31 ഇന്ത്യന്‍ സര്‍വകലാശാലകള്‍ മികച്ചത്

ലണ്ടന്‍: മികവിന്‍െറയും ഗവേഷണത്തിന്‍െറയും അടിസ്ഥാനത്തില്‍ ലോകത്തെ മികച്ച സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍മുന്നേറ്റം. 31 ഇന്ത്യന്‍ സര്‍വകലാശാലകളാണ് ടൈംസ് ഹയര്‍ എജുക്കേഷന്‍ പ്രസിദ്ധപ്പെടുത്തിയ 2016-17ലെ  റാങ്കിങ് പട്ടികയില്‍ ഇടംനേടിയത്. ഓക്സ്ഫഡ് ആണ് ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാല.

പട്ടികയിലെ 201-250 ഗ്രൂപ്പില്‍ ഇടം നേടി ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രാജ്യത്തിന്‍െറ അഭിമാനമായി. 251-300 ഗ്രൂപ്പില്‍ സ്ഥാനം പിടിച്ച മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് മികവിന്‍െറ കേന്ദ്രമായി ലോകതലത്തിലേക്കുയര്‍ന്ന മറ്റൊരു സര്‍വകലാശാല. 601-800 ഗ്രൂപ്പിലുള്ള അലീഗഢ് മുസ്ലിം സര്‍വകലാശാലയും ബിറ്റ്സ് പിലാനിയുമാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു മികച്ച സര്‍വകലാശാലകള്‍. എന്നാല്‍, ആദ്യ 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല.401-500 പട്ടികയില്‍ രാജ്യത്തെ മൂന്നു ഐ.ടി.ഐകളുണ്ട്. ഡല്‍ഹി, കാണ്‍പുര്‍, മദ്രാസ് ഐ.ടി.ഐകള്‍ ഈ ഗ്രൂപ്പിലത്തെിയപ്പോള്‍ 501-600 പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യം ഖരഗ്പുര്‍ ഐ.ടി.ഐയും ജദാവ്പുര്‍ സര്‍വകലാശാലയുമാണ്.

ബ്രിട്ടനിലെ ഓക്സ്ഫഡ് സര്‍വകലാശാല 12 വര്‍ഷമായി റാങ്കിങ്ങില്‍ ഒന്നാമതാണ്. അഞ്ചു തവണ മികവിന്‍െറ ഉന്നതിയിലത്തെിയ കാലിഫോര്‍ണിയ സര്‍വകലാശാല രണ്ടാം സ്ഥാനത്തും സ്റ്റാന്‍ഫോഡ് മൂന്നാം സ്ഥാനത്തുമാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ റാങ്കിങ് പട്ടികയില്‍ സര്‍വകലാശാലകളുടെ എണ്ണം ഇരട്ടിപ്പിച്ചു. ശ്രീലങ്കയിലെ കൊളംബോ സര്‍വകലാശാല 801 പ്ളസ് ഗ്രൂപ്പില്‍ സ്ഥാനംപിടിച്ചപ്പോള്‍ പുതിയ അഞ്ചു സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഏഴു സര്‍വകലാശാലകളാണ് പാകിസ്ഥാനില്‍നിന്ന് പട്ടികയിലുള്ളത്.

ഇതുവരെ കൈവരിച്ചതില്‍ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നതെന്ന് ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ് എഡിറ്റര്‍ ഫില്‍ ബാട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസമേഖലക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. പഠനം, ഗവേഷണം, വിദ്യാഭ്യാസ സമ്പ്രദായം, ആഗോള കാഴ്ചപ്പാട് തുടങ്ങി സര്‍വകലാശാലകളുടെ നിലവാരം വിലയിരുത്തിയും വിശദമായ താരതമ്യപഠനത്തിനും ശേഷമാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.