ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് റദ്ദാക്കിയാൽ ക്രെഡിറ്റ് സ്കോർ കുറയുമോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക
മാസങ്ങളോ വർഷങ്ങളോ ആയി ഉപയോഗിക്കാത്ത ഒരു ക്രെഡിറ്റ് കാർഡ് കൈയിലുണ്ടെങ്കിൽ അത് റദ്ദാക്കുന്നത് സ്വാഭാവികമായ ഒരു തീരുമാനമായി തോന്നാം. എന്നാൽ, ഒരു ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല. കൃത്യമായി ബിൽ അടയ്ക്കുന്നവർക്ക് പോലും ഇത് ബാധകമാണ്.
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ക്രെഡിറ്റ് പരിധി കുറയുന്നു
ഒരു കാർഡ് റദ്ദാക്കുമ്പോൾ നിങ്ങളുടെ ആകെ ക്രെഡിറ്റ് പരിധി (Total Credit Limit) കുറയുന്നു എന്നതാണ് ഇതിന്‍റെ പ്രധാന ഫലം. ഉദാഹരണത്തിന്, മൊത്തം 4 ലക്ഷം രൂപ പരിധിയുള്ള രണ്ട് കാർഡുകൾ ഉള്ള ഒരാൾ മാസത്തിൽ 80,000 രൂപ ചെലവഴിക്കുന്നു എന്ന് കരുതുക. അതിൽ ഒരു കാർഡ് റദ്ദാക്കിയാൽ, ബാക്കിയുള്ള കാർഡിന്‍റെ പരിധിയിൽ നിങ്ങളുടെ ചെലവ് വലിയൊരു ശതമാനമായി മാറും. നിങ്ങളുടെ ചെലവഴിക്കൽ രീതിയിൽ മാറ്റമില്ലെങ്കിലും, ഈ 'ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ' (Credit Utilisation Ratio) കൂടുന്നത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിച്ചേക്കാം.
പഴയ കാർഡുകളുടെ പ്രാധാന്യം
നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന കാർഡായിരിക്കില്ല ഏറ്റവും പഴക്കമുള്ളത്. എന്നാൽ, ക്രെഡിറ്റ് ചരിത്രം പരിശോധിക്കുമ്പോൾ പഴയ കാർഡുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും പഴയ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്‍റെ ദൈർഘ്യം കുറക്കാൻ കാരണമായേക്കും. അതിനാൽ, ശക്തമായ കാരണങ്ങളില്ലാതെ ഏറ്റവും പഴക്കമുള്ള കാർഡ് റദ്ദാക്കരുത് എന്ന് സാമ്പത്തിക വിദഗ്ദർ നിർദ്ദേശിക്കുന്നു.
കാർഡ് റദ്ദാക്കേണ്ടത് എപ്പോൾ?
എല്ലാ ക്രെഡിറ്റ് കാർഡുകളും എന്നെന്നേക്കുമായി നിലനിർത്തേണ്ടതില്ല. ഉയർന്ന വാർഷിക ഫീസ് ഉള്ളതും, അധികം പ്രയോജനമില്ലാത്തതുമായ കാർഡുകൾ റദ്ദാക്കുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണ്. ഇതിനകം തന്നെ നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കാർഡ് റദ്ദാക്കുന്നത് വലിയ ദോഷം ചെയ്യില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കുടിശിക തീർക്കുക: കാർഡ് റദ്ദാക്കുന്നതിന് മുൻപ് എല്ലാ കുടിശികകളും അടച്ചുതീർക്കണം.
റീവാർഡ് പോയിന്റുകൾ: ബാക്കിയുള്ള റിവാർഡ് പോയിന്റുകൾ പ്രയോജനപ്പെടുത്തിയെന്ന് ഉറപ്പാക്കുക.
റിക്കറിങ് പേയ്‌മെന്റുകൾ: കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ഇലക്ട്രിസിറ്റി ബിൽ, സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയ ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ മറ്റൊന്നിലേക്ക് മാറ്റുക.
ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക: ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതായി അറിയിച്ചുകഴിഞ്ഞാൽ, ക്രെഡിറ്റ് റിപ്പോർട്ടിലും അത് 'ക്ലോസ്ഡ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.