ടീച്ച് ഫോര്‍ ഇന്ത്യ എന്ന വിശ്വവിദ്യാലയം

ടീച്ച് ഫോര്‍ ഇന്ത്യ ഒരു സ്വപ്നമാണ്. ഒരുപാടുപേര്‍ ഒരേസമയം ഉണര്‍ന്നിരുന്ന് കാണുന്ന സ്വപ്നം. രാജ്യത്തിന്‍െറ നിറമുള്ള ഭാവിക്കായി, വിദ്യാഭ്യാസ അസമത്വം തുടച്ച് നീക്കുന്നതിനായുള്ള ഒരുപാടുപേരുടെ പ്രയത്നമാണ് ഈ സംരംഭം. രാജ്യത്ത് പരമ്പരാഗത വിദ്യാഭ്യാസം ലഭ്യമാകാതെ ദരിദ്രചുറ്റുപാടുകളിലും തെരുവുകളിലും കഴിയുന്ന കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കലാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ ലക്ഷ്യം. ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിച്ചിറങ്ങിയവരും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമെല്ലാം ടീച്ച് ഫോര്‍ ഇന്ത്യയുടെ ഭാഗമാകാനത്തെുന്നു. ഒരു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള മനസും ഇച്ഛാശക്തിയും ഉള്ളവര്‍ക്ക് ടീച്ച് ഫോര്‍ ഇന്ത്യയുടെ ഭാഗമാകാം. തെരുവുകളിലെ കുഞ്ഞുങ്ങളുടെ മനസില്‍ വെളിച്ചം പകരാം. ആ വെളിച്ചത്തിലൂടെ അവര്‍ മുഖ്യധാരയിലേക്ക് ചുവടുവെച്ച് രാജ്യത്തിന്‍െറ വിഭവശേഷിയില്‍ മുതല്‍ക്കൂട്ടാകും. 
ടീച്ച് ഫോര്‍ ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ നാല് ശതമാനം കുട്ടികള്‍ സ്കൂളുകളില്‍ പോകുന്നേയില്ല. 58 ശതമാനം പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. 90 ശതമാനം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. ജീവിതത്തില്‍ ചോയ്സുകള്‍ കൊണ്ടുമാത്രം ഭാഗ്യം തേടിവന്നതാണ് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതനിലവാരവുമുള്ള നമ്മെയെല്ലാം എന്ന തിരിച്ചറിവാണ് ടീച്ച് ഫോര്‍ ഇന്ത്യക്ക് സന്നദ്ധപ്രവര്‍ത്തകരെ നേടിക്കൊടുക്കുന്നത്. തെരുവുകളില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുള്‍പ്പെടെ വിദ്യാഭ്യാസം നല്‍കുന്നുവെന്ന് മാത്രമല്ല, സാധാരണ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയില്‍ പഠിച്ചുമുന്നേറാന്‍ പ്രയാസമുള്ളവരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നു ടീച്ച് ഫോര്‍ ഇന്ത്യയിലെ അധ്യാപകര്‍. വിദ്യാര്‍ഥികളുടെ നാനാമുഖമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ടീച്ച് ഫോര്‍ ഇന്ത്യയിലെ വിദ്യാഭ്യാസം. ഒന്നുമില്ലായ്മയില്‍നിന്ന് ആത്മവിശ്വാസവും ഇച്ഛാശക്തിയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കലാണ് ഈ സംരംഭം ലക്ഷ്യം വെക്കുന്നത്. 
തുടക്കം
ഷഹീന്‍ മിസ്ട്രിയാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ അമരക്കാരി. 1991 ല്‍ ആരംഭിച്ച ആകാംക്ഷ ഫൗണ്ടേഷന്‍െറയും സ്ഥാപകയാണിവര്‍. ടീച്ച് ഫോര്‍ അമേരിക്കയുടെ സി.ഇ.ഒ വെന്‍ഡി കോപിനെ കണ്ടുമുട്ടിയതാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ വളര്‍ച്ചയിലേക്ക് വഴിതെളിച്ചത്. ടീച്ച് ഫോര്‍ അമേരിക്കയുടെ ഇന്ത്യന്‍ മോഡലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ 2008ല്‍ ടീച്ച് ടു ലീഡ് സ്ഥാപകമായി. ടീച്ച് ടു ലീഡിന്‍െറ പദ്ധതിയായി ടീച്ച് ഫോര്‍ ഇന്ത്യ പിറവിയെടുത്തു. 2009ല്‍ ആദ്യബാച്ച് പുണെയിലും മുംബൈയിലും വിദ്യാര്‍ഥികളെ അറിവിന്‍െറ ലോകത്തേക്ക് കൈപിടിച്ചു. നിലവില്‍ 1200 ഫെലോസും 1100 പൂര്‍വവിദ്യാര്‍ഥികളും ടീച്ച് ഫോര്‍ ഇന്ത്യ തുടങ്ങിവെച്ച ദൗത്യത്തില്‍ ഭാഗഭാക്കാകുന്നു. 
ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി 30,000 കുട്ടികളെ ടീച്ച് ഫോര്‍ ഇന്ത്യ പഠിപ്പിക്കുന്നു. ഡല്‍ഹി, മുംബൈ, പുണെ, അഹ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലാണ് നിലവില്‍ ടീച്ച് ഫോര്‍ ഇന്ത്യ കേന്ദ്രങ്ങളുള്ളത്. വ്യവസായി അനു ആഗയാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ ചെയര്‍പേഴ്സന്‍. 
പ്രവര്‍ത്തന രീതി
റെയില്‍പ്പാലത്തിനുകീഴിലും മറ്റും താല്‍ക്കാലിക ഷെഡുകളിലുമൊക്കെയാണ് ടീച്ച് ഫോര്‍ ഇന്ത്യ അധ്യാപകര്‍ അവരുടെ സ്കൂളുകള്‍ തുടങ്ങുന്നത്. കുട്ടികള്‍ക്ക് വഴികാട്ടിയും സുഹൃത്തുമാണ് ഈ വിദ്യാലയങ്ങളിലെ അധ്യാപകര്‍. ചേരികളിലെ കുട്ടികളിലെ വാസനകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രകാശമാര്‍ന്നൊരു ഭാവി ഉറപ്പാക്കുക എന്ന ദൗത്യം ഇവര്‍ ആസ്വദിച്ച് നിറവേറ്റുന്നു. പ്രകൃതിയോടിണങ്ങിയ സ്കൂളുകളില്‍ തങ്ങളോടിണങ്ങിച്ചേരുന്ന അധ്യാപകര്‍ക്കൊപ്പം കുട്ടികളും ജീവിതം ആഘോഷമാക്കുന്നു. ബഹുരാഷ്ട്ര കമ്പനികളിലെ ജോലിയിട്ടെറിഞ്ഞു വരുന്നവരും പലചരക്കു കടക്കാരും ഈ കുട്ടികള്‍ക്ക് മുന്നില്‍ സമന്‍മാരായ അധ്യാപകരാകുന്നു. വലിയ പ്രതീക്ഷകളുമായാണ് ടീച്ച് ഫോര്‍ ഇന്ത്യക്കാര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ജീവിതത്തെ നോക്കിക്കാണുന്നത്. ഭൗതികസാഹചര്യങ്ങള്‍ എത്രതന്നെ മോശമായാലും ഈ സ്കൂള്‍ കാലം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരം. അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന സഹായങ്ങളിലൂടെ സ്കൂളുകള്‍ വികസിക്കുന്നു. പലയിടത്തും അധ്യാപകര്‍ പരിശ്രമിച്ച് ലൈബ്രറികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന കളിചിരിക്കാലം ഇവര്‍ക്ക് തിരിച്ചുനല്‍കാനാണ് ടീച്ച് ഫോര്‍ ഇന്ത്യയുടെ ശ്രമം. 
ഫെലോഷിപ്
ദരിദ്രചുറ്റുപാടുകളില്‍ സൗകര്യങ്ങളില്ലാതെ കഴിയുന്ന കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ ഫെലോഷിപിന് അപേക്ഷിക്കാവുന്നതാണ്്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫെലോഷിപ് വ്യക്തിത്വവികാസത്തിനും കൂടുതല്‍ മികച്ച അവസരങ്ങള്‍ക്കും സഹായിക്കുന്നു. ഫെലോഷിപ് കാലാവധിക്കുശേഷം ഇഷ്ടമുള്ള മേഖലയിലേക്ക് തിരിയാം. താല്‍പര്യമുള്ളവര്‍ക്ക് ടീച്ച് ഫോര്‍ ഇന്ത്യയില്‍ തുടരാം. 17,500 രൂപയാണ് പ്രതിമാസ ഫെലോഷിപ്. 
ഇപ്പോള്‍ പങ്കുചേരാം
2016 ലെ ഫെലോഷിപിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസില്ല. വെബ്സൈറ്റ്: www.teachforindia.org. ഡിസംബര്‍ എട്ടാണ് അവസാനതീയതി. 
അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് apply@teachforindia.org യില്‍ ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.