ഇന്ത്യയിലെ വ്യവസായ പ്രമുഖരിൽ മുൻനിരയിലാണ് അന്തരിച്ച രത്തൻ ടാറ്റയുടെ സ്ഥാനം. 86ാം വയസിലായിരുന്നു അദ്ദേഹം വിടവാങ്ങിയത്. രാജ്യം പത്മ വിഭൂഷണും പത്മ ഭൂഷണും നൽകി ആദരിച്ച രത്തൻ ടാറ്റ വലിയ മനുഷ്യസ്നേഹിയുമായിരുന്നു.
രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
ഭാവിയെ ആശങ്കയോടെ കാണുന്ന, സ്വപ്നങ്ങളുണ്ടെങ്കിലും അനിശ്ചിതത്വം പേറുന്ന യുവതലമുറകൾക്ക് ജീവിതത്തിൽ വിജയിക്കാൻ രത്തൻ ടാറ്റയുടെ ചില ടിപ്സുകൾ ഇതാ...
പലകാര്യത്തിലും രണ്ടഭിപ്രായം ഉണ്ടാവുക സാഭാവികം. നമ്മളെന്തു ചെയ്യാനിറങ്ങിത്തിരിച്ചാലും അതിന് പലവിധ എതിർപ്പുകളുമുണ്ടാകും. അതൊന്നും വകവെക്കാതെ മുന്നോട്ടു പോകണമെന്നാണ് ടാറ്റയുടെ ഉപദേശം.
അതായത് വിമർശനങ്ങളും എതിർപ്പുകളും വഴിയിലെ തടസ്സമാകില്ല. വിജയത്തിലേക്കുള്ള അസംസ്കൃത വസ്തുക്കളാക്കി അതിനെയെല്ലാം മാറ്റിയെടുക്കാൻ കഴിയണം. എല്ലാ നെഗറ്റീവ് കമന്റുകളും തിരിച്ചടികളും സംശയങ്ങളും നേട്ടത്തിനായുള്ള ഇന്ധനമാക്കി മാറ്റണമെനാണ് രത്തൻ ടാറ്റ പറഞ്ഞുവെച്ചത്.
സ്വന്തം കുടുംബത്തിൽ നിന്ന് പോലും കൗമാരക്കാർ വിമർശനം നേരിടേണ്ടി വന്നേക്കും. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തിയാകും അത്. കുടുംബത്തിന്റെ അമിത പ്രതീക്ഷയും അവരിൽ പ്രശ്നമുണ്ടാക്കും. തനിക്ക് മുന്നേറാൻ കഴിയുമോ എന്ന ആശങ്കക്കും അതിടയാക്കും.
നിരസിക്കപ്പെടുന്ന ജോലി അപേക്ഷകൾ, തോൽവിയുടെ പരമ്പരകളാകുന്ന പരീക്ഷകൾ, കടുത്ത വിമർശനങ്ങൾ എന്നിവയെ എല്ലാം ഇങ്ങനെ വിജയം എന്ന വലിയ കെട്ടിടത്തിന്റെ അടിത്തറയാക്കി മാറ്റാം. അങ്ങനെ നിർമിക്കുന്നവർക്ക് ഒരു കൊടുങ്കാറ്റിലും ഇളക്കമുണ്ടാകില്ല
ജീവിതം മുന്നോട്ട് നീങ്ങാൻ ഉയർച്ചകളും താഴ്ചകളും വേണമെന്നാണ് രത്തൻ ടാറ്റ പറയുന്നത്. നാം മരിച്ചു കഴിഞ്ഞു എന്നാണ് ഇ.സി.ജിയിലെ നേർരേഖ സൂചിപ്പിക്കുന്നത്. പഠനകാലത്ത് പല വിധ സമ്മർദങ്ങളിലൂടെയാണ് വിദ്യാർഥികൾ കടന്നുപോവുന്നത്. ചിലപ്പോൾ കരിയറിൽ അനിശ്ചിതത്വം ഉണ്ടാകാം. പ്രിയപ്പെട്ടവരെ നഷ്ടമായേക്കാം. എന്നാൽ അതെല്ലാം വളർച്ചയിലേക്കുള്ള സ്വാഭാവിക താളമായി കാണാനാണ് രത്തൻ ടാറ്റ പറയുന്നത്. ഒരു കുന്നിന് ഇറക്കമുണ്ടാകും എന്ന് പറയുമ്പോലെ എല്ലാറ്റിനും മറുവശമുണ്ടാകും. നൈമിഷമായ തിരിച്ചടികളിൽ പതറാതെ അതിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നേറാൻ ശ്രമിക്കണം.
സുരക്ഷ എന്നത് പലപ്പോഴും മിഥ്യയാണ്. റിസ്ക് എടുക്കാൻ തയാറുള്ളവർക്ക് വലിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ സുരക്ഷയെ കുറിച്ച് മാറിനിൽക്കുന്നത് പിന്നോട്ട് പോകാനേ ഉപകരിക്കുകയുള്ളൂ.
സാങ്കേതികമായ കഴിവുകൾ പുതിയ വാതിലുകൾ തുറന്നുതന്നേക്കാം. എന്നാൽ ഇമോഷണൽ ഇന്റലിജൻസിന് മറ്റേതിനേക്കാളും കൂടുതൽ ശക്തിയുണ്ട്. ദയാലുവായ ഒരാളുടെ പിന്നിൽ ഒരുപാട് പേരുണ്ടാകും. ഭിന്നതകൾക്കിടയിലും സഹവർത്തിത്തമുണ്ടാക്കാൻ സഹാനുഭൂതി ഇടയാക്കുന്നു. സ്വാർഥ താൽപര്യത്തിനപ്പുറം സേവനത്തെ പ്രചോദിപ്പിക്കാൻ കാരുണ്യം കാരണമാകുന്നു. ഈ ഗുണങ്ങളടങ്ങിയ നേതാക്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായിരിക്കും.
മുന്നോട്ടു പോകാൻ അനന്തമായ ഓപ്ഷനുകൾ വിശകലനം ചെയ്യുന്നവരാണ് വിദ്യാർഥികൾ. എന്നാൽ ഒരു തീരുമാനമെടുത്ത് കഴിഞ്ഞതിന് ശേഷം അതിൽ എന്തൊക്കെ പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്ടെങ്കിലും ഉറച്ചുനിൽക്കുകയാണ് പ്രധാനമെന്ന് രത്തൻ ടാറ്റ പഠിപ്പിക്കുന്നു.
മുൻഗാമികളോടുള്ള വിനയവും ബഹുമാനവും ജീവിത വിജയത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നു. മുൻകാല നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയം കെട്ടിപ്പടുക്കുന്നത്. ബുദ്ധിയുള്ള വിദ്യാർഥികൾ മുൻഗാമികളിൽ നിന്ന് ഉപദേശം തേടുകയും വിജയത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.