ദിയാന നാദിറ

യൂറോപ്യൻ യൂനിയനിലെ നാല് മികച്ച യൂനിവേഴ്സിറ്റികളിൽ സൗജന്യമായി പഠിക്കാം; ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേട്ടത്തിൽ ദിയാന നാദിറ

ഒന്നാം ക്ലാസ് മുതൽ പൊതുവിദ്യാലയത്തിൽ പഠിച്ച് വിദ്യാഭ്യാസത്തിന്റെ പലഘട്ടങ്ങളിലും പഠനമികവ് കൊണ്ട് സ്കോളർഷിപ്പുകളിലൂടെ മുന്നേറിയ മിടുക്കിയെ ആണ് പരിചയപ്പെടുത്താൻ പോകുന്നത്. മലപ്പുറം സ്വദേശിയായ ദിയാന നാദിറയാണ് ആ മിടുക്കി. യൂറോപ്യൻ യൂനിയനിലെ പ്രശസ്തമായ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിലെത്തി നിൽക്കുന്നു ആ നേട്ടം. യൂറോപ്യൻ യൂനിയൻ ആണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഈ പ്രോഗ്രാമിലൂടെ നാലോളം യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളിൽ രണ്ടു വർഷ കാലയളവിൽ എജ്യൂക്കേഷൻ, ഹെറിറ്റേജ്, കൾചർ എന്നീ മേഖലകളിൽ പഠനം നടത്താൻ ദിയാനക്ക് സാധിക്കും.

അന്താരാഷ്ട്ര തലത്തിൽ വളരെയധികം പ്രത്യേകതകളുള്ള സ്കോളർഷിപ്പ് പ്രോഗ്രാം ആണ് ഇറാസ്‌മസ് മുണ്ടസ്. അതിലെ ഏറ്റവും സവിശേഷമായ കാര്യം നാല് സെമസ്റ്ററുകൾ നാല് രാജ്യങ്ങളിലായി പഠിക്കുന്ന മൊബിലിറ്റി ട്രാക്കോട് കൂടിയുള്ള സിലബസ് ആണ് എന്നയണ്. ഓരോ സെമെസ്റ്ററുകളിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്ക് ഏറ്റവും റെലെവന്റ് ആയിട്ടുള്ള, റിസർച്ചിനും ഇന്റേൺഷിപ്പിനും സാധ്യതകൾ തുറക്കുന്ന രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിലായാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്.

പഠിച്ചുകഴിഞ്ഞാൽ നാലു യൂനിവേഴ്സിറ്റികളുടെ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. ​ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രിയാണ് ലഭിക്കുക. നാലു സെമസ്റ്ററുകളും നാല് രാജ്യത്തായിരിക്കും. ആദ്യത്തെ സെമസ്റ്റർ യു.കെയിലാണ്. ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയാണ് കോഓർഡിനേറ്റ് ചെയ്യുന്നത്. രണ്ടാമത്തേത് അയർലൻഡിലോ എസ്തോണിയയിലോ ആണ്. മൂന്നാമത്തേത് നെതർലൻഡ്സിലോ മാൾട്ടയിലോ ആണ്. അവസാന​ത്തേത് ഗവേഷണമാണ്. അത് തിരഞ്ഞെടുത്ത വിഷയത്തിന് യോജിച്ച റിസോഴ്സുകൾ ലഭ്യമായിട്ടുള്ള, മുകളിൽ സൂചിപ്പിച്ച ഒരു രാജ്യം തിരഞ്ഞെടുക്കാം. അതിനു പുറമെ, മെക്സിക്കോയിലും സ്കോളർഷിപ്പിന്റെ കീഴിൽ തെരഞ്ഞെടുക്കുന്ന ഒരു യൂറോപ്യൻ രാജ്യത്തും സമ്മർ സ്കൂൾ അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ടാവും.

പഠനവുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും യൂറോപ്യൻ കമീഷൻ ആയിരിക്കും ഫണ്ട്‌ ചെയ്യുന്നത്. ഇതിൽ വിസ, ടിക്കറ്റ് മുതലായവക്കുള്ള ഇനിഷ്യൽ അഡ്വാൻസ് പേയ്മെന്റ് മുതൽ താമസം ഭക്ഷണ ചെലവുകൾക്കുള്ള മാസമാസമുള്ള സ്റ്റൈപ്പന്റും ഉൾപ്പെടും.

ബിരുദ പഠന കാലത്ത് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ സി.സി.ഐ.പി സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. അങ്ങനെ എക്സ്​​ചേഞ്ച് സ്റ്റുഡന്റ് ആയി യു.എസിലെ വിർജീനിയയിലെ നോവ യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ ദിയാനക്ക്  സാധിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സമന്വയമായിരുന്നു അവിടെ കണ്ടത്. പല രാജ്യങ്ങളെ കുറിച്ചും മനസിലാക്കാൻ സാധിച്ചു. പഠനം തുടരാനും വിവിധ രാജ്യങ്ങൾ സന്ദർശിക്കാനുമുള്ള തുടക്കം അതിൽനിന്നായിരുന്നുവെന്നും ദിയാന പറയുന്നു. എജ്യുക്കേഷൻ രംഗത്ത് ഇനവേറ്റീവായിട്ടുള്ള പ്രോജക്ടുകൾ ചെയ്യണമെന്നാണ് ദിയാനയുടെ ആഗ്രഹം. ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് ബിരുദ തലത്തിലും പി.ജി തലത്തിലും പഠിച്ചത്. ഹെറിറ്റേജ് ആയിരുന്നു ഫോക്കസ്.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എജ്യുക്കേഷൻ വിങ്ങിൽ ഇന്നോവറ്റീവ് ആയിട്ടുള്ള പ്രൊജക്റ്റിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ദിയാനക്ക് ഇങ്ങനൊരു അവസരം ലഭിക്കുന്നത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകാൻ, മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലവ്യ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ച് റെസിഡൻഷ്യൽ കാംപുകൾക്കും നേതൃത്വം നൽകിയിരുന്നു.

തിരുവാലി ഗവ. ഹയർ സെക്കൻഡി സ്കൂളിലാണ് ദിയാന ഒന്നാംക്ലാസ് മുതൽ 10 വരെ പഠിച്ചത്. പ്ലസ്ടുവിന് വി.എം.സി ഗവ. ഹയർസെക്കൻഡറി സ്കൂളിലും. ബിരുദ പഠനം മമ്പാട് എം.ഇ.എസ് കോളജിലായിരുന്നു. പി.ജി ​പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റിയിലും. പൊതുവിദ്യാലയമാണ് ഭാഷാപഠനത്തിന്റെ അടിത്തറ. മാതൃഭാഷ നന്നായി വഴങ്ങിയാൽ നമുക്ക് ഏതുഭാഷയും എളുപ്പം പഠിക്കാൻ പറ്റും. പുസ്തക വായനയിലൂടെയും ഭാഷ പഠിച്ചുവെന്നും ദിയാന പറയുന്നു.

ഹയർസെക്കൻഡറി തലം മുതലാണ് ഇംഗ്ലീഷ് പുസ്തക വായന തുടങ്ങിയത്. ഉപ്പ നാസർ പുതുശ്ശേരി ഗ്രാഫിക് ഡിസൈനറാണ്. ഉമ്മ ഖദീജ നാസർ വീട്ടമ്മയും. അനിയത്തി ദാനിയ പർവിൻ സൈബർ പാർക്കിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ്. അനിയൻ ദാനിഷ് നാസർ കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് നിൽക്കുന്നു.

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത് യൂറോപ്യൻ യാത്രക്കൊരുങ്ങുകയാണ് ദിയാന. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്കോളഴ്സിന്റെ കൊഹോർട്ടിൽ ഇന്ത്യയിൽ നിന്ന് ദിയാനയുമുണ്ടാകും.  

Tags:    
News Summary - Diana Nadira wins Erasmus Mundus scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.