കൊല്ലം: ഈ വർഷം മാർച്ച് മൂന്നിനാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിലെ 230 സെന്ററുകളിൽനിന്ന് 30,088 വിദ്യാർഥികൾ പരീക്ഷയെഴുതും. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഈ വർഷം വിദ്യാർഥികളുടെ എണ്ണം. മുൻവർഷം 30279 വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലയിൽനിന്ന് 15442 ആൺകുട്ടികളും 14646 പെൺകുട്ടികളുമാണ് പരീക്ഷക്കിരിക്കുന്നത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ 111 സെന്ററുകളിൽനിന്ന് 16160 കുട്ടികളും കൊട്ടാരക്കരയിലെ 66 സെന്ററുകളിൽനിന്ന് 7582 കുട്ടികളും പുനലൂരിലെ 53 സെന്ററുകളിൽനിന്ന് 6346 കുട്ടികളുമാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കായി തയാറെടുക്കുന്നത്.
ജില്ലയിൽനിന്ന് എസ്.സി വിഭാഗത്തിൽ 4558 വിദ്യാർഥികളും എസ്.ടി വിഭാഗത്തിൽനിന്ന് 104 കുട്ടികളും 2025ലെ എസ്.എസ്.എൽ.സി പരീക്ഷക്കായി ഒരുങ്ങുന്നത്. ഏറ്റവും കൂടുതൽ ആൺകുട്ടികളും (8273) പെൺകുട്ടികളും (7887) പരീക്ഷക്കെത്തുന്നത് കൊല്ലം ഉപജില്ലയിൽനിന്നാണ്. എസ്.സി വിഭാഗത്തിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കെത്തുന്നത് കൊല്ലം ഉപജില്ലയിൽനിന്നും (2084) എസ്.ടി വിഭാഗത്തിൽ പുനലൂരുമാണ് (83).
റെഗുലർ വിഭാഗത്തിൽനിന്നും 30080 കുട്ടികളും നോൺ റെഗുലർ വിഭാഗത്തിൽനിന്ന് എട്ട് കുട്ടികളും പരീക്ഷയെഴുതുന്നത്. കഴിഞ്ഞവർഷം 30279 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽനിന്ന് 30144 പേർ ഉപരിപഠനത്തിലേക്ക് വഴിതുറന്നിരുന്നു. പരീക്ഷ എഴുതിയ 15483 ആൺകുട്ടികളിൽ 15418 പേരും 14796 പെൺകുട്ടികളിൽ 14726 പേരുമാണ് നേട്ടം കൈവരിച്ചത്. എസ്.എസ്.എൽ.സി, പ്ലസ്ടു മോഡൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്.
സി.ബി.എസ്.ഇയുടെ 10, 12 ബോർഡ് പരീക്ഷകൾക്ക് ഫെബ്രുവരി 15ന് തുടക്കമായി. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 19നും തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പബ്ലിക് പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെയാണ് നടക്കുന്നത്. മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുകയെന്ന വർഷങ്ങളായി തുടർന്നുവന്ന രീതിക്കും ഈ വർഷം മാറ്റമാകുകയാണ്.
ഈ വർഷം എട്ടാം ക്ലാസ് പരീക്ഷയെഴുതുന്നവർക്ക് 30 ശതമാനമെങ്കിലും മാർക്കുണ്ടെങ്കിൽ മാത്രമേ ഒമ്പതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ. അടുത്ത വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും മിനിമം മാർക്ക് നിബന്ധന വരും. വർഷങ്ങളായി എല്ലാവരും ജയിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വരുന്നത് ഗുണകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.