ജോലി മാറുമ്പോൾ നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടും പുതിയത് വേണോ?

ജോലി മാറുന്ന സമയത്ത് ഉണ്ടാകുന്ന പേപ്പർ വർക്കുകൾ പലപ്പോഴും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇവയിലൊന്നാണ് പഴയ ഇ.പി.എഫ് അക്കൗണ്ട് നിലനിർത്തണമോ അതോ പുതുതായി തുടങ്ങണമോ എന്നതാണ്. ഭൂരിഭാഗം ജീവനക്കാരും പഴയ ഇ.പി.എഫ്. ബാലൻസ് പുതിയ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ജോലി മാറുമ്പോൾ അംഗങ്ങൾ തങ്ങളുടെ പി.എഫ്. അക്കൗണ്ട് മാറ്റണമെന്ന് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ നിർദ്ദേശിക്കുന്നുണ്ട്. തൊഴിലുടമ മാറിയാലും, ഒരു വ്യക്തിയുടെ കരിയറിലുടനീളം യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ യു.എ.എൻ മാറ്റമില്ലാതെ തുടരുന്നു.

വാസ്തവത്തിൽ, ആക്റ്റിവേറ്റ് ചെയ്ത UANഉം കൃത്യമായ KYC വിവരങ്ങളും ഉള്ള ജീവനക്കാർ ഓരോ തവണ ജോലി മാറുമ്പോഴും പ്രത്യേക ട്രാൻസ്ഫർ ക്ലെയിം സമർപ്പിക്കേണ്ടതില്ല. പുതിയ തൊഴിലുടമയിൽ നിന്നുള്ള ആദ്യ വിഹിതം ലഭിച്ചു കഴിഞ്ഞാൽ, ഓട്ടോമാറ്റിക് ട്രാൻസ്ഫർ പ്രക്രിയ ആരംഭിക്കും. പഴയ ബാലൻസ് പുതിയ മെമ്പർ ഐഡിയിലേക്ക് സ്വയം മാറ്റപ്പെടും.

പുതിയ തൊഴിലുടമക്ക് നൽകിയ UAN വിവരങ്ങൾ പരിശോധിക്കുന്നതും ആധാർ, ബാങ്ക് അക്കൗണ്ട്, മറ്റ് KYC വിവരങ്ങൾ എന്നിവ കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്. വ്യക്തിഗത വിവരങ്ങളിലെ പൊരുത്തക്കേടുകളോ അല്ലെങ്കിൽ ഒന്നിലധികം UANകൾ ഉള്ളതോ ഈ പ്രക്രിയയെ സങ്കീർണമാക്കും.

സമീപകാലത്ത് ഇ.പി.എഫ്.ഒ ട്രാൻസ്ഫർ പ്രക്രിയ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2025 ഏപ്രിലിൽ, പരിഷ്കരിച്ച ഫോം 13 മിക്ക കേസുകളിലും ഡെസ്റ്റിനേഷൻ ഓഫീസ് അംഗീകാരത്തിന്‍റെ ആവശ്യകത ഒഴിവാക്കി. സോഴ്സ് ഓഫീസിൽ ട്രാൻസ്ഫർ ക്ലെയിം അംഗീകരിച്ചുകഴിഞ്ഞാൽ, ഡെസ്റ്റിനേഷൻ ഓഫീസിൽ നിന്നുള്ള പ്രത്യേക അംഗീകാരത്തിനായി കാത്തുനിൽക്കാതെ തന്നെ പഴയ അക്കൗണ്ട് നിലവിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.

എന്തുകൊണ്ടാണ് ഈ ട്രാൻസ്ഫർ പ്രധാനപ്പെട്ടതാകുന്നത്?

നിങ്ങളുടെ വിരമിക്കൽ സമ്പാദ്യം പല പഴയ അക്കൗണ്ടുകളിലായി ചിതറിക്കിടക്കുന്നതിന് പകരം ഒരിടത്ത് തന്നെ വളരാൻ ഇത് സഹായിക്കുന്നു എന്നതാണ് ഒരു കാരണം. മുൻകാല സേവന വിവരങ്ങൾ തുടർച്ചയായി നിലനിർത്തുന്നത് നികുതി, പെൻഷൻ ആനുകൂല്യങ്ങൾക്കും അത്യാവശ്യമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ മൊത്തം സേവന കാലാവധിയുണ്ടെങ്കിൽ പി.എഫ്. പിൻവലിക്കുമ്പോൾ ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് (TDS) ഒഴിവാക്കാൻ സാധിക്കുമെന്നും പെൻഷൻ ലഭിക്കാൻ സർവിസ് ഹിസ്റ്ററി ആവശ്യമാണെന്നും ഇ.പി.എഫ്.ഒ പറയുന്നു.

പഴയ ഇ.പി.എഫ്. ബാലൻസിനെ കൈയിൽ വേഗത്തിൽ കിട്ടുന്ന പണമായി കാണരുതെന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇ.പി.എഫ്. എന്നത് ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാനുള്ളതാണ്. ഓരോ തവണ ജോലി മാറുമ്പോഴും അത് പിൻവലിക്കുന്നത് കൈയിൽ വേഗം പം കിട്ടാൻ സഹായിക്കുമെങ്കിലും വർഷങ്ങളോളം നിക്ഷേപമായി തുടർന്ന് വലിയ തുകയായി വളരേണ്ട പണത്തിന്‍റെ കോമ്പൗണ്ടിങ് പ്രക്രിയയെ അത് തടസപ്പെടുത്തുന്നു.

ജോലി മാറിയ ശേഷം നിങ്ങളുടെ UAN പരിശോധിക്കുക, പുതിയ തൊഴിലുടമ ശരിയായ നമ്പറാണ് ഉപയോഗിച്ചതെന്ന് ഉറപ്പാക്കുക, കൂടാതെ പണം അടച്ചുതുടങ്ങിയ ശേഷം നിങ്ങളുടെ പാസ്ബുക്ക് പരിശോധിക്കുക. പഴയ ബാലൻസ് സ്വയമേവ മാറിയില്ലെങ്കിൽ, ഒരു ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം നൽകേണ്ടി വന്നേക്കാം. ട്രാൻസ്ഫർ നില മെമ്പർ പോർട്ടൽ വഴി ട്രാക്ക് ചെയ്യാനും കഴിയും.

ഓരോ തവണ ജോലി മാറുമ്പോഴും നിങ്ങളുടെ ഇ.പി.എഫ്. ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ടോ? മിക്ക കേസുകളിലും അതെ എന്ന് തന്നെയാണ് ഉത്തരം. ഓട്ടോമാറ്റിക് പ്രക്രിയ വഴിയോ അല്ലെങ്കിൽ ആവശ്യമായി വരുമ്പോൾ ഒരു ട്രാൻസ്ഫർ ക്ലെയിം സമർപ്പിച്ചോ ഇത് ചെയ്യണം. പുതിയൊരു UAN ഉണ്ടാക്കുകയോ ദീർഘകാല നഷ്ടം ആലോചിക്കാതെ നിങ്ങളുടെ ബാക്കി ഇ.പി.എഫ്. തുക പിൻവലിക്കുകയോ ചെയ്യരുത് എന്നതാണ് പ്രധാനം. ജോലി മാറ്റം താൽക്കാലികമായേക്കാം, എന്നാൽ വർഷങ്ങളിലൂടെ നിങ്ങൾ കെട്ടിപ്പടുത്ത വിരമിക്കൽ സമ്പാദ്യം അങ്ങനെയല്ല.

Tags:    
News Summary - new epf account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.