പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരശീല വീണു. നാലുദിവസം നീണ്ട ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ തൃശൂരും ഗണിതമേളയിൽ മലപ്പുറവും സോഷ്യൽ സയൻസ് മേളയിൽ കോഴിക്കോടും ഐ.ടി മേളയിൽ തിരുവനന്തപുരവും പ്രവൃത്തിപരിചയ മേളയിൽ പാലക്കാടും ജേതാക്കളായി. ശാസ്ത്രമേളയിൽ 209 പോയന്‍റോടെയാണ് തൃശൂർ ജില്ല ജേതാക്കളായത്. 199 പോയന്‍റ് വീതം നേടി വയനാടും കണ്ണൂരും രണ്ടാം സ്ഥാനം നേടി.
വയനാട്ടിലെ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ല 129 പോയന്‍റുമായി വിദ്യാഭ്യാസ ഉപജില്ലകളിൽ മുന്നിലെത്തി. 65 പോയന്‍റുമായി കാസർകോട് ഉപജില്ലയും 63 പോയന്‍റുമായി പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കണ്ണൂർ മൊകേരിയിലെ രാജീവ് ഗാന്ധി മെമോറിയൽ ഹൈസ്കൂളാണ് ശാസ്ത്രമേളയിലെ മികച്ച സ്കൂൾ.
ഗണിതമേളയിൽ 290 പോയന്‍റ് നേടിയ മലപ്പുറം ജില്ലയാണ് ജേതാക്കൾ. 251 പോയന്‍റുമായി പാലക്കാട് രണ്ടാമതും 246 പോയന്‍റുമായി കാസർകോട് മൂന്നാമതും എത്തി. മാനന്തവാടി ഉപജില്ലയാണ് വിദ്യാഭ്യാസ ഉപജില്ലകളിൽ മുന്നിൽ. 127 പോയന്‍റ് നേടിയാണ് മാനന്തവാടി മുന്നിലെത്തിയത്. 80 പോയന്‍റ് നേടിയ സുൽത്താൻ ബത്തേരി രണ്ടും 71 പോയന്‍റ് നേടിയ ആലപ്പുഴ മൂന്നും സ്ഥാനം നേടി. കൊല്ലം കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ് ആണ് മികച്ച സ്കൂൾ.
സോഷ്യൽ സയൻസ് മേളയിൽ കോഴിക്കോട് ജില്ലയാണ് ജേതാക്കൾ. 163 പോയന്‍റാണ് കോഴിക്കോട് കരസ്ഥമാക്കിയത്. കണ്ണൂർ 158 പോയന്‍റുമായി രണ്ടാമതെത്തി. 157 പോയന്‍റുമായി മലപ്പുറം മൂന്നാമതായി. വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഉപജില്ലകളിൽ മുന്നിലെത്തി.
68 പോയന്‍റ് നേടിയാണ് വൈത്തിരി ജേതാവായത്. ഇടുക്കിയിലെ കട്ടപ്പന ഉപജില്ല 56 പോയന്‍റും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉപജില്ല 50 പോയന്‍റും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കൊല്ലം പുത്തൂരിലെ ജി.എച്ച്.എസ്.എസ് ആണ് മേളയിലെ മികച്ച സ്കൂൾ.
ഐ.ടി മേളയിൽ തിരുവനന്തപുരം ജില്ല 131 പോയന്‍റുമായി മുന്നിലെത്തി. 129 പോയന്‍റ് നേടിയ മലപ്പുറം രണ്ടാം സ്ഥാനത്തും 127 പോയന്‍റ് നേടിയ കോട്ടയം മൂന്നാം സ്ഥാനത്തും എത്തി. മാനന്തവാടി 63 പോയന്‍റ് നേടി വീണ്ടും വിദ്യാഭ്യാസ ഉപജില്ലകളിൽ മുന്നിലെത്തി. 44 പോയന്‍റ് നേടിയ കാസർകോട് രണ്ടാം സ്ഥാനത്തും 42 പോയന്‍റ് നേടിയ കട്ടപ്പന മൂന്നാം സ്ഥാനത്തുമാണ്. കോട്ടയം ജില്ലയിലെ സെന്‍റ് എഫ്രേംസ് എച്ച്.എസ്.എസ് മാന്നാനം ആണ് മികച്ച സ്കൂൾ.
ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പ്രവൃത്തിപരിചയ മേളയിൽ ആതിഥേയരായ പാലക്കാട് ജില്ല മുന്നിലെത്തി. 792 പോയന്‍റ് നേടിയാണ് പാലക്കാട് മുന്നിലെത്തിയത്. മലപ്പുറം ജില്ല 786 പോയന്‍റും തൃശൂർ 773 പോയന്‍റും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സുൽത്താൻ ബത്തേരി ഉപജില്ല 285 പോയന്‍റുമായി വിദ്യാഭ്യാസ ഉപജില്ലകളിൽ മുന്നിലെത്തി. 213 പോയന്‍റ് വീതം നേടി മാനന്തവാടിയും വൈത്തിരിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാസർകോട് ജില്ലയിലെ ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് ആണ് മികച്ച സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.