എം.ബി.എ ഡ്രോപ്ഔട്ട് വാട്സ്ആപ് മേധാവി... വിജയ രഹസ്യം ഉന്നത ബിരുദങ്ങ​ളല്ലെന്ന് തെളിയിച്ച് ഈ ഇന്ത്യക്കാരൻ

ന്യൂഡൽഹി: കുനാൽ ഷാ, വാട്സ്ആപിന്റെ പുതിയ മേധാവി, ഇന്ത്യക്കാരൻ, സംരംഭകൻ, ക്രെഡ് സ്ഥാപകൻ... ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മെറ്റയുടെ വാട്സ്ആപിന്റെ ആഗോള മേധാവിയായി ഇന്ത്യക്കാരനായ കുനാൽ ഷാ എത്തുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ വിദ്യാഭ്യാസമാണ്. വിജയം കൈവരിക്കാൻ ഉന്നത വിദ്യാഭ്യാസവും മത്സര പരീക്ഷകളുമൊന്നും വേണ്ടെന്ന് തെളിയിക്കുകയാണ് ഈ സംരംഭകൻ.

ആരാണ് കുനാൽ ഷാ?

വാട്സ്ആപിന്റെ പുതിയ സി.ഇ.ഒയായി കുനാൽ ഷായെ മെറ്റ പ്രഖ്യാപിച്ചു. ലോകത്തിലെതന്നെ ഏറ്റവും പ്രചാരമേറിയ മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്. 300 കോടിയിലേറെയാണ് വാട്സ്ആപിന്റെ ഉപഭോക്താക്കളുടെ എണ്ണം. ലോകത്തിലെ തന്നെ മുൻ നിര ടെക് കമ്പനിയെ നയിക്കാൻ മുൻനിര എൻജിനീയറിങ് അല്ലെങ്കിൽ മാനേജ്മെന്റ് പശ്ചാത്തലമുള്ള വ്യക്തിയല്ല സി.ഇ.ഒയായി ചുമതലയേൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് കുനാൽ ഷായുടെ നിയമനത്തെ നെറ്റിസൺസും ജെൻസിയും ആഘോഷിക്കുന്നതും.

മുംബൈയിലെ വിൽസൺ കോളജിൽനിന്ന് ഫിലോസഫിയിലാണ് കുനാൽ ഷാ ബിരുദം സ്വന്തമാക്കിയത്. എം.ബി.എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നാൽ, നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ലോക​ത്തിലെ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ടെക് പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കാൻ ഒരുങ്ങുന്നു.

കുനാൽ ഷായുടെ വിദ്യാഭ്യാസ -സംരംഭക പശ്ചാത്തലം

മുംബൈയിലെ വിൽസൺ കോളജിൽനിന്ന് ഫിലോസഫിയിൽ ബിരുദം സ്വന്തമാക്കി. പിന്നാലെ നാർസി മോഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എക്ക് ചേർന്നു. ഒരു വർഷ​ത്തിനുശേഷം എം.ബി.എ പഠനം നിർത്തി. ക്ലാസ് മുറിക്കുള്ളിൽനിന്ന് പഠിച്ചതിനേക്കാൾ താൻ കൂടുതൽ കാര്യങ്ങൾ പുറത്തുനിന്നാണ് പഠിച്ചതെന്ന് മുൻ അഭിമുഖങ്ങളിൽ കുനാൽ ഷാ വ്യക്തമാക്കിയിരുന്നു. പഠനം ഉപേക്ഷിച്ചതിന് ശേഷം പരമ്പരാഗത കോർപറേറ്റ് പാത സ്വീകരിക്കാനും കുനാൽ ഷാ തയാറായില്ല. പകരം സംരംഭകത്വത്തിലേക്ക് കടന്നു. കോളജിൽ നിന്നിറങ്ങിയ കുനാൽ ടി.ഐ.എസ് ഇന്റർനാഷനൽ എന്ന ബി.പി.ഒ സ്ഥാപനത്തിൽ ജൂനിയർ പ്രോഗ്രാമറായി ചേർന്നു. പിന്നീട് പൈസാബാക് എന്ന പേരിലൊരു സ്റ്റാർട്ടപ് ആരംഭിച്ചു. എന്നാൽ കമ്പനി രക്ഷപ്പെട്ടില്ല. 2010ൽ ഡിജിറ്റൽ പേയ്മെന്റുകൾക്കും ​മൊബൈൽ റീച്ചാർജിങ്ങിനും മറ്റുമായി ഫ്രീചാർജ് പ്ലാറ്റ്ഫോമിന്റെ സഹ സ്ഥാപകനായി. ഓൺലൈൻ പേയ്മെന്റുകൾ ഇന്ത്യയിൽ ചുവടുറപ്പിച്ച് തുടങ്ങുന്ന സമയത്ത് ക്യാഷ്ബാക്ക് റിവാർഡുകളും ഓഫറുകളും നൽകി ഫ്രീചാർജ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആകർഷിച്ചു.

സ്റ്റാർട്ടപ്പിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് ഒടുവിൽ 2015 ഏപ്രിലിൽ സ്നാപ്ഡീൽ ഏകദേശം 2,800 കോടി രൂപക്ക് ഫ്രീചാർജ് സ്വന്തമാക്കി. എന്നാൽ, സംരംഭകനെന്ന നിലയിൽ കുനാൽ ഷായുടെ തുടക്കം മാത്രമായിരുന്നു അത്. 2018ൽ ക്രെഡ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി. ക്രെഡിറ്റ് കാർഡ് ബിൽ അടക്കാനുള്ള റിവാർഡ് അധിഷ്ഠിത ആപ്പായ ‘ക്രെഡ്’ 2018 ൽ ആണ് കുനാൽ ഷാ സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്റ്റാർട്ടപ്പ് ബ്രാൻഡുകളിൽ ഒന്നായി ക്രെഡ് മാറുന്നത് രാജ്യം കണ്ടു.

വാട്സ്ആപിന്റെ ആഗോള മേധാവി

2019 മുതൽ വാട്സ്ആപിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പിൻഗാമിയായാണ് മെറ്റ മുംബൈ സ്വദേശിയായ കുനാൽ ഷായെ തെരഞ്ഞെടുത്തത്. വാട്സ്ആപിന്റെ അടുത്ത ഘട്ട വളർച്ചയുടെ പടവുകൾ കുനാൽ ഷായിലൂടെയായിരിക്കും കയറുക. ക്രെഡിൽ മെറ്റ നടത്തിയ 8550 കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായിട്ടാണ് കുനാൽ ഷായുടെ നിയമനം. പേയ്മെന്റ് രംഗത്തെ കുനാലിന്റെ അനുഭവസമ്പത്ത് വാട്സ്ആപിന് (വാട്സ്ആപ് പേ) മുതൽക്കൂട്ടാകും. സ്ഥാനമൊഴിഞ്ഞ ശേഷം വിൽ കാത്ത്കാർട്ട് മെറ്റയിലെ പുതിയ ഉൽപ്പന്ന വികസനവുമായി ബന്ധപ്പെട്ട ചുമതലകളിലേക്ക് മാറും. നേതൃത്വ കൈമാറ്റം സുഗമമാക്കുന്നതിനായി അദ്ദേഹം കുറച്ചുകാലം കൂടി മെറ്റയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു മെസേജിങ് പ്ലാറ്റ്ഫോം എന്നതിനേക്കാൾ ഉപരിയായി വാട്സ്ആപ് തങ്ങളുടെ മേഖലകൾ വ്യാപിപ്പിക്കുന്നതിനിടെയാണ് നേതൃമാറ്റം. വാട്സ്ആപ് പേയ്മെന്റുകൾ, ബിസിനസ് മെസേജിങ്, എ.ഐ പവേർഡ് സവിശേഷതകൾ തുടങ്ങിയവയിലേക്ക് വാട്സ്ആപ് വിപുലീകരണം നടത്തിയിരുന്നു. പുതിയ നേതൃമാറ്റത്തോടെ പ്ലാറ്റ്ഫോം വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തി​ലേക്ക് മെറ്റ കടക്കുമെന്നാണ് വിവരം. സംരംഭകൻ, ഉൽപ്പന്ന നിർമാതാവ് തുടങ്ങിയ കുനാൽ ഷായുടെ അനുഭവ സമ്പത്ത് വാട്സ്ആപിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് മെറ്റയുടെ വിശ്വാസം.

ക്രെഡിലൂടെ മെറ്റയിലേക്ക്

ഇന്ത്യയിലെ പ്രമുഖ ഫിൻടെക് കമ്പനികളിലൊന്നായി ക്രെഡിനെ വളർത്തിയെടുത്തതിന് ശേഷമാണ് കുനാൽ ഷാ മെറ്റയിലേക്ക് മാറുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുക എന്ന ആശയത്തോടെയാണ് ക്രെഡ് നിർമിച്ചത്. തുടർന്ന് പ്ലാറ്റ്‌ഫോമിന് 17 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടായി. പേയ്‌മെന്റുകൾ, വായ്പ നൽകൽ, ഇൻഷുറൻസ്, കൊമേഴ്‌സ്, വെൽത്ത് മാനേജ്‌മെന്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലേക്ക് ക്രെഡ് വ്യാപിച്ചു. മെറ്റയിലേക്ക് മാറുന്നതിന്റെ ഭാഗമായി കുനാൽ ഷാ ക്രെഡിലെ ഓപറേറ്റിങ് റോളിൽനിന്ന് പടിയിറങ്ങും. എന്നാൽ, ഓഹരി പങ്കാളിത്തത്തിൽ തുടരും. ഫിനാൻസ് ആൻഡ് സ്ട്രാറ്റജി മേധാവിയായിരുന്ന മിറ്റെൻ ക്രെഡിന്റെ പുതിയ സി.ഇ.ഒയാകും. ക്രെഡിന്റെ അഞ്ചിലൊന്ന് ഓഹരികളാണ് മെറ്റക്ക് സ്വന്തമാകുന്നത്. 

Tags:    
News Summary - When an MBA dropout becomes the head of WhatsApp talking about Kunal Shah college degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.