കാൻസർ രോഗികൾക്കും എമർജൻസി ക്വാട്ടയിൽ കൺഫേം ട്രെയിൻ ടിക്കറ്റുകൾ ലഭിക്കും

ന്യൂഡൽഹി: ചികിത്സക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ട കാൻസർ രോഗികൾക്ക് ഇന്ത്യൻ റെയിൽവേ എമർജൻസി ക്വാട്ട സൗകര്യം നൽകുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പാർലമെന്‍റിൽ ഇത് വ്യക്തമാക്കിയത്. ചികിത്സക്കായി ദൂരയാത്ര ചെയ്യേണ്ടി വരുന്ന ഗുരുതര രോഗബാധിതർക്ക് മുൻഗണനാ ക്രമത്തിൽ കൺഫേംഡ് ട്രെയിൻ ടിക്കറ്റുകൾ നൽകാൻ ഇന്ത്യൻ റെയിൽവേയിൽ സംവിധാനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൗണ്ടറുകൾ വഴിയാണ് കാൻസർ രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കും റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുള്ളത്. കൂടാതെ തിരഞ്ഞെടുത്ത ചില ട്രെയിനുകളിൽ കാൻസർ രോഗികൾക്കായി റെയിൽവേ മന്ത്രാലയം പ്രത്യേക ക്വാട്ട മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാൻസർ രോഗികൾക്കായുള്ള പ്രത്യേക ക്വാട്ടക്ക് പുറമെ, ഉയർന്ന ഔദ്യോഗിക പദവി വഹിക്കുന്നവർ, എം.പിമാർ എന്നിവരുടെ അത്യാവശ്യ യാത്രാ ആവശ്യങ്ങൾക്കായി റിസർവ്ഡ് ക്ലാസുകളിൽ നിശ്ചിത എണ്ണം ബർത്തുകളും ഇന്ത്യൻ റെയിൽവേ എമർജൻസി ക്വാട്ടയിൽ മാറ്റിവെക്കുന്നുണ്ട്.

കാൻസർ രോഗികൾക്ക് കൺഫേം ടിക്കറ്റുകൾ എങ്ങനെ ലഭിക്കും?

ചികിത്സക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ട രോഗികൾക്ക് ആവശ്യമായ മെഡിക്കൽ രേഖകളുമായി ഏറ്റവും അടുത്തുള്ള എമർജൻസി ക്വാട്ട കൈകാര്യം ചെയ്യുന്ന അധികാരിയെ സമീപിച്ച് കൺഫേം റിസർവേഷനായി അപേക്ഷിക്കാം. നിലവിലുള്ള മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി സീറ്റുകളുടെ ലഭ്യതക്കനുസരിച്ചും യാത്രയുടെ ആധികാരികത പരിശോധിച്ചും ആവശ്യം പരിഗണിക്കും.

നിലവിൽ, ഇളവുകളുള്ള ടിക്കറ്റുകളിൽ യാത്ര ചെയ്യുന്ന കാൻസർ രോഗികൾക്കും ഒപ്പമുള്ളവർക്കും ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മുഴുവൻ എമർജൻസി ക്വാട്ടയും ഉപയോഗപ്പെടുത്താം. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ, യാത്രക്കാർ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാറിന്‍റെ ആരോഗ്യ വകുപ്പ് അംഗീകരിച്ച ആശുപത്രിയിലെ അല്ലെങ്കിൽ സ്ഥാപനത്തിലെ ഓഫിസർ-ഇൻ-ചാർജ് ഒപ്പിട്ട കൺസെഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എയ്ഡ്സ് രോഗികളുടെ കാര്യത്തിൽ, നിർദ്ദിഷ്ട ആന്റി-റെട്രോവൈറൽ തെറാപ്പി (ART) സെന്‍റർ നൽകിയ സർട്ടിഫിക്കറ്റായിരിക്കണം ഹാജരാക്കേണ്ടത്.

കാൻസർ രോഗികൾക്കായി എത്ര എമർജൻസി ക്വാട്ട ബർത്തുകൾ മാറ്റിവെച്ചിട്ടുണ്ട്?

കാൻസർ രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കുമായി ഓരോ ട്രെയിനിലും എമർജൻസി ക്വാട്ടയിൽ ആകെ 12 ബർത്തുകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഫസ്റ്റ് ക്ലാസ് (FC), എസി 2 ടയർ (2A), എസി 3 ടയർ (3A), എസി ചെയർ കാർ (CC) എന്നിവയിൽ ഓരോന്നിലും 2 വീതം ബർത്തുകളും/സീറ്റുകളും, സ്ലീപ്പർ ക്ലാസിൽ 4 ബർത്തുകളും ഉൾപ്പെടുന്നു.

Tags:    
News Summary - Cancer patients will also get confirmed train tickets under emergency quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.