പകൽ പാനിപൂരി വിൽപന, രാത്രി പഠനം; ഒടുവിൽ ഐ.എസ്.ആർ.ഒയിൽ സ്വപ്ന ജോലി

മുംബൈ: ജോലിയെന്ന സ്വപ്നത്തിനായി കഷ്ടപ്പെട്ട യുവാവിന് സ്വപ്ന സാഫല്യം. പകൽ പാനിപൂരി വിൽക്കുകയും രാത്രിയിൽ കഷ്ടപ്പെട്ട് പഠിക്കുകയും ചെയ്തിരുന്ന രാംദാസ് ഹേംരാജ് മർബഡെക്കാണ് ഐ.എസ്.ആർ.ഒയിൽ ടെക്നീഷ്യനായി ജോലി ലഭിച്ചത്.

ഗ്രാമങ്ങളിൽ പാനിപൂരി വിറ്റാണ് രാംദാസ് ജീവിച്ചിരുന്നത്. വീട്ടിലെ ദാരിദ്ര്യമായിരുന്നു രാംദാസിനെ ഈ ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്.

ശമ്പളമുള്ള ഒരു ജോലി രാംദാസിന്റെ വലിയ സ്വപ്നമായിരുന്നു. അതിനായി എന്തു കഷ്ടപ്പാടിനും തയാറുമായി. പാനിപൂരി വിൽപനക്കിടെ കിട്ടുന്ന ഇടവേളകളിൽ പോലും രാംദാസ് പഠിച്ചു. സ്കൂൾ പ്യൂൺ ആയിരുന്നു രാംദാസിന്റെ അച്ഛൻ. ജോലിയിൽ നിന്ന് വിരമിച്ചതോടെ കുടുംബത്തിന്റെ കഷ്ടപ്പാടും തുടങ്ങി. അതോടെയാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാംദാസ് പാനിപൂരി വിൽപ്പന തുടങ്ങിയത്.

മേയ് 19നാണ് രാംദാസിന് ഐ.എസ്.ആർ.ഒയിൽ നിന്ന് ജോലിയിൽ ചേരാനുള്ള കത്ത് കിട്ടിയത്.

ബിരുദധാരിയാണ് രാംദാസ്. അതിനു ശേഷം ഐ.ടി.ഐ കോഴ്സും ചെയ്തു. 2023ലാണ് ഐ.എസ്.ആർ.ഒ അപ്രന്റിസ് ട്രെയ്നീ പോസ്റ്റിലേക്ക് വിജ്ഞാപനം ക്ഷണിച്ചത്. രാംദാസ് ഓൺലൈൻ വഴി അപേക്ഷയും നൽകി. 2024ൽ നാഗ്പൂരിൽ വെച്ച് നടന്ന എഴുത്തുപരീക്ഷ രാംദാസ് വിജയിച്ചു. പിന്നീട് സ്കിൽ ടെസ്റ്റും നടന്നു. അതിനു ശേഷമായിരുന്നു സെലക്ഷൻ. പമ്പ് ഓപറേറ്റർ കം മെക്കാനിക് ആയാണ് ജോലിയിൽ പ്രവേശിച്ചത്. 

Tags:    
News Summary - From Golgappa Seller to ISRO Technician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.