പഠിക്കുന്നതിന് പ്രായം ഒരു തടസ്സമാണോ? അല്ലെന്നാണ് 72 വയസുള്ള ഡോ. കാരി രാമറെഡ്ഡി പറയുന്നത്. കൂടുതൽ ആളുകളും റിട്ടയർമെന്റ് ആസ്വദിക്കുന്ന പ്രായത്തിൽ അദ്ദേഹം വീണ്ടും പഠിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ 61ബിരുദങ്ങളുണ്ട് ഇദ്ദേഹത്തിന്. ഐഐടി മുംബൈ, ഐഐടി ഖരഗ്പൂർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് (എൻ.പി.ടി.ഇ.എൽ) വഴിയുള്ള മൂന്ന് പിഎച്ച്.ഡികളും 11 സർട്ടിഫിക്കേഷനുകളും അതിൽ ഉൾപ്പെടുന്നു. എൻ.പി.ടി.ഇ.എല്ലിന് രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാർഥികളുണ്ട്. അതിൽ ഏറ്റവും മികച്ച ആദ്യ പത്തു പേരിൽ ഡോക്ടറുമുണ്ട്. എലൈറ്റ് പ്ലസ് സിൽവർ, ഗോൾഡ് മെഡലുകൾ നേടിയാണ് കോഴ്സുകൾ പൂർത്തിയാക്കിയത്.
1954 ആഗസ്റ്റ് ഒന്നിന് ആന്ധ്രപ്രദേശിലാണ് ഡോ. കാരി രാമറെഡ്ഡി ജനിച്ചത്. സർക്കാർ സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1970 ൽ രംഗരയ്യ മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കി. പിന്നീട് ബംഗളൂരുവിലെ നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ എം.ഡിയും കരസ്ഥമാക്കി.
രാഷ്ട്രപതി അവാർഡ്, ഡോ. ബി.സി. റോയ് അവാർഡ് തുടങ്ങിയ അഭിമാനകരമായ ബഹുമതികളും ഡോ. രാമറെഡ്ഡി സ്വന്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ബിരുദങ്ങളിൽ അഞ്ചെണ്ണം എൽ.എൽ.എം ബിരുദങ്ങളാണ്.
വിശാഖപട്ടണത്തെ ദാമോദരം സഞ്ജിവയ്യ നാഷണൽ ലോ യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, പൂനെയിലെ ശ്രീ ബാലാജി വിദ്യാപീഠത്തിൽ നിന്ന് യോഗയും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും ഉൾപ്പെടെ മൂന്ന് ഡോക്ടറൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്. ''നിങ്ങൾക്ക് ജിജ്ഞാസയുള്ളിടത്തോളം, കാലം ഓരോ ദിവസവും പുതിയ പുതിയ അവസരങ്ങളിലേക്ക് വാതിൽ തുറക്കുന്നു''- എന്നാണ് ഡോക്ടർ പറയുന്നത്. അദ്ദേഹം പറഞ്ഞു.
ചെറുപ്പം തൊട്ടേ ധാരാളം വായിക്കുമായിരുന്നു റെഡ്ഡി. മാതാപിതാക്കളായ കാരി പെഡ കാപു വെങ്കടറെഡ്ഡിയും മങ്കയമ്മയും ജീവിതത്തിൽ ഏറെ സ്വാധീനിച്ചു. അടുത്ത അക്കാദമിക പഠനത്തിനായി ഒരുങ്ങുകയാണ് ഡോക്ടർ. നിങ്ങൾക്ക് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ ജീവിതം തന്നെ ക്ലാസ് മുറിയായി മാറുന്നു. പ്രായം അതിന് തടസ്സമേയല്ല. എന്റെ അവസാന ശ്വാസം വരെ പഠിച്ചുകൊണ്ടേയിരിക്കും. എല്ലാ ദിവസവും അഞ്ചുമണിക്കൂർ പഠനത്തിനായി മാറ്റിവെക്കുമായിരുന്നു.-ഡോക്ടർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.