ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്) എന്നിവയുടെ നിർബന്ധിത അംഗത്വത്തിനുള്ള പ്രതിമാസ അടിസ്ഥാന വേതനപരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പരിധി പ്രാബല്യത്തിൽവന്നാൽ സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് വഴിയൊരുങ്ങും.
നിലവിൽ പ്രതിമാസ അടിസ്ഥാന ശമ്പളം 15,000 രൂപ വരെ ലഭിക്കുന്ന ജീവനക്കാർക്ക് മാത്രമാണ് ഇ.പി.എഫ്, ഇ.പി.എസ് പദ്ധതികളിൽ നിർബന്ധിത അംഗത്വമുള്ളത്. അതിൽ കൂടുതലുള്ള ശമ്പളം ലഭിക്കുന്നവർക്ക് പദ്ധതിയിൽ ചേരുന്നത് നിർബന്ധമല്ല. പുതിയ നിർദേശപ്രകാരം 15,000 മുതൽ 25,000 വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്നവരും നിർബന്ധമായും പദ്ധതിയുടെ പരിധിയിൽ വരും.ആദ്യം വേതനപരിധി 30,000 രൂപയായി ഉയർത്തുന്നതാണ് പരിഗണിച്ചിരുന്നതെങ്കിലും, പിന്നീട് 25,000 രൂപ എന്ന പരിധിക്കാണ് ധനമന്ത്രാലയം അംഗീകാരം നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിർദേശം ഇനി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും.
വേതനപരിധി ഉയരുന്നതോടെ കൂടുതൽ ജീവനക്കാർക്കായി പ്രൊവിഡന്റ് ഫണ്ടിലേക്കും പെൻഷൻ പദ്ധതിയിലേക്കും തൊഴിലുടമകൾ നിർബന്ധിത വിഹിതം അടക്കേണ്ടിവരും. ഇതോടെ സ്ഥാപനങ്ങളുടെ ശമ്പളച്ചെലവും സാമൂഹിക സുരക്ഷാ ചെലവും വർധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ വ്യവസ്ഥപ്രകാരം, തൊഴിലുടമ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് പെൻഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. ഇതിനു പുറമെ കേന്ദ്ര സർക്കാർ 1.16 ശതമാനം വിഹിതം നൽകുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പെൻഷൻ സ്കീമിനായി കേന്ദ്ര ബജറ്റിൽ 11,144 കോടി വകയിരുത്തിയിട്ടുണ്ട്. 20ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഇ.പി.എഫ്, ഇ.പി.എസ് അംഗത്വം നിർബന്ധമായും ബാധകമാകുന്നത്. അതിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് സ്വമേധയാ പദ്ധതിയിൽ ചേരാം.
മന്ത്രിസഭ അംഗീകാരം നൽകിയാലും പുതിയ വേതനപരിധി ഉടൻ നടപ്പാക്കില്ലെന്നാണ് സൂചന. ശമ്പള സോഫ്റ്റ്വെയറുകളും മറ്റ് സംവിധാനങ്ങളും പുതുക്കാൻ കമ്പനികൾക്ക് സമയം അനുവദിക്കേണ്ടതിനാലാണിത്. നിലവിലെ വിലയിരുത്തൽ പ്രകാരം, 2027 ഏപ്രിൽ ഒന്ന് മുതൽ പുതിയ വേതനപരിധി പ്രാബല്യത്തിൽ വരാനാണ് സാധ്യത. ഇ.പി.എഫ് വേതനപരിധി അവസാനമായി പുതുക്കിയത് 2014 സെപ്റ്റംബറിലായിരുന്നു. അന്ന് പരിധി 6,500 രൂപയിൽനിന്നാണ് 15,000 ആയി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.