരീക്ഷ സൂരജ് മികച്ച റാങ്കോടെ വിജയിച്ചു. അഭിമുഖത്തിനിടെ ഇന്റർവ്യൂ ബോർഡ് സൂരജിന്റെ ഡെലിവറി ജോലിയെ കുറിച്ച് ചോദിച്ചു. ആ ജോലിയാണ് ജീവിതത്തിലെ വിലപ്പെട്ട പാഠങ്ങൾ മനസിലാക്കാൻ സഹായിച്ചതും സമയത്തിന്റെ വില പഠിപ്പിച്ചതെന്നും സൂരജ് മറുപടി നൽകി. ഒടുവിൽ ഫലപ്രഖ്യാപനം വന്ന ദിവസം സൂരജിന്റെ ഭാര്യ ഫോണിൽ വിളിച്ചപ്പോൾ ഇരുവരും സന്തോഷം കൊണ്ട് കരയുകയായിരുന്നു.
എട്ടുവർഷം മുമ്പായിരുന്നു സൂരജിന്റെ വിവാഹം. കുറച്ചുകാലം മുമ്പ് വരെ സ്വിഗ്ഗി ഡെലിവറി ബോയ് എന്നതായിരുന്നു തന്റെ മേൽവിലാസം എന്ന് സൂരജ് പറയുന്നു. എന്നാൽ ഇപ്പോഴത് ഡെപ്യൂട്ടർ കലക്ടർ ആയിരിക്കുന്നു. രണ്ടു ജോലികളും മൂല്യമുള്ളതാണ്. ഒന്ന് സേവനം ചെയ്യാനും മറ്റൊന്ന് ജനങ്ങളെ സേവിക്കാനുമുള്ളതാണ് എന്ന വ്യത്യാസം മാത്രമാണുള്ളതെന്ന് സൂരജ് ചൂണ്ടിക്കാട്ടുന്നു. വലിയ സ്വപ്നങ്ങൾ കാണുന്നതിന് ഒരു ജോലിയും തടസ്സമല്ലെന്നാണ് സൂരജ് പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.