രണ്ട് സഹോദരിമാരുടെ കഥയാണിത്. അതിലൊരാൾ ഐ.പി.എസുകാരിയാണ്. മറ്റേയാൾ ഐ.എ.എസും. സിവിൽ സർവീസിന് തയാറെടുക്കുന്ന ചിലർക്കെങ്കിലും ഇവരുടെ ജീവിത കഥ പ്രചോദനമായേക്കും.
കടുത്ത ദാരിദ്ര്യത്തെ കൂട്ടുപിടിച്ചാണ് സുഷ്മിത രാമനാഥനും ഐശ്വര്യ രാമനാഥനും ജീവിതത്തിൽ മുന്നേറിയത്. തമിഴ്നാട്ടിലെ കർഷക കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. കുട്ടിക്കാലത്ത്. പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാൻ പോലും പണമുണ്ടായിരുന്നില്ല. എന്നാൽ മിടുക്കികളായ ഇരുവരുടെയും പഠനത്തിന് അതൊന്നും തടസ്സമായില്ല.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയാണിവരുടെ ജൻമദേശം. മൂന്നുനേരത്തെ ഭക്ഷണത്തിനായി ഇവരുടെ കുടുംബം നന്നേ ബുദ്ധിമുട്ടി. 2004ൽ ആഞ്ഞടിച്ച സൂനാമിത്തിരമാലയിൽ ഇവരുടെ ആകെയുണ്ടായിരുന്ന വീടും തകർന്നു. എന്നാൽ സഹോദരിമാരുടെ ലക്ഷ്യവും സ്വപ്നങ്ങളും ഭേദിക്കാൻ അതൊന്നും തടസ്സമായതേയില്ല.
സഹോദരിമാരിൽ ഇളയ ആളായ ഐശ്വര്യയാണ് ആദ്യം യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. 2018ൽ 628 ാം റാങ്ക് നേടിയാണ് വിജയം. അന്ന് റെയിൽവേ അക്കൗണ്ട്സ് സർവീസിൽ ജോലി ലഭിച്ചു. അതുകൊണ്ട് ഐശ്വര്യ തൃപ്‍തയായില്ല. റാങ്ക് മെച്ചപ്പെടുത്തി കൂടുതൽ ഉയർന്ന പോസ്റ്റിനായി ശ്രമം തുടർന്നു. 2019ൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ 44ാം റാങ്ക് ലഭിച്ചു. അങ്ങനെ 22ാം വയസിൽ ഐ.എ.എസുകാരിയായി നാടിന്റെയും കുടുംബത്തിന്റെയും അഭിമാനമായി. ഇപ്പോൾ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ അഡീഷനൽ കലക്ടറായി സേവനം ചെയ്യുന്നു.
സഹോദരിയുടെ പാത പിന്തുടർന്നാണ് സുഷ്മിതയും സിവിൽ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിച്ചത്. വിജയിച്ച പോലെ ഒട്ടും എളുപ്പമായിരുന്നില്ല അത്. ആദ്യ അഞ്ച് തവണയും തോറ്റു. എന്നിട്ടും പിൻമാറാതെ വീണ്ടും പരീക്ഷയെഴുതി. 2022ലായിരുന്നു അത്. അക്കുറി 528ാം റാങ്ക് ലഭിച്ചു. ഇപ്പോൾ കാക്കിനട ജില്ലയിൽ എ.എസ്.പിയായി സേവനമനുഷ്ടിക്കുകയാണ് സുഷ്മിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.