സിവിൽ സർവീസ് പരീക്ഷക്കായി ജോലിയുപേക്ഷിച്ചു; കളിയാക്കിയവർക്ക് മുന്നിൽ വിജയത്തിളക്കവുമായി വർദാഹ് ഖാൻ

നല്ല ശമ്പളം കിട്ടുന്ന കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് നോയ്ഡ സ്വദേശിയായ വർദാഹ് ഖാൻ സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കാൻ തുടങ്ങിയത്. ജോലി ഉപേക്ഷിച്ചുള്ള പഠിത്തം വിഡ്ഢിത്തമായി പലരും കളിയാക്കി. എന്നാൽ വർദാഹ് അത് കാര്യമാക്കിയില്ല. 2023ലെ യു.പി.എസ്.സി ഫലം വന്നപ്പോൾ കളിയാക്കിയവർക്കൊക്കെ മിണ്ടാട്ടം മുട്ടി. അഖിലേന്ത്യ തലത്തിൽ 18ാം റാങ്ക് നേടിയാണ് ഈ മിടുക്കി മിന്നുന്ന വിജയം നേടിയത്. ഐ.എഫ്.എസ് ആണ് വർദാഹിന് ഏറ്റവും പ്രിയം. ആഗോള പ്ലാറ്റ്‌ഫോമുകളിലും ബഹുമുഖ സ്ഥാപനങ്ങളിലും ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കാനും വിദേശത്തുള്ള നമ്മുടെ ഇന്ത്യൻ പ്രവാസികളെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് ഐ.എഫ്.എസ് തെരഞ്ഞെടുത്തതെന്നും ഈ മിടുക്കി പറയുന്നു.

രണ്ടാംശ്രമത്തിലാണ് സിവിൽ സർവീസ് പരീക്ഷയിൽ വർദാഹ് ഉന്നത വിജയം നേടിയത്. 2021 മുതൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി. വിഷമഘട്ടങ്ങളിൽ കൂടെനിന്ന കുടുംബത്തിന് സുഹൃത്തുക്കൾക്കുമാണ് ഈ പെൺകുട്ടി നന്ദി പറയുന്നത്.

പരീക്ഷയെഴുതിയപ്പോൾ തന്നെ റാങ്ക്‍പട്ടികയിൽ ഇടംപിടിക്കുന്നത് ഈ 24കാരി സ്വപ്നം കാണാൻ തുടങ്ങി. എന്നാൽ ഒരിക്കലും 18ാം റാങ്ക് കിട്ടുമെന്ന് കരുതിയതേയില്ല. വർദാഹിന്റെ നേട്ടത്തിൽ കുടുംബത്തിൽ എല്ലാവരും വലിയ സന്തോഷത്തിലാണ്.

നോയ്ഡയിലെ സെക്ടർ 82ലെ വിവേക് വിഹാറിൽ താമസിക്കുന്ന വർദാഹ് ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. വീട്ടിലെ ഏക കുട്ടിയാണ്. ഒമ്പതുവർഷം മുമ്പ് പിതാവ് ​മരണപ്പെട്ടു. അമ്മക്കൊപ്പമാണ് താമസം. കോളജ് പഠനകാലം തൊട്ട് ജിയോപൊളിറ്റിക്സ് വലിയ ഇഷ്ടമായിരുന്നു വർദാഹിന്. പഠനം കഴിഞ്ഞയുടൻ കോർപറേറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി. ജോലി ചെയ്ത് ഒരുവർഷമായപ്പോഴാണ് തന്റെ പാഷൻ ഇതല്ലെന്ന് തിരിച്ചറിഞ്ഞത്. എട്ടുമണിക്കൂർ നീളുന്ന ജോലി തനിക്ക് ഒരുതരത്തിലുള്ള സംതൃപ്തിയും നൽകിയില്ല. സമൂഹത്തിന് രാജ്യത്തിനും വേണ്ടിച സേവനം ചെയ്യുകയായിരുന്നു താൽപര്യം. അങ്ങനെയാണ് ജോലി രാജിവെച്ച് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുത്തത്. വീട്ടിലിരുന്നായിരുന്നു പഠനം. ഒരു വർഷത്തോളം സ്വകാ​ര്യ സ്ഥാപനത്തിന്റെ ഓൺലൈൻ കോച്ചിങ്ങിനു ചേർന്നു.

എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും ലക്ഷ്മികാന്തിന് പോളിറ്റിയും വായിച്ചു പഠിക്കുകയാണ് ആദ്യ പടിയെന്ന് വർദാഹ് പറയുന്നു. മെയിൻസിന്റെയും ഓപ്ഷണലിന്റെയും സിലബസ് നന്നായി കവർ ചെയ്യണം. നോട്സുകൾ കുറിച്ചുവെക്കണം. അത് പഠിച്ചത് മനസിലുറപ്പിക്കാൻ സഹായിക്കുമെന്നും ഈ മിടുക്കി പറയുന്നു.

2023ൽ 1016 പേരാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. അതിൽ 664 പുരുഷൻമാരും 352 സ്ത്രീകളുമാണ്. 


Tags:    
News Summary - Noida woman who quit corporate job makes it to UPSC top 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.