സിവിൽ സർവീസിൽ ആറാം റാങ്ക് നേടി ഗഹന നവ്യ ജയിംസ്

‘ചെറുപ്പം മുതൽ പത്രവായന, കൂട്ടായി ഇന്‍റർനെറ്റും’; സിവിൽ സർവിസ് നേടിയ ഗഹനയുടെ വിശേഷങ്ങൾ...

2022ലെ യു.പി.എ.സിയുടെ സിവിൽ സർവിസ് പരീക്ഷയിൽ മലയാളിക്ക് അഭിമാന നേട്ടം. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ പത്തുപേരിൽ മലയാളിയായ ഗഹന നവ്യ ജയിംസും. ആറാം റാങ്കാണ് കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ ചിറയ്ക്കൽ വീട്ടിൽ ഗഹന നേടിയത്.

സ്കൂൾ മുതൽ കോളജ് വരെ പാലായിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രാഥമിക വിദ്യാഭ്യാസം പാലാ ചാവറ പബ്ലിക്സ് സ്കൂളിലും ഹയർ സെക്കൻഡറി വിദ്യാഭ്യാസം പാലാ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും പൂർത്തിയാക്കി. അൽഫോൻസ കോളജിൽനിന്ന് ഹിസ്റ്ററി ബിരുദവും സെന്‍റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.

കുടുംബത്തോടൊപ്പം ഗഹന 

പാലാ സെന്‍റ് തോമസ് കോളജ് റിട്ട. പ്രഫസർമാരാ‍യ സി.കെ ജയിംസ് തോമസിന്‍റെയും ദീപ ജോർജിന്‍റെയും മകളായ ഗഹന, ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളാണ്. ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ സാധിക്കാതിരുന്ന ഗഹനക്ക് രണ്ടാം ശ്രമത്തിൽ തിളക്കമാർന്ന വിജയമാണ് നേടിയത്.

റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐ.എഫ്.എസ് ആണ് തെരഞ്ഞെടുത്തതെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. ചെറുപ്പം മുതൽ പത്രം വായിക്കാൻ താൽപര്യമുണ്ടായിരുന്നു. കൂടാതെ ഇന്‍റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രത്യേക പരിശീലനത്തിന് പോയിട്ടില്ല. കുടുംബവും ഡിഗ്രിക്ക് പഠിക്കുന്ന സഹോദരനും എല്ലാ പിന്തുണയും നൽകിയെന്നും ഗഹന കൂട്ടിച്ചേർത്തു.


ഗഹാനയെ കൂടാതെ, വി.എം ആര്യ (36-ാം റാങ്ക്), ചൈതന്യ അശ്വതി (37-ാം റാങ്ക് ), അനൂപ് ദാസ് (38-ാം റാങ്ക്), ഗൗതം രാജ് (63-ാം റാങ്ക്), കാജൽ രാജു (910), ഷെറിൻ ഷഹാന (913) എന്നിവരാണ് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. ആദ്യ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ച കാജൽ കാസർകോട് സ്വദേശിയാണ്. വയനാട് കമ്പളക്കാട് സ്വദേശിയാണ് ഷെറിൻ ഷഹാന.

Tags:    
News Summary - Newspaper reading from a young age, no special coaching; Features of Gahana navya James who won civil service...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.