സ​ങ്കേത് കുമാർ

‘കോച്ചിങ് ക്ലാസുകളില്ല, യുട്യൂബ് മാത്രം’; മീററ്റിലെ വിദ്യാർഥി ഐ.എസ്.ആർ.ഒയിൽ എത്തിയതിങ്ങനെ...

ന്യൂഡൽഹി: പരീക്ഷകളിലെ തോൽവി പല​പ്പോഴും സ്വപ്നങ്ങളുടെ അവസാനം കൂടിയാണ് പലർക്കും. എന്നാൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സ​ങ്കേത് കുമാറിന് അത് മറ്റൊരു ശ്രദ്ധേയമായ യാത്രയുടെ തുടക്കമായിരുന്നു. ആദ്യ ശ്രമത്തിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ വെറും രണ്ട് മാർക്കിന് യോഗ്യത നഷ്ടമായെങ്കിലും തോൽവി സമ്മതിക്കാതെ മുന്നേറാനായിരുന്നു സ​​ങ്കേത് കുമാറിന്റെ ശ്രമം.

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നിൽ വിജയിക്കാനായി ഒരു വർഷം കൂടി സ​ങ്കേത് കുമാർ തയാറെടുത്തു. കോച്ചിങ് ​ക്ലാസുകളെ ആശ്രയിച്ചായിരുന്നില്ല പഠനം. സ്വയം നോട്ടുകൾ ഉണ്ടാക്കി, യുട്യൂബ് വിഡിയോകളും മറ്റ് കുറിപ്പുകളും ഉപയോഗിച്ച് അച്ചടക്കത്തോടെ പാഠഭാഗങ്ങൾ പഠിച്ചെടുത്തു. പലരും പരീക്ഷക്കു​വേണ്ടി, ഒരു വർഷം കൂടി നഷ്ടമാക്കരുതെന്ന് ഉപദേശിച്ചു. എന്നാൽ, സ​ങ്കേത് തീരുമാനത്തിൽ ഉറച്ചുനിന്നു. ആ നിശ്ചയദാർഢ്യത്തിലൂടെ അവൻ നടന്നുകയറിയത് ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ എന്ന പദവിയിലേക്കായിരുന്നു.

2021ൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷക്കായി തയാറെടുക്കുമ്പോൾ തന്നെ ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിവക്കായി സ​ങ്കേത് തയാറെടുത്തിരുന്നു. ‘ജെ.ഇ.ഇ മെയിൻ വിജയിച്ചെങ്കിലും ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യത നേടാൻ കഴിഞ്ഞില്ല. പരാജയം നേരിട്ടതോടെ എന്റെ ഏറ്റവും വലിയ പ്രശ്നം ടൈം മാനേജ്മെന്റ് ആണെന്ന് മനസ്സിലാക്കി. ജെ.ഇ.​ഇ മെയിൻ പരീക്ഷയുടെ മനോഭാവത്തോടെയായിരുന്നു ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്കും തയാറെടുത്തത്. അത് വലിയ നഷ്ടം വരുത്തിവെച്ചു. പരാജയപ്പെട്ടപ്പോൾ ഒരു സീറ്റിലും അപേക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഒരു വർഷം മുഴുവൻ വീണ്ടും അധ്വാനിച്ചു. ജയിക്കണം എന്നത് വെല്ലുവിളിയായി ഏറ്റെടുത്തു’ -സ​ങ്കേത് പറയുന്നു.

11, 12 ക്ലാസുകളിലെ നോട്ടുകൾ പരിഷ്കരിച്ചായിരുന്നു പഠനം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ മൂന്ന് മണിക്കൂർ കൊണ്ട് പരിഹരിച്ചു. വേഗതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. ആശയങ്ങളിൽ വ്യക്തത വരാത്തപ്പോൾ യുട്യൂബ് വിഡിയോകളെ ആശ്രയിച്ചു. ‘യുട്യൂബിൽ മികച്ച പ്രഫസർമാരുണ്ട്. എനിക്ക് കൂടുതൽ വ്യക്തത ആവശ്യമുള്ള സാഹചര്യങ്ങളിൽ യുട്യൂബിലെ ക്ലാസുകൾ കണ്ടു. അവർ നി​ർദേശിച്ച പുസ്തകങ്ങൾ തിര​ഞ്ഞെടുത്ത് പഠിച്ചു. ചെലവേറിയ കോച്ചിങ് ക്ലാസുകളേക്കാൾ അച്ചടക്കവും സ്ഥിരതയുമാണ് ഏറ്റവും പ്രധാനം’ -സ​ങ്കേത് കൂട്ടിച്ചേർത്തു.

പരീക്ഷക്ക് തയാറെടുക്കുന്ന ഘട്ടത്തിൽ സ​ങ്കേത് തന്റെ മുറി സ്റ്റഡി റൂമാക്കി മാറ്റിയിരുന്നു. ചുമരുകൾ പോലും പഠന സാമഗ്രികളാക്കി. കുറിപ്പുകൾ, ഫോർമുലകൾ എന്നിവ ചുമരുകളിൽ കുറിച്ചുവെച്ചു. എല്ലാ ദിവസവും നോട്ട്ബുക്കുകൾ മറിച്ചുനോക്കുന്നത് വളരെ ബോറഡിപ്പിച്ചുവെന്നും അതിനാൽ ആവശ്യമുള്ളപ്പോ​ഴെല്ലാം ചുമരുകളിലെ കുറിപ്പുകൾ മുന്നിൽതന്നെ തെളിഞ്ഞുനിന്നതായും സ​ങ്കേത് പറയുന്നു. ‘ദിവസവും കണ്ടുകൊണ്ടിരിക്കുമ്പോൾ അത് സ്വാഭാവികമായും മനസ്സിൽ തങ്ങിനിൽക്കും’ എന്നതായിരുന്നു അതിന്റെ രഹസ്യം.

2022ൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് യോഗ്യത നേടി. ശേഷം കമ്പ്യൂട്ടർ സയൻസിന് പകരം ബോധപൂർവം തന്നെ എയ്റോസ്പേസ് എൻജിനീയറിങ് തെരഞ്ഞെടുത്തു. മിക്ക വിദ്യാർഥികളും പ്ലേസ്മെന്റുകളും ശമ്പള പാക്കേജുകളും മാനദണ്ഡമാക്കിയപ്പോൾ താൻ തന്നെ കൂടുതൽ ആകർഷിക്കുന്നത് പഠിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സ​ങ്കേത് പറയുന്നു.

തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്​പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി) ചേർന്നതോടെ വിശാലമായി ചിന്തിക്കാനും പഠിക്കാനും കഴിഞ്ഞു. പഠനകാലത്ത് ജപ്പാനിൽ ഗവേഷണ പദ്ധതിയിലും പങ്കെടുത്തു. പിന്നീട് ഐ.എസ്.ആർ.ഒയുടെ റിക്രൂട്ട്മെന്റ് പരീക്ഷ വിജയിച്ച് സയന്റിസ്റ്റ്/എൻജിനീയർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെട്ടു.

റി​ക്രൂട്ട്മെന്റ് പരീക്ഷക്കായും കഠിനമായി പരിശ്രമിക്കേണ്ടിവന്നുവെന്ന് സ​ങ്കേത് പറയുന്നു. നാലു വർഷത്തെ എൻജിനീയറി​ങ് പഠനത്തിൽനിന്ന് നേടിയത് കുറഞ്ഞ സമയംകൊണ്ട് ഓർത്തെടുക്കേണ്ടി വന്നു. എന്നാൽ, അപ്പോയി​ന്റ്മെന്റ് ​ലെറ്റർ ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിലാണ് സ​ങ്കേതിന്റെ ആദ്യ നിയമനം. ഒരു പ്രധാന ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആ സ്വപ്നത്തിനായാണ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതെന്നും സ​ങ്കേത് കൂട്ടിച്ചേർത്തു.

Tags:    
News Summary - No coaching just YouTube How a Meerut student became an ISRO scientist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.