പുതിയ ആദായനികുതി വ്യവസ്ഥയിലെ ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം...

ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) ഫയൽ ചെയ്യുമ്പോൾ പലരും പുതിയ നികുതി വ്യവസ്ഥയെ (New Tax Regime) തിരഞ്ഞെടുക്കാറുണ്ട്. വരുമാനം 12.75 ലക്ഷം രൂപ വരെയാണെങ്കിൽ നികുതി നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ, പുതിയ വ്യവസ്ഥയിൽ കിഴിവുകളോ, ഇളവുകളോ ഇല്ല എന്ന് തെറ്റിദ്ധരിച്ച് പലരും അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുത്താറുണ്ട്. പുതിയ നികുതി വ്യവസ്ഥയിലും നികുതി ബാധ്യത കുറക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന വഴികൾ താഴെ പറയുന്നവയാണ്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ (Standard Deduction)

ശമ്പളക്കാരായ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണിത്. പുതിയ നികുതി വ്യവസ്ഥ പ്രകാരം 75,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷനായി ലഭിക്കുന്നത്. ഇതിനായി പ്രത്യേകിച്ച് നിക്ഷേപ രേഖകളോ ബില്ലുകളോ സമർപ്പിക്കേണ്ടതില്ല. ശമ്പള വരുമാനത്തിൽ നിന്ന് ഈ തുക കുറച്ചതിന് ശേഷമുള്ള തുകയ്ക്കാണ് നികുതി കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ശമ്പളം 15 ലക്ഷം രൂപയാണെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞ് 14.25 ലക്ഷം രൂപക്ക് മാത്രമേ നികുതി നൽകേണ്ടതുള്ളൂ.

എൻ‌.പി‌.എസ് വിഹിതം

സെക്ഷൻ 80CCD(2) ജീവനക്കാരുടെ നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) ടിയർ-1 അക്കൗണ്ടിലേക്ക് തൊഴിലുടമ നൽകുന്ന വിഹിതത്തിന് പുതിയ നികുതി വ്യവസ്ഥയിലും ഇളവ് ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ (ബേസിക് + ഡിഎ) 14% വരെ ഇളവ് ലഭിക്കും. ഇത് സ്റ്റാൻഡേർഡ് ഡിഡക്ഷന് പുറമെ ലഭിക്കുന്ന ആനുകൂല്യമാണ്. എന്നാൽ, തൊഴിലുടമയുടെ എൻ‌.പി‌.എസ്, ഇ.പി.എഫ് (EPF), സൂപ്പർ ആനുവേഷൻ ഫണ്ട് എന്നിവയുടെ മൊത്തം വിഹിതം വർഷത്തിൽ 7.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

വാടകക്ക് നൽകിയ വീടിന്റെ വായ്പ പലിശ

സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്ന വീടുകൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ പലിശ ഇളവ് ലഭിക്കില്ലെങ്കിലും, വാടകക്ക് നൽകിയ വീടിന്റെ കാര്യത്തിൽ ഇതിന് പരിധിയില്ല. വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോ എടുത്ത വായ്പയുടെ പലിശ പൂർണ്ണമായും വരുമാനത്തിൽ നിന്ന് കുറക്കാൻ സാധിക്കും.

മറ്റ് ആനുകൂല്യങ്ങൾ

  • ഫാമിലി പെൻഷൻ: ലഭിക്കുന്ന പെൻഷന്റെ മൂന്നിലൊന്നോ അല്ലെങ്കിൽ പരമാവധി 25,000 രൂപയോ ഏതാണോ കുറവ്, ആ തുകയ്ക്ക് നികുതി ഒഴിവുണ്ട്.
  • അഗ്നിവീർ കോർപ്പസ് ഫണ്ട്: സെക്ഷൻ 80CCH പ്രകാരം ഇതിലേക്ക് അടക്കുന്ന തുകയ്ക്ക് ഇളവ് ലഭിക്കും.
  • യാത്രബത്ത/കൺവെയൻസ് അലവൻസ്: ഔദ്യോഗിക ആവശ്യങ്ങൾക്കായി തൊഴിലുടമ നൽകുന്ന യാത്രാ ആനുകൂല്യങ്ങൾക്കും അംഗവൈകല്യമുള്ളവർക്കുള്ള ട്രാൻസ്‌പോർട്ട് അലവൻസിനും നികുതി ഇളവുണ്ട്.

പുതിയ നികുതി വ്യവസ്ഥയിൽ ആദായനികുതി നിരക്കുകൾ കുറവാണെങ്കിലും, പഴയ വ്യവസ്ഥയിലുള്ള നിരവധി ഇളവുകൾ (80C, 80D, HRA തുടങ്ങിയവ) പുതിയ ഇളവിൽ ലഭിക്കില്ല. അതിനാൽ, നിങ്ങളുടെ നിക്ഷേപങ്ങൾക്കും വരുമാനത്തിനും അനുസരിച്ച് ഏത് നികുതി വ്യവസ്ഥയാണ് കൂടുതൽ ലാഭകരം എന്ന് കണക്കുകൂട്ടി തീരുമാനിക്കുന്നത് നന്നായിരിക്കും.  

Tags:    
News Summary - How to take advantage of the exemptions in the new income tax regime?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.