അദീബ അനം
തന്റെ നാലാമത്തെ ശ്രമത്തിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് അദീബ അനം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയാണ് അദീബയുടെ സ്വദേശം. 2024ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 142ാം റാങ്കാണ് അദീബ നേടിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് അദീബയുടെ പിതാവ് അഷ്ഫാഖ് ശൈഖ്. വിദ്യാഭ്യാസത്തിലൂടെ മകൾ ഉന്നതിയിലെത്തണമെന്നും തനിക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത പദവിയിൽ എത്തണമെന്നും അഷ്ഫാഖ് ആഗ്രഹിച്ചിരുന്നു. അഷ്ഫാഖ് ശൈഖിന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. കുടുംബത്തെ നോക്കാൻ പത്താംക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
സാമ്പത്തികമായി ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നെങ്കിലും മകളെ ഏതറ്റം വരെയും പഠിപ്പിക്കാൻ ആ പിതാവ് ഒരുക്കമായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ഒന്നുമാകുമായിരുന്നില്ല. എങ്കിലും മകളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആ പിതാവ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല.
സഫർനഗർ ജില്ലാ പരിഷത്ത് ഉർദു പ്രൈമറി സ്കൂളിൽ നിന്നാണ് അദീബ സ്കൂൾ ജീവിതം തുടങ്ങിയത്. പുനെയിലെ ഇനാംദാർ സീനിയർ കോളജിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിന് തയാറെടുപ്പ് തുടങ്ങിയത്. എന്നാൽ ആദ്യമൂന്നു തവണയും നിരാശയായിരുന്നു ഫലം. ഇന്റർവ്യൂ ഘട്ടം വരെയെത്തിയിട്ടും ഒരു തവണ റാങ്ക് ലിസ്റ്റിൽ ഇടംകിട്ടിയില്ല. എന്നാൽ പിൻമാറാൻ അദീബ തയാറല്ലായിരുന്നു. നാലാംതവണ കഠിനമായി പരിശീലനം നടത്തി. അതിന് ഫലവും കിട്ടി. സംവരണമുള്ളതിനാൽ ഐ.എ.എസ് തന്നെ കിട്ടുമെന്നാണ് അദീബ കരുതുന്നത്. അങ്ങനെ വന്നാൽ മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം ഐ.എ.എസ് ഓഫിസർ എന്ന ബഹുമതി അദീബക്ക് സ്വന്തമാകും. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ സേവനമനുഷ്ടിക്കാനാണ് അനം താൽപര്യപ്പെടുന്നത്. സാഹചര്യങ്ങളല്ല നിശ്ചയ ദാർഢ്യമാണ് നാം വിജയിക്കണോ എന്ന് തീരുമാനിക്കുന്നതെന്ന് അദീബ പറയുന്നു. മകൾ ഇത്രയും വലിയ പരീക്ഷ വിജയിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് അഷ്ഫാഖ് പറയുന്നു. അയൽക്കാരുടെയും കുടുംബാംഗങ്ങളുടെയും അഭിനന്ദന പ്രവാഹമാണ് അദീബക്ക്.
മഹാരാഷ്ട്രയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളമാണ് മുസ്‍ലിംകൾ. എന്നാൽ ഉന്നത തസ്തികകളിൽ മുസ്‍ലിം പ്രാതിനിധ്യം കുറവാണ്.
മുമ്പും സംസ്ഥാനത്തെ മുസ്‍ലിം പെൺകുട്ടികൾ സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ സാറാ റിസ്‍വി ഇപ്പോൾ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. നന്ദേഡിൽ നിന്ന് സയ്യിദ അസ്മ അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മീഷണറാണ്. എം.പി.എസ്.സിയിൽ മൂന്നാം റാങ്ക് നേടിയ വസീമ ശൈഖ് ഡെപ്യൂട്ടി കലക്ടറായി പരിശീലനം ചെയ്യുകയാണ്. 1979ലെ ഇന്ത്യൻ പോസ്റ്റൽ സർവീസ് ബാച്ചിൽ നിന്നുള്ള ഹുമേര അഹ്മദ് തപാൽ വകുപ്പിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.