മൂന്ന് വയസ്സുള്ളപ്പോഴാണ് കാഫിയുടെ ദേഹത്ത് അയൽക്കാർ ആസിഡ് ഒഴിക്കുന്നത്. ആക്രമണത്തിൽ മുഖത്തും കൈകളിലും ഗുരുതരമായ പൊള്ളലേറ്റു, കാഴ്ചശക്തി നഷ്ടപ്പെട്ടു. 14 വർഷങ്ങൾക്കിപ്പുറത്ത് 12-ാം ക്ലാസ് പരീക്ഷയിൽ 95.6 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തി കാഫി വീണ്ടും വാർത്തയിൽ നിറയുകയാണ്. ചണ്ഡീഗഢിലെ സെക്ടർ 26 ലെ ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു കാഫി.
ഓഡിയോബുക്കുകളായിരുന്നു പഠനത്തിന്റെ പ്രാഥമിക ഉപാധി. ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ബിരുദം നേടാനും ഐ.എ.എസ് ഓഫിസറാകാനും ആഗ്രഹിക്കുന്നതായി കാഫി പറയുന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ബുധാന ഗ്രാമത്തിലാണ് കാഫിയും കുടുംബവും താമസിക്കുന്നത്. 2011-ൽ ഹോളി ആഘോഷത്തിനിടെയാണ് ഇവിടെ വെച്ചാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
മൂന്ന് അയൽക്കാർ ചേർന്നാണ് തന്റെ മേൽ ആസിഡ് ഒഴിച്ചതെന്ന് കാഫി മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിലെ എയിംസിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. 'ഡോക്ടർമാർ എന്റെ ജീവൻ രക്ഷിച്ചു, പക്ഷേ എന്റെ കാഴ്ചശക്തി രക്ഷിച്ചില്ല' എന്നാണ് കാഫി പറയുന്നത്. എന്നാൽ, ആസിഡ് ആക്രമണത്തിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. തന്നോട് ക്രൂരത ചെയ്തവർ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നുണ്ടെന്ന് കാഫി പറഞ്ഞു.
ആറാം ക്ലാസ്സിൽ ചണ്ഡീഗഡിലെ ബ്ലൈൻഡ് സ്കൂളിൽ ചേർന്നതാണ് നിർണായക വഴിത്തിരിവായത്. പന്നീടങ്ങോട്ട് കാഫി തന്റെ അക്കാദമിക് ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ഥിരമായി ക്ലാസ്സിൽ ഒന്നാമതെത്തി. ചണ്ഡീഗഡിലെ മിനി സെക്രട്ടേറിയറ്റിൽ കരാർ അടിസ്ഥാനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന കാഫിയുടെ പിതാവ് അവളുടെ നേട്ടങ്ങളിൽ അതിയായ അഭിമാനം പ്രകടിപ്പിച്ചു. കാഫി ഇതിനകം ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ട്. പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.