7000 രൂപക്ക് കുർത്ത ബിസിനസ് തുടങ്ങി; ഐ.ടി എൻജിനീയർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ജയ്പൂരിലെ സോഫ്റ്റ്​ വെയർ എൻജിനീയറായിരുന്ന സിദ്ധി കുർത്ത വിറ്റ് ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. സ്വന്തമായി സംരംഭം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഏഴു വർഷം മുമ്പാണ് സിദ്ധി ഐ.ടി മേഖല വിട്ട് ഈ രംഗത്തേക്ക് വന്നത്. ഡിസൈനർ കുർത്തയാണ് സിദ്ധിയുടെ കമ്പനിയിലെ പ്രധാന ഹൈലൈറ്റ്. കൈകൾ കൊണ്ട് തുന്നിയെടുക്കുന്ന പ്രത്യേക എംബ്രോയ്ഡറികളാണ് കുർത്തകളിലുള്ളത്. കുർത്തകൾ മാത്രമല്ല സ്യൂട്ടുകളും നിർമിക്കുന്നുണ്ട്. ഹാൻഡ് ​ക്രാഫ്റ്റഡ് സ്യൂട്ടുകളിൽ നിന്ന് മാത്രം ലക്ഷങ്ങൾ സമ്പാദ്യമായി ലഭിക്കുന്നുണ്ട്.

7000 രൂപ മുതൽമുടക്കുമായി സിദ്ധി ഹാൻഡ് ക്രാഫ്റ്റഡ് കുർത്തകളുടെ വിൽപ്പന തുടങ്ങിയത്. ആദ്യം ഓൺലൈൻ വഴിയായിരുന്നു വിൽപന. തന്റെ സംരംഭത്തിന് കുർത്ത ഘർ(കുർത്തകളുടെ വീട്) എന്ന് പേരുമിട്ടു. പരമ്പരാഗതമായി തയാറാക്കുന്ന പ്രിന്റുകളാണ് ഈ കുർത്തകളെ അലങ്കരിക്കുന്നത്.

പണ്ട് പ്രഭുക്കന്മാരുടെയും രാജാക്കൻമാരുടെയും ഒക്കെ വസ്ത്രങ്ങൾ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ഗോട്ട പാഠി പ്രിന്റുകളിലാണ് കുർത്തകൾ ഡിസൈൻ ചെയ്യുന്നത്. മുഗൾ, പേർഷ്യൻ കരകൗശല വിദഗ്ധർ ഇന്ത്യയിലെത്തിച്ചതാണ് ഈ കരകൌശല വിദ്യ. കൈകൊണ്ടു തുന്നുന്ന ഡിസൈനുകൾ തുണിയിൽ വിദഗ്ധമായി തുന്നിച്ചേർത്താണ് കുർത്ത തൈക്കുന്നത്. ഗോട്ട പാഠി ഡിസൈനർ വസ്ത്രങ്ങൾക്ക് ഉത്തരേന്ത്യയിൽ വലിയ ഡിമാൻഡുണ്ട്. വില കൂടിയ സാരികളിലും ലെഹങ്കകളിലും ഒക്കെ ഉപയോഗിച്ചിരുന്ന ഡിസൈൻ സിദ്ധി കുർത്തകളിലേക്കും കൊണ്ടുവരികയായിരുന്നു.

ഗോട്ട പാഠി വർക്കിന്റെ ചെറിയ ഭാഗം പോലും പൂർത്തിയാക്കാൻ മണിക്കൂറുകൾ വേണം. പ്രത്യേകം പരിശീലനം നേടിയ കരകൗശല വിദഗ്ധരാണ് ഇതെല്ലാം ചെയ്യുന്നത്. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിൽ പ്രത്യേകിച്ച് ലെഹങ്കകൾ, സാരികൾ, കുർത്തികൾ എന്നിവയിൽ ഈ ഡിസൈൻ ഇപ്പോഴും ചെയ്യുന്നുണ്ട്.

 

ഉയർന്ന നിലവാരമുള്ള ബ്രാൻഡുകളും ഇടനിലക്കാരും വിനോദസഞ്ചാരികൾക്ക് ഗോട്ട പാഠി ഹാൻഡ് എംബ്രോയിഡറി വസ്ത്രങ്ങൾ അമിത വിലയ്ക്ക് വിൽക്കുന്നുണ്ട്. വൻ ലാഭം നേടുന്ന നിരവധിപേരുണ്ട്. ഇത് കണ്ട് വിപണിയിൽ ഡിസൈനർ കുർത്തകൾ അവതരിപ്പിച്ച സിദ്ധി ആദ്യം കുറഞ്ഞ വിലയിലാണ് കുർത്തകൾ വിപണിയിൽ എത്തിച്ചത്.

പ്രാദേശിക വിപണികളിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങി. 14,000 രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് മറ്റുള്ളവർ ഈടാക്കിയിരുന്നപ്പോൾ 2000, 3000 രൂപക്ക് സിദ്ധി കുർത്തികൾ നൽകി.

2022ലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന സിദ്ധി കുർത്ത ഘർ എന്ന സ്ഥാപനം തുടങ്ങിയത്. രാജസ്ഥാനിലെ പരമ്പരാഗത കരകൌശല വിദ്യകൾ ഡിസൈനർ വസ്ത്രങ്ങളിൽ മികച്ച രീതിയിൽ സമന്വയിപ്പിക്കാനായതോടെ സ്ഥാപനം വളരെ പെട്ടെന്ന് ട്രൻഡായി. ഇപ്പോൾ കുർത്ത ഘറും സിദ്ധിയെയും അന്വേഷിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ഉപഭോക്താക്കൾ എത്തുന്നുണ്ട്. ഏകദേശം 30 ലക്ഷം രൂപയോളമാണ് സിദ്ധിയുടെ വാർഷിക വരുമാനം.

Tags:    
News Summary - IT Engineer starts kurta business with just rs 7000, now earns lakhs from handcrafted suits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.