2024ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന് മാർക്ക് കിട്ടുമെന്ന് തഥാഗത് അവതാറിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നീറ്റ് പരീക്ഷയിൽ ഒന്നാമതെത്തുമെന്ന് അവതാർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 66 പേർക്കൊപ്പമാണ് തഥാഗത് ഒന്നാം റാങ്ക് പങ്കിട്ടത്. പരീക്ഷയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വിവാദങ്ങളാണ് കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷക്കിടെ ഉണ്ടായത്. ചോദ്യപേപ്പർ ചോർച്ചയും മറ്റും നീറ്റിന്റെ സുതാര്യത ഇല്ലാതാക്കി. കുറച്ചു പേർ ചെയ്യുന്ന കൃത്രിമത്വങ്ങൾ നന്നായി തയാറെടുത്ത മറ്റ് വിദ്യാർഥികളെയും ബാധിച്ചു. അതൊന്നും ബാധിക്കാതിരിക്കാൻ അവതാർ നന്നായി ശ്രദ്ധിച്ചു.
നീറ്റ് പരീക്ഷ കഴിഞ്ഞയുടൻ പുറത്തിറക്കിയ ഉത്തരസൂചിക പ്രകാരം 715 ആയിരുന്നു അവതാറിന്റെ മാർക്ക്. എന്നാൽ പുതുക്കിയ ഉത്തരസൂചിക ഇറങ്ങിയപ്പോൾ സ്കോർ 720 ആയി.
ഇപ്പോൾ ഡൽഹി എയിംസിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് അവതാർ. അധ്യാപകരുടെ കുടുംബമാണ് അവതാറിന്റെത്. അമ്മ കവിത നാരായൺ ഹൈസ്കൂൾ അധ്യാപികയാണ്. അച്ഛനും അധ്യാപകനാണ്. അമ്മയുടെ പിതാവ് അശോക് ചൗധരി കോളജ് ലൈബ്രേറിയനായിരുന്നു.
കോവിഡ് പടർന്നു പിടിച്ചപ്പോൾ പട്നയിൽ അവതാർ നീറ്റിന് തയാറെടുക്കുകയായിരുന്നു. എന്നാൽ ലോക്ഡൗൺ ഒക്കെയായി സാഹചര്യം മോശമായപ്പോൾ പഠനം നിർത്തി നാട്ടിലേക്ക് മടങ്ങാൻ മാതാപിതാക്കൾ അവതാറിനോട് ആവശ്യപ്പെട്ടു. നാട്ടിലെത്തിയിട്ടും അവതാർ പഠനം അവസാനിപ്പിച്ചില്ല. ലോക്ഡൗൺ ആയതിനാൽ ഇഷ്ടം പോലെ സമയവും കിട്ടി. ഓൺലൈൻ ക്ലാസുകളിലും സജീവമായി.
കുട്ടിക്കാലത്തേ എയിംസിൽ എം.ബി.ബി.എസ് പഠിക്കുക എന്നത് അവതാറിന്റെ സ്വപ്നമായിരുന്നു. അതാണിപ്പോൾ സാക്ഷാത്കരിച്ചത്. കുട്ടിക്കാലം തൊട്ടേ പഠിക്കാൻ സമർഥനായിരുന്നു അവതാർ. ബിഹാറിലെ ആന്ധ്രതർഹി ഗ്രാമമാണ് അവതാറിന്റെ ജൻമദേശം. പെട്ടെന്നുണ്ടായ വിജയമല്ല അവതാറിന്റെത്. ആദ്യമായി നീറ്റ് പരീക്ഷയെഴുതിയപ്പോൾ 611മാർക്കാണ് ലഭിച്ചത്. പ്രതീക്ഷ നഷ്ടപ്പെടാതെ നന്നായി തയാറെടുത്തപ്പോഴാണ് ഈ മിടുക്കന് മുഴുവൻ മാർക്കും നേടി ഒന്നാമനാകാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.