എല്ലാ ക്രെഡിറ്റ് കാർഡ് പേയ്മെന്‍റും ഒരുപോലെയല്ല, ഇതറിഞ്ഞില്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കാം
മിക്കവരും കരുതുന്നത് ഏത് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റും സാധാരണ ഷോപ്പിങ് പോലെയാണെന്നാണ്. എന്നാൽ, ഈ ഇടപാടുകൾ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണ്. ഇത് നിങ്ങളുടെ റിവാർഡുകളെയും അധിക ചാർജുകളെയും എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.
പേയ്‌മെന്റുകൾ വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റെന്‍റ് നൽകുന്നത് ഒരു സാധനമോ സേവനമോ നേരിട്ട് വാങ്ങുന്നതുപോലെയല്ല. മറിച്ച്, നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ഉടമസ്ഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഇതൊരു 'പണം കൈമാറ്റം' ആണ്. അതിനാൽ, പല ബാങ്കുകളും റെന്‍റ് പേയ്‌മെന്റുകൾക്ക് റിവാർഡുകൾ കുറക്കുകയോ, സൗജന്യങ്ങൾ പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ അധിക ഫീസുകൾ ഈടാക്കുകയോ ചെയ്യുന്നു. ചിലപ്പോൾ, ലഭിക്കുന്ന റിവാർഡുകളെക്കാൾ കൂടുതൽ തുക ഫീസായി നൽകേണ്ടി വരും.
വാലറ്റ് ലോഡിങ് എന്താണ്?
ക്രെഡിറ്റ് കാർഡിൽ നിന്ന് ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം മാറ്റുന്നതാണ് 'വാലറ്റ് ലോഡിങ്'. ഈ പണം പിന്നീട് എന്ത് ആവശ്യത്തിനും ഉപയോഗിക്കാം അതുകൊണ്ടു തന്നെ, മിക്ക ബാങ്കുകളും ഇതിനെ ഒരു സാധാരണ റീട്ടെയിൽ ഇടപാടായി കണക്കാക്കുന്നില്ല. പകരം 'ക്വാസി-ക്യാഷ്' ഇടപാടായിട്ടാണ് കാണുന്നത്. അതിനാൽ, വാലറ്റിലേക്ക് പണം മാറ്റുമ്പോൾ മിക്ക ക്രെഡിറ്റ് കാർഡുകളും റിവാർഡ് പോയിന്റുകൾ നൽകുന്നില്ലെന്നു മാത്രമല്ല, പ്രത്യേക ഫീസുകൾ ഈടാക്കുകയും ചെയ്തേക്കാം.
പ്രതീക്ഷിച്ച റിവാർഡുകൾ ലഭിക്കാത്തത് എന്തുകൊണ്ട്?
ബാങ്കുകൾ ഇത്തരം ഇടപാടുകളെ വ്യത്യസ്ത രീതിയിലാണ് തരംതിരിക്കുന്നത്. ഉപഭോക്താവിന് ഇതൊരു സാധാരണ ഇടപാടായി തോന്നുമെങ്കിലും, ബാങ്കിന്റെ നിയമനുസരിച്ച് ഇതിന് റിവാർഡുകൾ ലഭിക്കണമെന്നില്ല. അതിനാൽ, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന കൺവീനിയൻസ് ഫീസ്, നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന റിവാർഡ് പോയിന്റുകളെക്കാൾ വലിയ തുകയായി മാറിയേക്കാം.
എന്ത് ചെയ്യാൻ കഴിയും?
മുൻകരുതൽ: വലിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും പുതിയ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
ഉദ്ദേശ്യം തിരിച്ചറിയുക: പെട്ടെന്നുള്ള പണലഭ്യതക്കാണ് നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതെങ്കിൽ, ഫീസുകൾ നൽകി റെന്‍റ് അടക്കുന്നത് ലാഭകരമാണോ എന്ന് സ്വയം ചോദിക്കുക.
റിവാർഡുകൾ: വാലറ്റ് ലോഡിങിന് റിവാർഡുകൾ ലഭിക്കുമോ എന്ന് കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഉറപ്പുവരുത്തുക.
ചുരുക്കത്തിൽ റെന്‍റ് നൽകുന്നതും വാലറ്റ് ലോഡിങും ഒറ്റനോട്ടത്തിൽ ഒരുപോലെയാണെങ്കിലും ബാങ്കുകൾ ഇവയെ രണ്ടും വ്യത്യസ്തമായാണ് കാണുന്നത്. ഇടപാട് നടത്തുന്നതിന് മുമ്പ് ചെറിയൊരു വിശകലനം നടത്തുന്നത് അനാവശ്യമായ ഫീസുകൾ ഒഴിവാക്കാനും അർഹമായ റിവാർഡുകൾ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.