നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെയാണ് ആ സുന്ദരനായ സബ്കലക്ടറെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ.വി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആ സമയത്ത് സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയത്. 2022 ബാച്ചിലെ സിവിൽ സർവീസ് ഓഫിസറാന് ആൽഫ്രഡ്. നേരത്തേ പാലക്കാട് അസിസ്റ്റന്റ് കലക്ടറായിരുന്നു. ഗോപൻ സ്വാമിയുടെ സമാധി വിഷയം ആൽഫ്രഡ് കൈകാര്യം ചെയ്ത രീതി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി എന്നടക്കം സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരം സബ് കലക്ടറാണ്.
കോവിഡ് കാലത്ത് കേരളത്തിലെ കലക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സമാനതയില്ലാത്ത പ്രവർത്തനങ്ങളാണ് ആൽഫ്രഡിനെ സിവിൽ സർവീസിലേക്ക് ആകർഷിച്ചത്. ബിരുദപഠനം കഴിഞ്ഞപ്പോഴായിരുന്നു അത്. അതിനു ശേഷം ഒരു വർഷം ഡൽഹിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു. സിവിൽ സർവീസ് പഠനത്തിനായി ഒന്നും ഒഴിവാക്കിയില്ല ആൽഫ്രഡ്. സിനിമ കാണാനും ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു.
2022ൽ മൂന്നാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടാനായത്. ആദ്യമായി എഴുതിയപ്പോൾ പ്രിലിംസ് കിട്ടി. എന്നാൽ മെയിൻസ് എന്ന കടമ്പ കടക്കാൻ സാധിച്ചില്ല. രണ്ടാമത്തെ ശ്രമത്തിൽ പിഴവുകളൊക്കെ തിരുത്തി പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 310ാം റാങ്ക് നേടി.ഇന്ത്യൻ പോസ്റ്റൽ സർവീസിൽ ജോലിയും ലഭിച്ചു. മൂന്നാംതവണ ശ്രമിച്ചപ്പോഴാണ് സ്വപ്ന നേട്ടം കൂടെ പോന്നത്.
കണ്ണൂരിലെ വിൻസന്റ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും വഴിയിലൂടെയാണ് ഇവർ മക്കളെ വളർത്തിയത്. പരാജയങ്ങളിൽ പിടിച്ചു നിൽക്കാൻ അത് ഏറെ സഹായിച്ചു. സഹോദരൻ വിൽഫ്രഡ് സോഫ്റ്റ് വെയർ എൻജിനീയറാണ്. സഹോദരി വിനയ സൈക്കോളജിസ്റ്റും. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠനം. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് ആൽഫ്രഡ് കംപ്യൂട്ടർ സയൻസിലാണ് ആൽഫ്രഡ് ബിരുദം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.