ഇന്ത്യയിലെ സമ്പന്നരിൽ അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; പട്ടികയിൽ ഇടം പിടിച്ചത് ഏഴ് മലയാളികൾ

ന്യൂഡൽഹി: ഫോബ്‌സ് (Forbes) പുറത്തുവിട്ട 2026-ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ മൂന്നു വർഷമായി രണ്ടാം സ്ഥാനത്തായിരുന്ന അദാനി കുടുംബം 20.7 ബില്യൺ ഡോളറിന്റെ (ഏകദേശം 2070 കോടി ഡോളർ) വളർച്ചയോടെ 112.7 ബില്യൺ ഡോളർ (ഏകദേശം 11,270 കോടി ഡോളർ) ആസ്തിയുമായാണ് ഒന്നാമതെത്തിയത്. എന്നാൽ, 2022-ൽ കുറിച്ച 150 ബില്യൺ ഡോളർ എന്ന റെക്കോർഡ് ആസ്തിയിലേക്ക് അദാനി എത്തിയിട്ടില്ല. എ.ഐ (Artificial Intelligence) അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് അധ്യക്ഷൻ മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റീട്ടെയ്ൽ മേഖലയിലെയടക്കം മാർജിൻ സമ്മർദങ്ങൾ ഓഹരിവിലയെ ബാധിച്ചതോടെ അംബാനിയുടെ ആസ്തിയിൽ 18.7 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 86.3 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി. എന്നാൽ, വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഓഹരി വിൽപ്പനയ്ക്ക് (IPO) ഒരുങ്ങുന്ന ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് വഴി 3.8 ബില്യൺ ഡോളർ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് അംബാനി.

ഒ.പി. ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാൽ 39.8 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന പദവിയും നിലനിർത്തി. 74 ശതമാനം ആസ്തി വർധനയോടെ എട്ട് റാങ്കുകൾ ഉയർന്ന് നാലാം സ്ഥാനത്തെത്തിയ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലാണ് ($34.7 ബില്യൺ) പട്ടികയിൽ ഏറ്റവും വലിയ കുതിപ്പുണ്ടാക്കിയത്. അടുത്തിടെ മിത്തലും സൈറസ് പൂനാവാലയുടെ മകൻ അദാർ പൂനാവാലയും ചേർന്ന് ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിനെ 1.65 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ സ്വന്തമാക്കിയിരുന്നു.

തുടർന്ന് സുനിൽ മിത്തലും കുടുംബവും ($32.9 ബില്യൺ) അഞ്ചാമതും സൈറസ് പൂനാവാല ($28.4 ബില്യൺ) ആറാമതും ദിലീപ് സംഘ്‌‌വി ($26.3 ബില്യൺ) എട്ടാമതും കുമാർ മംഗളം ബിർള ($23.2 ബില്യൺ) ഒൻപതാമതും ഹിന്ദുജ കുടുംബം ($21.2 ബില്യൺ) പത്താമതുമെത്തി.

ഫോബ്സിന്റെ പട്ടികയിൽ മലയാളികളിൽ ഏറ്റവും മുന്നിൽ 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്; ആസ്തി 9.2 ബില്യൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് വ്യക്തികളിൽ ഒന്നാംസ്ഥാനത്ത്. പട്ടികയിൽ 47-ാം സ്ഥാനമുള്ള യൂസഫലിയുടെ ആസ്തി 5.75 ബില്യൺ ഡോളറാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മൂന്നാംസ്ഥാനത്ത്. 5.4 ബില്യൻ ഡോളറാണ് 52-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4.1 ബില്യൻ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.മേനോൻ (3.8 ബില്യൻ), കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ (3.55 ബില്യൻ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.

രൂപയുടെ മൂല്യത്തിൽ 8.5 ശതമാനം ഇടിവും ഓഹരി വിപണിയിൽ 9.5 ശതമാനം തകർച്ചയും നേരിട്ട വർഷത്തിലും, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ ആകെ ആസ്തി മാറ്റമില്ലാതെ ഒരു ട്രില്യൺ ഡോളറായി (100 ലക്ഷം കോടി ഡോളർ) തുടരുകയാണ്. എഐ അധിഷ്ഠിത ഓട്ടോമേഷൻ ശക്തമായതോടെ സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖരുടെ ആസ്തി കുറഞ്ഞു. ശിവ് നാടാർ (റാങ്ക് 7, $27.4 ബില്യൺ), അസിം പ്രേംജി (റാങ്ക് 32, $7.87 ബില്യൺ), എൻ.ആർ. നാരായണ മൂർത്തി (റാങ്ക് 78, $3.95 ബില്യൺ) എന്നിവർക്ക് തിരിച്ചടിയുണ്ടായപ്പോൾ ഇൻഫോസിസ് സഹസ്ഥാപകരായ നന്ദൻ നിലേകനി, സേനാപതി ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 11 പേർ പട്ടികയിൽനിന്ന് പുറത്തായി.

ഇത്തവണ നാല് പുതുമുഖങ്ങളാണ് ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ചത്. ഇൻഡോ-എംഐഎം ലിസ്റ്റ് ചെയ്തതോടെ കൃഷ്ണ ചിവുകുല ($4.35 ബില്യൺ, റാങ്ക് 66), അപർ ഇൻഡസ്ട്രീസ് ഓഹരികൾ ഇരട്ടിയായതോടെ കുശാൽ & ചൈതന്യ ദേശായി ($4.25 ബില്യൺ, റാങ്ക് 69), ഐപിഒ നടത്തിയ ആദിത്യ ഖേംക ($3.6 ബില്യൺ, റാങ്ക് 83), ബാലാജി വേഫേഴ്സിന്റെ വിറാണി സഹോദരങ്ങൾ ($3.45 ബില്യൺ, റാങ്ക് 90) എന്നിവരാണ് പുതിയതായി ഇടംപിടിച്ചവർ. വേദാന്തയെ അഞ്ചു കമ്പനികളായി വിഭജിച്ച അനിൽ അഗർവാൾ ($6.4 ബില്യൺ) ഉൾപ്പെടെ ഏഴു പേർ തിരിച്ചെത്തി.

വേറെത്തന്നെ പുറത്തുവന്ന എം3എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026-ലും ഗൗതം അദാനിയാണ് ഒന്നാമത്. ഹുറുൺ പട്ടിക പ്രകാരം അദാനിയുടെ സമ്പത്ത് 9.23 ലക്ഷം കോടി രൂപയും ($96 ബില്യൺ) അംബാനിയുടേത് 8.63 ലക്ഷം കോടി രൂപയുമാണ് ($90 ബില്യൺ). കണക്കെടുപ്പ് രീതികളിലും മൂല്യനിർണയ തീയതികളിലുമുള്ള വ്യത്യാസമാണ് ഇരു പട്ടികകളിലെയും തുകകളിൽ മാറ്റമുണ്ടാകാൻ കാരണം. രാജ്യത്തെ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 237-ൽ നിന്ന് 391 ആയി ഉയർന്നതായും ഹുറുൺ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - Gautam Adani Overtakes Mukesh Ambani as India's Richest Person in Forbes 2026 List; 7 Malayalis Included

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.