ആര്യൻ ശുക്ല

കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും കാൽക്കുലേറ്ററിനെ പിന്നിലാക്കി ആര്യൻ സ്വന്തമാക്കിയത് ആറ് ലോക റെക്കോഡുകൾ

ചെറിയ കണക്കുകൾ പോലും ചെയ്ത് നോക്കാൻ കാൽക്കുലേറ്ററിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ കണക്കിന്റെ കാര്യത്തിൽ കാൽക്കുലേറ്ററിനെ പോലും തോൽപിക്കുന്ന ഒരു മിടുക്കനുണ്ട് മഹാരാഷ്ട്രയിൽ.

കാൽക്കുലേറ്റർ കണക്കു കൂട്ടിവരുമ്പോഴേക്കും 14 വയസുള്ള ആര്യൻ ശുക്ല അതിന്റെ ഉത്തരം നൽകിയിട്ടുണ്ടാകും. കണക്കു കുട്ടുന്നതിന്റെ കാര്യത്തിൽ യ​ന്ത്രത്തെ പോലും വെല്ലുന്ന സ്പീഡാണ് ആര്യന്. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും കാൽക്കുലേറ്ററിനെ പിന്നിലാക്കി ആര്യൻ ഒറ്റ ദിവസം കൊണ്ട് സ്വന്തം പേരിൽ കുറിച്ചിട്ടത് ആറ് ലോക റെക്കോഡുകളാണ്.

ഇത് രണ്ടാംതവണയാണ് ഈ മിടുക്കൻ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ടെലിവിഷൻ ഷോ ആയ ലോ ഷോ ദെയ് റെക്കോഡിൽ വെറും 25.19 സെക്കൻഡിനുള്ളിൽ എല്ലാ സംഖ്യകളും ചേർത്ത് 50 അഞ്ച് അക്ക സംഖ്യകൾ മനസ്സിൽ കൂട്ടിച്ചേർത്ത് താരമായത്.

ഇത്തവണ, ദുബൈയിലാണ് മെന്റൽ മാത്ത് മത്സരം നടന്നത്. 30.9 സെക്കൻഡിനുള്ളിൽ 100 ​​നാലക്ക സംഖ്യകളും 1 മിനിറ്റ് 9.68 സെക്കൻഡിനുള്ളിൽ 200 നാലക്ക സംഖ്യകളും, 18.71 സെക്കൻഡിനുള്ളിൽ 50 അഞ്ചക്ക സംഖ്യകളും, 5 മിനിറ്റ് 42 സെക്കൻഡിനുള്ളിൽ 20 അക്ക സംഖ്യയെ പത്ത് അക്ക സംഖ്യ (പത്തിന്റെ സെറ്റ്) കൊണ്ട് ഹരിച്ചും, 51.69 സെക്കൻഡിനുള്ളിൽ രണ്ട് അഞ്ചക്ക സംഖ്യകളെ (പത്തിന്റെ സെറ്റ്) ഗുണിച്ചും, 2 മിനിറ്റ് 35.41 സെക്കൻഡിനുള്ളിൽ രണ്ട് എട്ടക്ക സംഖ്യകളെ (പത്തിന്റെ സെറ്റ്) ഗുണിച്ചും ഉത്തരം നൽകി മനുഷ്യ കമ്പ്യൂട്ടർ എന്ന വിശേഷണം ആര്യൻ അരക്കിട്ടുറപ്പിച്ചു.

മത്സരത്തിനായി ഒരു ദിവസം ആറു മണിക്കൂർ വരെ പരിശീലനം നടത്തിയതായി ആര്യൻ പറഞ്ഞു. പരിശീലനം ഒന്നുകൊണ്ടാണ് ഇത്ര വേഗത്തിൽ മനസിൽ കണക്കുകൾ കൂട്ടാൻ സാധിച്ചതെന്നും ഈ മിടുക്കൻ പറയുന്നു. കണക്കു കൂട്ടുന്നതിൽ മാത്രമല്ല, യാത്ര ചെയ്യുന്നതും ഈ മിടുക്കന്റെ ഹോബിയാണ്. യോഗയും പതിവായി ചെയ്യും.

ആറാം വയസിലാണ് ആര്യന്റെ പ്രത്യേക കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. പിന്നീട് മത്സരങ്ങളിൽ പ​ങ്കെടുക്കുന്നത് പതിവായി. ഒടുവിലിപ്പോൾ ലോക ചാമ്പ്യൻ വരെയായി. 

Tags:    
News Summary - 14 yr old Maharashtra boy beats calculators, sets six world records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.