യൂറോപ്പിലെ വൻകിട ടെക് കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലി സ്വപ്നം കാണുന്ന നിരവധി യുവാക്കളാണ് നമുക്ക് ചുറ്റുമുള്ളത്. ശമ്പളത്തോടൊപ്പം തൊഴിൽ, സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന ജർമനിയിലാണ് അതെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറക്കും. എന്നാൽ അത്തരമൊരു കരിയറിലും തൃപ്തി നേടാനാകാതെ, സംരംഭകനാൻ ഇറങ്ങിപ്പുറപ്പെട്ട യുവാവിന്‍റെ കഥയാണിത്. ഓഫിസ് ജോലി നൽകുന്ന സുരക്ഷിതത്ത്വത്തിന്‍റെ വേലിക്കെട്ടിൽനിന്ന് പുറത്തുകടക്കാൻ അയാൾക്ക് ഊർജം പകർന്നതാകട്ടെ ദോശമാവും! ‘ദോശമാ’യുടെ സഹസ്ഥാപകൻ മോഹനാണ് ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞത്.
ഓഫിസ് ജോലി ഉപേക്ഷിച്ച മോഹൻ, ആദ്യത്തെ ദോശ റസ്റ്റാറന്‍റ് ജർമനിയിൽത്തന്നെ തുടങ്ങി. പിന്നീടത് പാരിസിലും ലണ്ടനിലുമെത്തി. ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ പുണെയിൽ പുതിയ റെസ്റ്റാറന്‍റ് തുറന്ന വേളയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റോടെ മോഹന്‍റെ കഥ ദേശീയ ശ്രദ്ധയാകർഷിച്ചു. “ജർമനിയിൽ ഉയർന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് ഒരു ദോശ റെസ്റ്റാറന്റ് ആരംഭിച്ചതിന്റെയും, വെല്ലുവിളികളെ നേരിട്ടതിന്റെയും, പാരീസിൽനിന്ന് ലണ്ടനിലേക്കും ഇപ്പോൾ പുണെയിലേക്കും വ്യാപിച്ചതിന്റെ കഥ ഞങ്ങൾ പങ്കുവെക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് ആരോഗ്യകരമായ ദോശകൾ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം” -മോഹൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
2023ലാണ് മോഹൻ ദോശമാ ആരംഭിച്ചത്. ഇപ്പോൾ മാനേജിങ് ഡയറക്ടറാണ്. ബ്രാൻഡിന്റെ ഇൻസ്റ്റഗ്രാം പേജിലുള്ള വിഡിയോയിൽ മോഹൻ ദോശ ഉണ്ടാക്കുന്നത് കാണിക്കുന്നു, ഇത് ചെയ്യാൻ വേണ്ടിയാണ് താൻ ജർമനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാരിസിൽ സ്കോളർഷിപ്പോടെ പഠിച്ച മോഹൻ പിന്നീട് നല്ല ശമ്പളമുള്ള ജോലികൾ നേടി. എന്നാൽ അടുത്ത സുഹൃത്തുക്കളുമായി ചേർന്ന് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണമെന്ന അതിയായ ആഗ്രഹത്തിന്‍റെ ഫലമായാണ് ദോശമാ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
പുറമേനിന്ന് നോക്കുമ്പോൾ ഈ തീരുമാനം എളുപ്പമായി തോന്നുമെങ്കിലും, യാഥാർഥ്യത്തെ മോഹൻ മറയ്ക്കുന്നില്ല. ആ മാറ്റം അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും, ഉറക്കമില്ലാത്ത രാത്രികൾ, ക്ഷീണം, നിരന്തരമായ പ്രവർത്തന വെല്ലുവിളികൾ എന്നിവ നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ സ്ഥിരോത്സാഹം ഫലം കണ്ടു. ദോശമാ ഇപ്പോൾ ആഗോള ബ്രാൻഡാണ്.
മോഹൻ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ വൈറലാണ്. പ്രശംസയുമായി നിരവധിപേരാണ് രംഗത്തെത്തിയത്. മൈദകൊണ്ട് തയാറാക്കുന്ന പിസ്സക്ക് നമ്മളിൽനിന്ന് ഈടാക്കുന്നതുപോലെ, ഒരു ദോശക്ക് 800 രൂപ വാങ്ങണമെന്ന് ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു. ‘ഇയാളുടെ ചിന്താഗതി കണ്ട് അതിശയിച്ചുപോയി! ഇന്ത്യയുടെ ആരോഗ്യകരമായ ഭക്ഷണം ലോകവുമായി പങ്കുവെച്ചതിൽ വലിയ ബഹുമാനമുണ്ട്’ -മറ്റൊരാൾ കമന്റ് ചെയ്തു. ‘നിന്നിൽ അഭിമാനിക്കുന്നു സഹോദരാ, നീ നിന്റെ സ്വപ്നത്തോടൊപ്പം ജീവിക്കുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ’ -എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.