ജനുവരി മുതൽ ക്ഷാമബത്ത 67% ആയി ഉയർന്നേക്കും: ജീവനക്കാർക്ക് എത്ര രൂപ വരെ അധികം കിട്ടാം?

ഇൻഡസ്ട്രിയൽ വർക്കേഴ്സിനായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA), ക്ഷാമ ആശ്വാസം (DR) എന്നിവ 2027 ജനുവരി മുതൽ 67 ശതമാനമായി ഉയർന്നേക്കും. ഒരു മാധ്യമ റിപ്പോർട്ട് പ്രകാരം, 2026 ഓഗസ്റ്റിലെ CPI-IW സൂചിക1.2 പോയിന്‍റ് വർധിച്ച് 154.4 പോയിന്റിലെത്തി. ഇതോടെ 2027 ജനുവരിയിലെ കണക്കാക്കിയ ഡി എ/ഡി ആർ നിരക്ക് 65.03 ശതമാനമായി ഉയർന്നു. ഇങ്ങനെയാണെങ്കിലും അന്തിമ നിരക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ഉപഭോക്തൃ വില സൂചിക കണക്കുകളെ ആശ്രയിച്ചിരിക്കും.

വരും മാസങ്ങളിലും ഉപഭോക്തൃ വില സൂചിക ആഗസ്റ്റിലെ നിലവാരത്തിൽ തുടരുകയാണെങ്കിൽ, നവംബറോടെ സൂചിക നിരക്ക് 66.91 ശതമാനത്തിൽ എത്തും. ഇത് അന്തിമ ഉപഭോക്തൃ വില സൂചിക കണക്കുകൾക്കും സർക്കാറിന്‍റെ തീരുമാനത്തിനും വിധേയമായി, 2027 ജനുവരി മുതൽ ഡി.എ/ഡി.ആർ 67 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

ജീവനക്കാർക്ക് എത്ര രൂപ കൂടുതൽ ലഭിക്കും?

ചില കണക്കുകൂട്ടൽ പ്രകാരം, 2026 ജൂലൈ മുതലുള്ള നിലവിലെ ഡി.എ നിരക്ക് 63 ശതമാനമാണ്. 2027 ജനുവരിയിലെ നിരക്ക് 67 ശതമാനമായി നിശ്ചയിച്ചാൽ അത് നിലവിലെ നിരക്കിനേക്കാൾ 4 ശതമാനത്തിന്‍റെ വർധനവിനെ സൂചിപ്പിക്കുന്നു. 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 4 ശതമാനം വർധനവ് എന്നുവെച്ചാൽ പ്രതിമാസം1,200 രൂപയുടെ അധിക ഡി.എ ലഭിക്കും.അതുപോലെ, അടിസ്ഥാന ശമ്പളം 40,000 രൂപയാണെങ്കിൽ ഡി.എ പ്രതിമാസം 1,600 രൂപയും, 50,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് പ്രതിമാസം 2,000 രൂപയും കൂടുതൽ ലഭിക്കും.

2027 ജനുവരിയിലെ യഥാർഥ ഡി.എ നിരക്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇനി വരാനിരിക്കുന്ന നാല് CPI-IW കണക്കുകളായിരിക്കും അന്തിമ നിരക്ക് നിർണ്ണയിക്കുന്നത്, തുടർന്ന് സർക്കാറിന്‍റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഡി.എ/ഡി.ആർ നടപടികൾ വേഗത്തിലാക്കാൻ ജീവനക്കാരുടെ സംഘടന ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട 2026 ജൂലൈയിലെ ഡി.എ/ഡി.ആർ ഗഡു വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്‍റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് അടുത്തിടെ എക്സ്പെൻഡിച്ചർ ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പ്രസക്തമായ ഉപഭോക്തൃ വില സൂചിക ഡാറ്റയും നിർദ്ദിഷ്ട ഫോർമുലയും ഉപയോഗിച്ച് പുതിയ നിരക്ക് നിർണയിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇത് ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

2026 ജനുവരി മുതലുള്ള നിലവിലെ ഡി.എ/ഡി.ആർ നിരക്ക് 60 ശതമാനമാണെന്ന് കോൺഫെഡറേഷൻ വ്യക്തമാക്കി. 2023 ജൂലൈയിലെ 46 ശതമാനത്തിൽ നിന്ന് 2024 ജനുവരിയിൽ 50%, 2024 ജൂലൈയിൽ 53%, 2025 ജനുവരിയിൽ 55%, 2025 ജൂലൈയിൽ 58%, 2026 ജനുവരി മുതൽ 60% എന്നിങ്ങനെയാണ് ഡി.എ/ഡി.ആറിൽ ഉണ്ടായ മാറ്റങ്ങളെന്ന് സംഘടന ചൂണ്ടിക്കാട്ടി. തുടർച്ചയായി വിലക്കയറ്റം ഉണ്ടാക്കുന്ന ആഘാതമാണ് ഈ വർധനവിൽ പ്രതിഫലിക്കുന്നതെന്നും സംഘടന പറഞ്ഞു.

തങ്ങൾ മുൻകൂർ പണമടയ്ക്കലോ അധിക ആനുകൂല്യങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും സംഘടന വ്യക്തമാക്കി. പകരം കുടിശ്ശിക തുകയും പുതുക്കിയ ശമ്പള കുടിശ്ശികയും സാധാരണ നടപടിക്രമങ്ങളിലൂടെ തീർപ്പാക്കുന്നതിനായി നിലവിൽ വൈകുന്ന നടപടികൾ അനാവശ്യ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കോൺഫെഡറേഷൻ വ്യക്തമാക്കി.

Tags:    
News Summary - Dearness Allowance may rise to 67% from January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.