14ാം വയസിൽ വിവാഹിതയും 18ാം വയസിൽ രണ്ടു കുട്ടികളുടെ അമ്മയുമായ തമിഴ് പെൺകൊടി ഐ.പി.എസ് നേടിയ കഥ

രുപാട് വെല്ലുവിളികൾ തരണം ചെയ്തിട്ടാകും പലരും ജീവിതത്തിൽ വിജയം നേടിയിട്ടുണ്ടാവുക. തളർച്ചകൾക്കിടയിലും നിശ്ചയദാർഢ്യവും കീഴടങ്ങാത്ത മനോവീര്യവുമായിരിക്കും അവരെ മുന്നോട്ടു നടത്തുക. അങ്ങനെയൊരാളുടെ വിജയ കഥയാണ് പറയാൻ പോകുന്നത്. ഐ.പി.എസുകാരിയായ എം. അംബികയെ കുറിച്ച്.

ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു അംബിക. 14ാം വയസിലായിരുന്നു വിവാഹം. തമിഴ്നാട് ആണ് സ്വദേശം. പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു വരൻ. 18 വയസായപ്പോഴേക്കും അംബിക രണ്ടു കുട്ടികളുടെ അമ്മയായി. നന്നായി പഠിച്ച് ജോലി നേടണമെന്നതായിരുന്നു കുട്ടിക്കാലത്ത് അംബികയുടെ സ്വപ്നം. അത് വെറുമൊരു പകൽക്കിനാവ് മാത്രമായി ഒതുങ്ങിയതിൽ പിന്നീട് അംബികക്ക് സങ്കടം തോന്നി. ആ സങ്കടം മനസിൽ കിടന്നു തിളച്ചു മറിഞ്ഞു.

ഒരു റിപ്പബ്ലിക് ദിന പരേഡാണ് അംബികയുടെ മനസിലേക്ക് തീക്കനൽ കോറിയിട്ടത്. റിപ്പബ്ലിക് ദിന പരേഡിൽ തന്റെ ഭർത്താവ് ഐ.പി.എസ് ഓഫിസർക്ക് സല്യൂട്ട് നൽകുന്നത് അംബിക കൗതുകത്തോടെ നോക്കിനിന്നു. പതിയെ പതിയെ പഠനം പുനഃരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസിൽ വേരുറച്ചു. ഐ.പി.എസ് ഓഫിസറാവുകയായിരുന്നു ലക്ഷ്യം.

അതിന് 10ാം ക്ലാസ് എന്ന കടമ്പ കടക്കേണ്ടിയിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേർന്ന് 10ാം ക്ലാസും 12ാം ക്ലാസും അംബിക വിജയിച്ചു. ബിരുദ പഠനവും തുടങ്ങി. അതിനു ശേഷം യു.പി.എസ്.സി പരീക്ഷ പരിശീലനത്തിനായി ​ചെന്നൈയിലേക്ക് പോയി. തന്റെ ഔദ്യോഗിക ചുമതലകൾക്കൊപ്പം മക്കളെ സംരക്ഷിക്കുന്നതടക്കം വീടിന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ച് ഭർത്താവും അംബികക്കൊപ്പം നിന്നു.

യു.പി.എസ്.സി പരീക്ഷയിൽ വിജയിക്കുക എളുപ്പമല്ലെന്ന് പെട്ടെന്നു തന്നെ അംബിക തിരിച്ചറിഞ്ഞു. മൂന്നുതവണ പരീക്ഷയെഴുതിയപ്പോഴും പരാജയമായിരുന്നു ഫലം. വീട്ടിലേക്ക് മടങ്ങിവരാൻ ഭർത്താവ് ഉപദേശം നൽകി. എന്നാൽ മടങ്ങിപ്പോയാൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് നന്നായി അറിയാമായിരുന്ന അംബിക ഒരുതവണ കൂടി ശ്രമം നടത്താൻ തീരുമാനിച്ചു. 2008ലായിരുന്നു അത്. ആ തവണ യു.പി.എസ്.സി പരീക്ഷയിൽ അവർ തിളിക്കമാർന്ന വിജയം നേടി. സ്വപ്ന കരിയർ ആയ ​ഐ.പി.എസ് തന്നെ അംബികക്ക് ലഭിച്ചു. മഹാരാഷ്ട്ര കേഡറിൽ പോസ്റ്റിങ് ലഭിച്ച അംബിക ഇപ്പോൾ മുംബൈയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി സേവനമനുഷ്ടിക്കുകയാണ്.

Tags:    
News Summary - Meet woman who cracked UPSC to become IPS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.