സുമയ്യ മുസ്തഫ

ആഗ്രഹങ്ങൾക്ക് പ്രായമില്ല: 25 വര്‍ഷത്തിനുശേഷം മകൾക്കൊപ്പം പ്ലസ്ടു എഴുതിനേടി സുമയ്യ

കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി കഴിഞ്ഞ് 25 വര്‍ഷങ്ങൾക്കു ശേഷം മകൾക്കൊപ്പം പഠിച്ച് പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മുറിയനാവിയിലെ സുമയ്യ മുസ്തഫയുടെ അടുത്ത ലക്ഷ്യം വക്കീൽ കോട്ടാണ്. 1997ല്‍ കുണിയ ഗവ. സ്‌കൂളില്‍നിന്ന് പത്താം ക്ലാസിൽ ഉയര്‍ന്ന മാര്‍ക്കിൽ വിജയിച്ചെങ്കിലും തുടർപഠനം സാധ്യമായില്ല. 25 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയിലാണ് വീണ്ടും പഠിക്കണമെന്ന മോഹമുണ്ടാകുന്നത്.

അപ്പോഴേക്കും മകൾ ഹിബ പ്ലസ്ടുവിലേക്കെത്തിക്കഴിഞ്ഞു. പിന്നീട് മകൾക്കൊപ്പമായി സുമയ്യയുടെ പഠനം. പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മകൾ വിജയിച്ചോൾ പ്ലസ്ടു തുല്യത പരീക്ഷയില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് ഹ്യുമാനിറ്റീസില്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സുമയ്യയും വിജയമുറപ്പിച്ചു.

ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വക്കീലാകാന്‍ ആഗ്രഹിക്കുകയാണ് സുമയ്യയിപ്പോൾ. ആദ്യ അലോട്ട്മെന്റില്‍ ഇടുക്കിയില്‍ കിട്ടിയതിനാല്‍ പോയില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ അടുത്ത് എവിടെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവർ. സാക്ഷരത പ്രേരകിന്റെയും തുല്യത അധ്യാപികയുടെയും പിന്തുണയിലാണ് വിജയം കരസ്ഥമാക്കിയതെന്ന് സുമയ്യ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി വിദ്യാർഥിനിയാണ് ഇപ്പോൾ മകൾ ഹിബ. വിദേശത്ത് ആര്‍ക്കിടെക്റ്റായ തമീം, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സുലൈമാന്‍ മുസ്തഫ എന്നിവരാണ് മറ്റുമക്കൾ. ബഹ്‌റൈന്‍ കെ.എം.സി.സി കോഓഡിനേറ്റർ സി.എച്ച് മുസ്തഫയാണ് ഭര്‍ത്താവ്.

Tags:    
News Summary - After 25 years Sumaiya wrote higher secondary exam with her daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.